നാടിന്റെ വികസനത്തെ എതിർക്കുന്ന നിലപാട് കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നു: മുഖ്യമന്ത്രി

0
123

നാട്ടിലൊരു വികസനവും നടക്കാൻ പാടില്ലെന്ന ഉദ്ദേശ്യത്തിലാണ്‌ കോൺഗ്രസും ബിജെപിയും കിഫ്‌ബിയെ എതിർക്കുന്നതെന്നും അതിനാണ്‌ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്‌ കിഫ്‌ബിക്കെതിരെയോ കിഫ്‌ബി നടപ്പാക്കുന്ന എൽഡിഎഫ്‌ ഗവൺമെൻറിന്‌ എതിരേയോ ഉള്ള നീക്കത്തിന്‌ അപ്പുറമാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനം എൽഡിഎഫ്‌ സർക്കാർ ഉറപ്പുവരുത്തും അതിനാൽ കിഫ്‌ബിക്കെതിരായ ഏതാക്രമണത്തേയും ശക്‌തമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്‌ബിക്കെതിരെ കോൺഗ്രസും ബിജെപിയും ചില കേന്ദ്ര ഏജൻസികളും ഉണ്ടാക്കാൻ നോക്കിയ ഒരു പ്രശ്‌നത്തിന്‌ ബിജെപി ഗവർമെൻറ്‌ തന്നെ മറുപടി പറഞ്ഞിരിക്കുയാണ്‌. കിഫ്‌ബി മസാല ബോണ്ട്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അംഗീകാരത്തോടെയാണെന്ന്‌ പാർലമെൻറിൽ മറുപടി നൽകിയിരിക്കുന്നു. ഇത്‌ യുഡിഎഫിലെ 3 എം പിമാർ ചോദിച്ച ചോദ്യത്തിനള്ള മറുപടിയാണ്‌.

മസാല ബോണ്ടിൽ വിദേശനാണ്യ വിനിമയത്തിന്റെ (ഫെമയുടെ) ലംഘനം നടന്നു എന്നാണ്‌ നേരത്തെ യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചിരുന്നത്‌. കിഫ്‌ബിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ നടത്തിയ നീക്കം എല്ലാവർക്കും അറിയാം. അതിപ്പോൾ വ്യക്‌തമായല്ലോ.

നാട്ടിലൊരു വികസനം നടക്കാൻ പാടില്ല. ആ ഉദ്യേശത്തോടെയാണ്‌ കിഫ്‌ബിക്കെതിരെയുള്ള ആക്രമണം. ബജറ്റിന്‌ പുറത്ത്‌ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ ഫണ്ട്‌ കണ്ടെത്തുന്നതിനാണ്‌ കിഫ്‌ബി പുന:സംഘടിപ്പിച്ചത്‌. അത്‌ നടപ്പാക്കാൻ പാടില്ലെന്നാണ്‌ പറയുന്നത്‌. അതിനാണ്‌ വലിയ തോതിലുള്ള ആക്രമണം കിഫ്‌ബിക്കെതിരെ അഴിച്ചുവിട്ടത്‌.

പഴ്‌ചാത്തല സൗകര്യ വികസനത്തിന്‌ വേണ്ടിയുള്ള സംവിധാനങ്ങൾ ഭാവിയിൽ രണ്ട്‌ ദശാബ്‌ദത്തെ എങ്കിലും വർഷംതോറുമുള്ള വരുമാനവും മറ്റും വകയിരുത്തികൊണ്ടാണ്‌ കിഫ്‌ബി പ്രോജക്‌റ്റുകൾ അനുവദിക്കുന്നത്‌. ഒരു വർഷം പോലും ബാധ്യതകൾ വരുമാനത്തേക്കാൾ അധികരിക്കില്ല എന്ന ഉറപ്പും വരുത്തിയിട്ടുണ്ട്‌. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചാണ്‌ കിഫ്‌ബി പ്രവർത്തിക്കുന്നത്‌.

43250കോടിയുടെ 889 പദ്ധതികൾക്ക്‌ കിഫ്‌ബി അംഗീകാരം നൽകി. വ്യവസായ പാർക്കിന്‌ ഭൂമി ഏറ്റെടുക്കുന്നതിനും തുക വകയിരുത്തി. പല പോജക്‌റ്റുകളും പണി തുടങ്ങുകയോ അവാർഡ്‌ ചെയ്യുകയോ ചെയ്‌തിട്ടുണ്ട്‌. അവയെയെല്ലാം 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കും . ആവശ്യമായ ഭൂമിയും ഏറ്റെടുക്കും. പശ്‌ചാത്തല സൗകര്യങ്ങളെ ഏറ്റവും മികച്ചതാക്കി മാറ്റും.

പൊതുമരാമത്ത്‌ മേഖലയിൽ പാലങ്ങൾ ,റോഡുകൾ , ഓവർ ബ്രീഡ്‌ജുകൾ എന്നിവയും നിർമ്മിക്കും. അവയിൽതന്നെ മലയോര ഹൈവേയും തീരദേശ ഹൈവേയും നിർമ്മിക്കും. ആരോഗ്യ,വിദ്യാഭ്യാസ , വിവര വിനിമയ മേഖലയിലും വികസനം സാധ്യമാക്കും. അതിൽ പ്രധാനം 1063 കോടിരൂപയുടെ കെ ഫോൺ പദ്ധതിയാണ്‌. വൈദ്യുതി , സ്‌പോർട്സ്‌ മേഖലയിലും വികസനം സാധ്യമാക്കും. പുതിയ കുടിവെള്ള പദ്ധതികൾ സാധ്യമാക്കും. ഇതൊന്നും പാടില്ലെന്നാണ്‌ കോൺഗ്രസും യുഡിഎഫും ബിജെപിയും പറയുന്നത്‌.

മഹാപ്രളയത്തിൽ വലിയ നാശനഷ്‌ടം ആണല്ലോ നമുക്ക്‌ സംഭവിച്ചത്‌. രക്ഷപ്പെടാൻ മതിയായ സഹായം വേണമായിരുന്നു. എന്നാൽ ഒരു സഹായവും നൽകാൻ പാടില്ല എന്ന്‌ ആഹ്വാനം ചെയ്‌തവരാണവർ. അത്‌ ജനത്തിനറിയാം .

എൽഡിഎഫ്‌ പ്രകടനപത്രികയിൽ തുടർന്നും 60000 കോടിരൂപയുടെ പശ്‌ചാത്തല സൗകര്യ വികസനം ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിർമാണത്തിന്‌ കിഫ്‌ബിയില നിന്നാണ്‌ സഹായം നൽകുന്നത്‌. നാടിന്റെ വികസനം ഉറപ്പുവരുത്താനുള്ള നടപടിയുണ്ടാകും. അതിനാൽ കിഫ്‌ബിക്കെതിരായ ഏതാക്രമണത്തേയും ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.