അസാമാന്യനേതൃപാടവം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ,ഭരണത്തുടർച്ചയുണ്ടാകും : കെ പി ഉണ്ണികൃഷ്ണൻ

0
87

സംസ്ഥാനത്ത്‌ ഭരണത്തുടർച്ചയ്‌ക്ക്‌ അനുകൂലമായ സാഹചര്യമാണുള്ളതെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്‌ണൻ. ‌പ്രതിസന്ധികളിൽ അസാമാന്യനേതൃപാടവം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയുള്ള ഇടപെടൽ തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കും–- ‘ദേശാഭിമാനി ’ക്ക്‌ അനുവദിച്ച‌ അഭിമുഖത്തിൽ ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

തുടർഭരണം കേരളത്തിൽ സാധാരണ സാധ്യമാകാറില്ല. എന്നാൽ, ഇക്കുറി സാഹചര്യം മറിച്ചാണ്‌. ഭരണവിരുദ്ധവികാരമില്ല എന്നതാണ്‌ പ്രധാനം‌. കോവിഡ്‌ മാത്രമല്ല നിപ, പ്രളയം എന്നിങ്ങനെ ഏറെ പ്രതിസന്ധികൾ ഇടതുപക്ഷ ഭരണകാലത്തുണ്ടായി. അതിനെയെല്ലാം ഇച്ഛാശക്തിയോടെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയനായി.

കെ കെ ശൈലജയടക്കം മന്ത്രിമാരും മികവുകാട്ടി. ഉന്നത രാഷ്ട്രീയ പാരമ്പര്യമുള്ള പിണറായി വിജയൻ കാട്ടിയ അനുഭവസമ്പത്തും ഭരണപാടവവും ഇടതുപക്ഷത്തിന്‌ അനുകൂലമായ വലിയ ഘടകമാണ്‌.

1991–-ൽ വടകരയിലും ബേപ്പൂരിലും കോ-ലീ-ബി മുന്നണി യാഥാർഥ്യമായിരുന്നു. അത്‌ ഇടതുപക്ഷത്തെ ശരിപ്പെടുത്താനുള്ളതായിരുന്നു. ബിജെപിയുമായുള്ള സഖ്യം അപകടമെന്ന്‌ ‌ രാജീവ്‌ഗാന്ധിയോടടക്കം പറഞ്ഞിരുന്നു.

അന്നത്‌ ‌ പ്രബുദ്ധരായ ജനങ്ങൾ പൊളിച്ചു. കേരളത്തിൽ ഇനി കോലീബി സഖ്യം വിജയിക്കില്ല. കോൺഗ്രസ്‌ തളർന്നാൽ നേട്ടം ബിജെപിക്കാകുമെന്ന ഇപ്പോഴത്തെ പ്രചാരണം യാഥാർഥ്യത്തിന്‌ നിരക്കാത്തതാണ്‌.

കോൺഗ്രസ്‌ നേതൃത്വത്തിൽ ചിലരുണ്ട്, തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യുക എന്നതാണവരുടെ നിലപാട്‌. കോൺഗ്രസിൽനിന്ന്‌ നേതാക്കൾ കൊഴിഞ്ഞുപോകുന്നത്‌ തടയാൻ കെപിസിസി പ്രസിഡന്റിനും മറ്റും സാധിക്കണം. അവർ ചെയ്യേണ്ടത്‌ ചെയ്യുന്നുണ്ടോ എന്നത്‌ ചർച്ചചെയ്യണം. ‌

കോൺഗ്രസിലെ ഗ്രൂപ്പിസം തികച്ചും വ്യക്തിപരമാണ്‌. അതിനുപിന്നിൽ രാഷ്ട്രീയ––ആദർശ നിലപാടില്ലെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. 1991–-ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ കോലീബി സഖ്യത്തെ തോൽപ്പിച്ച എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു കെ പി ഉണ്ണികൃഷ്‌ണൻ. കോൺഗ്രസിലേക്ക്‌ തിരിച്ചുപോയെങ്കിലും അവഗണിക്കപ്പെട്ടു. ഇപ്പോൾ കോഴിക്കോട്‌ പന്നിയങ്കരയിലെ ‘പത്മാലയ’ത്തിൽ വിശ്രമജീവിതം.