“സാംസ്ക്കാരിക ” ക്വട്ടേഷൻ സംഘവും പിന്നാലെ ഇറങ്ങി

0
76

-പ്രശാന്ത് ആലപ്പുഴ-

കേന്ദ്ര ഏജൻസികളുടെ കൊട്ടേഷന് ശേഷം മലയാള മാധ്യമങ്ങൾ അവതരിപ്പിക്കുന്ന അടുത്ത കൊട്ടേഷൻ ആണ് സാംസ്കാരിക കൊട്ടേഷൻ .സാംസ്കാരിക പ്രവർത്തകർ കേരളത്തിൻറെ മനസ്സുനിറഞ്ഞ കാലഘട്ടങ്ങൾ ഉണ്ടായിരുന്നു. അത് അവരുടെ ബൗദ്ധിക സത്യസന്ധതയ്ക്ക് കേരളം നൽകിയ അംഗീകാരമാണ്.

ജോസഫ് മുണ്ടശ്ശേരിയും സുകുമാർ അഴീക്കോടും സിജെ തോമസും എം ഗോവിന്ദനും ഒക്കെ എതിർക്കുന്നവരുടപോലും ആദരവ് പിടിച്ചുപറ്റിയവരാണ്. അതുകൊണ്ടുതന്നെ അവർ ഉയർത്തിയ എതിർപ്പിന്റെ ശബ്ദത്തിന് കേൾവിക്കാർ ഉണ്ടായിരുന്നു.

ടി പി രാജീവൻ ഒക്കെ ഏതെങ്കിലും ജനനിബിഢമായ മൈതാനത്ത് 10 മിനിറ്റ് പ്രസംഗിച്ചാൽ ആ സ്ഥലം പെട്ടെന്ന് കാലിയായി കിട്ടും. ഇതിലും പെട്ടെന്ന് ആളെ ഒഴിപ്പിക്കാൻ അദ്ദേഹത്തിന്റെ സിനിമയായ നോവൽ “ഞാൻ” പ്രദർശിപ്പിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും ചെറിയ ഹാളുകളിൽ മാത്രം യോഗം ചേരുന്നത്. യോഗം എന്നൊന്നും പറഞ്ഞുകൂടാ. അൽപം വലിയ ഗൂഢാലോചന .

സാംസ്കാരിക കൊട്ടേഷൻകാർക്ക് എന്തുകൊണ്ട് നിലവിലെ സർക്കാർ മാറണം എന്നത് ലോജിക്കലായി 10 വരിയിൽ പറയാനറിയില്ല. 5 കാരണങ്ങൾ കണ്ടുപിടിക്കാൻ ഇല്ലാഞ്ഞിട്ടാണോ എന്ന് ഞാൻ കരുതുന്നില്ല. യുക്തിഭദ്രമായി സംസാരിച്ച് ശീലം ഇല്ലാഞ്ഞിട്ട് ആണ് .

ജനാധിപത്യം അതിൻ്റെ പ്രായോഗികമായ വ്യവഹാരത്തിൽ ഒന്നിലധികം ചോയ്സുകളിൽ നിന്ന് ഭേദപ്പെട്ട ഒന്നിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. ഏറ്റവും മികച്ചത് എന്നൊന്ന് ജനാധിപത്യത്തിൽ ഇല്ല .

സാമാന്യം അറിവും വിദ്യാഭ്യാസവും പൊതുവിജ്ഞാനവും ഉള്ള ജനം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് തങ്ങളുടെ ചോയ്സ് നിശ്ചയിക്കുന്നത്. രാജഗോപാൽ പറഞ്ഞതുപോലെ അറിവിനും സാക്ഷരതയ്ക്കും ജനാധിപത്യത്തിൽ വലിയൊരു പങ്കുണ്ട്.

സ്വന്തം അവകാശം എന്താണ് എന്ന് കൃത്യമായി ബോധ്യം ഇല്ലാത്തവർ വർഗീയമായ ചേരിതിരിവുകളിലും ജാതി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്ന രീതിയിലും പെട്ടു പോകാറുണ്ട് എന്നത് വാസ്തവമാണ്. ജനാധിപത്യം പുഷ്കലമാവുന്നത് ജനം എത്ര informed ആണ് എന്നതിനെ ആസ്പദമാക്കിയാണ് .

സാംസ്ക്കാരിക കൊട്ടേഷൻകാർക്ക് അത്ര കൃമികടി സഹിക്കാൻ വയ്യെങ്കിൽ വെയിലത്ത് ഇറങ്ങി രാഷ്ട്രീയ പ്രവർത്തനം നടത്തണം. സാധാരണ ജനങ്ങളോട് ഇടപഴകണം. അവർ തരുന്ന സമ്മാനം എന്തായാലും വാങ്ങിക്കണം.

അതല്ല ഏതെങ്കിലും സാംസ്കാരിക ഹാളിൽ ഗൂഢാലോചന നടത്തിയും പത്രത്തിൽ അഭിമുഖം നൽകിയും ഇടതുപക്ഷത്തെ നേരിടാമെന്നത് വ്യാമോഹമാണ്. നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ജനാധിപത്യത്തെ പ്രതി ആണയിടരുത്. സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട പെറ്റതള്ള പോലും ചിലപ്പോൾ ചാണകം മുക്കിയ ചൂല് എടുത്തേക്കും.