ഇന്ന്‌ ഭഗത്‌സിങ്ങിന്റെ 90–-ാം രക്‌തസാക്ഷിത്വവാർഷിക ദിനം‌

0
137

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരവിപ്ലവകാരിയായിരുന്നു ഭഗത് സിങ്‌. ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയൽപുർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28നാണ് ഭഗത് സിങ്‌ ജനിച്ചത്.

ബാല്യകാലംമുതൽതന്നെ ഭഗത് സിങ്‌ ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിന്‌ മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നും വിശേഷിപ്പിക്കുന്നു.

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് ഭഗത് സിങ്‌. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസിലാണ്‌ 1931 മാർച്ച്‌ 23ന്‌ അദ്ദേഹത്തെയും രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെയും തൂക്കിലേറ്റിയത്‌. ഭഗത് സിങ്ങിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചു.

ഭഗത്‌സിങ്ങിന്റെ സഹോദരിപുത്രി ഗുർജീത്ത്‌ കൗർ ദേശാഭിമാനിയോട് സംസാരിക്കുന്നു.

1. കൊളോണിയൽ ഭരണത്തിനെതിരായി എന്നതുപോലെ അനീതിക്കും അസമത്വത്തിനുമെതിരായി കൂടിയാണ്‌ ഭഗത്‌സി‌ങ്‌ പൊരുതിയത്‌. ഭഗത്‌സി‌ങ്‌ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ നേരവകാശികളായി രാജ്യത്ത്‌ ഇന്ന്‌ ഏത്‌ പ്രസ്ഥാനത്തെയാണ്‌ നോക്കിക്കാണാനാവുക?

● എല്ലാവർക്കും തുല്യനീതി എന്നതായിരുന്നു ഭഗത്‌സിങ്ങിന്റെ മുദ്രാവാക്യം. ചൂഷണത്തിനും അസമത്വത്തിനുമെതിരായി അദ്ദേഹം നിലകൊണ്ടു. ഭഗത്‌സിങ്ങിന്റെ ഈ മുദ്രാവാക്യങ്ങൾ നിലവിൽ ഉയർത്തിപ്പിടിക്കുന്നത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌. കർഷകസമരം അതിന്‌ നല്ല ഉദാഹരണമാണ്‌. തങ്ങളുടെ സമരത്തിന്‌ രാഷ്ട്രീയമില്ലെന്ന്‌ കർഷകസംഘടനകൾ പറയുന്നുണ്ട്‌.

എന്നാൽ, കർഷകർക്ക്‌ ദിശാബോധമേകുന്നത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌. തീവ്രസ്വകാര്യവൽക്കരണത്തിനെതിരായും പൊതുമേഖലാ സംരക്ഷണത്തിനായും നിലകൊള്ളുന്നതും ഇടതുപക്ഷമാണ്‌. ഇപ്പോഴത്തെ ഈ സമരപരിപാടി തന്നെ ഉദാഹരണം. തൊഴിലാളികളെയും കർഷകരെയും യോജിപ്പിച്ചുകൊണ്ട്‌ ഡൽഹിയിലേക്ക്‌ പദയാത്ര സംഘടിപ്പിക്കുകയാണ്‌. കുത്തകകൾക്ക്‌ സഹായകമായ കാർഷിക നിയമങ്ങൾക്കെതിരായാണ്‌ കർഷകരുടെ സമരം.

തൊഴിലാളികളാകട്ടെ മോഡി സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമങ്ങൾക്കെതിരായി പ്രക്ഷോഭത്തിലാണ്‌. ഈ രണ്ട്‌ നിയമപരിഷ്‌കാരവും ചൂഷണത്തിന്‌ വഴിവയ്‌ക്കുന്നതാണ്‌. ചൂഷണത്തിനെതിരായാണ്‌ ഭഗത്‌സിങ്‌ നിലകൊണ്ടത്‌. ഇടതുപക്ഷത്തിന്റെയും ഈ ആശയഗതി തന്നെ.

കോൺഗ്രസ്‌, അകാലിദൾ തുടങ്ങിയ മറ്റ്‌ പാർടികൾ സമരവേദികളിൽ മുഖംകാട്ടാൻ മാത്രമാണ്‌ തൽപ്പരർ. കർഷകർക്കും തൊഴിലാളികൾക്കും ഒപ്പംനിന്ന്‌ സമരപരിപാടികൾ സംഘടിപ്പിക്കാൻ അവർക്കാകുന്നില്ല. അവിടെയാണ്‌ ഇടതുപക്ഷം മറ്റ്‌ പാർടികളിൽനിന്ന്‌ വ്യത്യസ്‌തമാകുന്നത്‌. രാജ്യത്ത്‌ വലിയൊരു രാഷ്ട്രീയ ശക്തിയല്ലെങ്കിലും പല സമരങ്ങൾക്കും പ്രത്യേകിച്ച്‌ ചൂഷണത്തിനെതിരായ ജനകീയ മുന്നേറ്റങ്ങൾക്ക്‌ ഇപ്പോഴും ഊർജമാകുന്നത്‌ ഇടതുപക്ഷം തന്നെ.

2. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പാണ്‌. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വലിയ തിരിച്ചടി നേരിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരോടായി എന്താണ്‌ പറയാനുള്ളത്‌?

● സമ്മതിദാനാവകാശം വളരെ ചിന്തിച്ച്‌ മാത്രം വിനിയോഗിക്കുക. ശരിയായ രാഷ്ട്രീയം ഏതെന്ന്‌ തിരിച്ചറിയുക. ഇപ്പോഴത്തെ കേന്ദ്രഭരണം ചുരുക്കം വൻകിടക്കാർക്കായി മാത്രമാണ്‌. ബഹുഭൂരിപക്ഷം സാധാരണക്കാർക്കും കേന്ദ്രഭരണം സമ്മാനിക്കുന്നത്‌ ദുരിതം മാത്രമാണ്‌. അതിൽ തന്നെ കർഷകരും തൊഴിലാളികളുമാണ്‌ ഏറെ ദുരിതത്തിൽ.

അവർ പറയുന്നതിനോട്‌ സർക്കാർ ചെവികൊടുക്കുന്നില്ല. തങ്ങളെ കേൾക്കാത്തവർക്ക്‌ വോട്ടുചെയ്യണോയെന്ന്‌ ജനങ്ങൾ ചിന്തിക്കണം. ആരാണ്‌ തങ്ങൾക്ക്‌ വേണ്ടി ശബ്‌ദമുയർത്തുന്നതെന്ന്‌ തിരിച്ചറിയണം. കേരളം ഇടതുപക്ഷം ശക്തമായ സംസ്ഥാനമാണ്‌.

കേരളത്തിലെ ജനങ്ങൾ ഔചിത്യത്തോടെ വോട്ടവകാശം വിനിയോഗിക്കുന്നവരാണ്‌. കാർഷിക നിയമങ്ങൾക്കെതിരായി നിലപാട്‌ സ്വീകരിച്ചത്‌ ആരെന്ന ബോധ്യം അവർക്കുണ്ടാകും. തെരഞ്ഞെടുപ്പും ഒരു സമരായുധമാണ്‌. സർക്കാരിന്‌ മേൽ സമ്മർദമേറ്റാൻ തെരഞ്ഞെടുപ്പുകൾക്കാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ മോഡി സർക്കാരിന്‌ ഒരു പാഠമാകേണ്ടതുണ്ട്‌.

3. മാർച്ച്‌ 23 ഭഗത്‌സിങ്ങിന്റെ 90–-ാം രക്തസാക്ഷിത്വ വാർഷികദിനമാണ്‌. സമരത്തിലുള്ള കർഷകർക്ക്‌ ഭഗത്‌സിങ്‌ എങ്ങനെയാണ്‌ പ്രചോദനമാകുന്നത്‌?

● ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വം നല്ല നാളെകൾ സ്വപ്‌നം കണ്ടായിരുന്നു. ചൂഷണരഹിതമായ സമൂഹസൃഷ്ടി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ. ഈസ്‌റ്റ്‌ഇന്ത്യാ കമ്പനിയുടെ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരായാണ്‌ ഭഗത്‌സിങ് പൊരുതിയത്‌.

വെളുത്തനിറക്കാരായ സായ്‌പ്പൻമാർക്ക്‌ പകരം കറുത്തനിറക്കാരായ സായ്‌പ്പൻമാരിലേക്ക്‌ അധികാരം മാറിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച്‌ അദ്ദേഹം മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇന്നിപ്പോൾ ഈസ്‌റ്റ്‌ഇന്ത്യാ കമ്പനിക്ക്‌ പകരമായി മറ്റുചില കുത്തക കമ്പനികളാണ്‌.

അവരുടെ ലാഭവർധനവിനാണ്‌ ഭരണം. ഭഗത്‌സിങ്ങിന്റെ കാലത്തെ അതേ സ്ഥിതിവിശേഷം തന്നെ. എല്ലാം സ്വകാര്യവൽ‌ക്കരിക്കുകയാണ്‌. രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം വൻകിടക്കാർ കൈയടക്കുകയാണ്‌. ദരിദ്രർ കൂടുതൽ ദരിദ്രരാവുന്നു. ഈയൊരു നയത്തിനെതിരായി കൂടിയാണ്‌ കർഷകസമരം. അത്‌ അനുദിനം ശക്തിപ്രാപിക്കുകയാണ്‌. ഭഗത്‌സിങ്ങിന്റെ സ്‌മരണകൾ കർഷകരുടെ പോർവീര്യത്തെ കൂടുതൽ ജ്വലിപ്പിക്കും.

4. കർഷകസമരം ഏഴുമാസമായി തുടരുകയാണ്‌. ഡൽഹി കേന്ദ്രീകരിച്ചുള്ള സമരം നാലുമാസമായി. എന്നാൽ, നിലപാടിൽ അൽപ്പം പോലും അയവുവരുത്താൻ മോഡി സർക്കാർ കൂട്ടാക്കുന്നില്ല. എന്താകും സമരത്തിന്റെ ഭാവി?

● രണ്ടുമാസത്തിലേറെയായി ഡൽഹിയിലെ സമരകേന്ദ്രങ്ങളിലുണ്ട്‌. ഒരുപാട്‌ കർഷകരോട്‌ സംവദിച്ചു. കാർഷിക നിയമങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച്‌ അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്‌. കുത്തകകളുടെ കടന്നുവരവോടെ തങ്ങളുടെ സ്ഥിതി എന്താകുമെന്ന നല്ല ബോധ്യം കർഷകർക്കുണ്ട്‌.

അതുകൊണ്ടു തന്നെയാണ്‌ അവർ ദൃഢനിശ്‌ചയത്തോടെ സമരമുഖത്ത്‌ നിലകൊള്ളുന്നതും. ഡൽഹിയിലെ സമരകേന്ദ്രങ്ങളിൽ എത്രനാൾ തുടരാനും അവരൊരുക്കമാണ്‌. ആവശ്യമെങ്കിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ അവർ സമരം തുടരും. സർക്കാർ കൂടുതൽ സമയം എടുക്കുന്തോറും പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കും. കൂടുതലാളുകളിലേക്ക്‌ സമരസന്ദേശം എത്തും. എന്തായാലും സർക്കാരിന്‌ മുട്ടുമടക്കേണ്ടതായി വരും.

5. പഞ്ചാബിലും ഹരിയാനയിലും മാത്രമാണ്‌ സമരമെന്നാണ്‌ മോഡിയുടെ പരിഹാസം. എല്ലാവർക്കും എംഎസ്‌പി നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്താണ്‌ യാഥാർഥ്യം?

● സമരത്തെ ദുർബലപ്പെടുത്താൻ സർക്കാർ പടച്ചുവിടുന്ന നിരവധിയായ നുണക്കഥകളിൽ ചിലത്‌ മാത്രമാണിത്‌. സമരക്കാരെയാകെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. പഞ്ചാബുകാർ മാത്രമാണ്‌ സമരത്തിലെന്ന്‌ പ്രചരിപ്പിച്ചു. കാർഷിക നിയമങ്ങളുടെ അപകടം ആദ്യം തിരിച്ചറിഞ്ഞത്‌ പഞ്ചാബുകാരാണ്‌.

സമരത്തിന്‌ തുടക്കമായതും അവിടെയാണ്‌. അത്‌ വാസ്‌തവമാണ്‌. എന്നാൽ, പിന്നീട്‌ സമരം ഹരിയാനയിലേക്കും യുപിയിലേക്കും രാജസ്ഥാനിലേക്കുമെല്ലാം പടർന്നു. മഹാരാഷ്ട്രയിലേക്കും കർണാടകയിലേക്കുമെല്ലാം വ്യാപിച്ചു. ഇപ്പോഴിതൊരു രാജ്യവ്യാപകസമരമാണ്‌.

എംഎസ്‌പി ഇല്ലാതാകുമെന്നത്‌ പഞ്ചാബിലെ കർഷകർക്ക്‌ തിരിച്ചടിയാണ്‌. പല സംസ്ഥാനങ്ങളിലും നേരത്തെ തന്നെ എംഎസ്‌പി ഇല്ല. ബിഹാറിലും മറ്റും നേരത്തെ തന്നെ എടുത്തുകളഞ്ഞു. ഇപ്പോൾ രാജ്യമാകെ എംഎസ്‌പി ആവശ്യപ്പെടുകയാണ്‌. എംഎസ്‌പിക്ക്‌ നിയമപരിരക്ഷ ആവശ്യപ്പെടുകയാണ്‌.

സംഭരണസംവിധാനങ്ങൾ ആവശ്യപ്പെടുകയാണ്‌. അടിച്ചമർത്തൽ ഭരണം എവിടെയും ശാശ്വതമായി തുടർന്നിട്ടില്ല. ഹിറ്റ്‌ലറും മറ്റും അനുഭവമായി മുന്നിലുണ്ട്‌. തണുപ്പും വെയിലുമേറ്റാണ്‌ ഈ സമരം. എത്ര പേർ മരിച്ചു. സർക്കാരിന്‌ നിശ്‌ചയമായും നിലപാട്‌ മാറ്റേണ്ടതായി വരും.