കനലോർമയിലുണ്ട്‌ കോൺഗ്രസിന്റെ ചീമേനിയിലെ നരമേധം

0
83

ചീമേനിയിലെ എം ബാലകൃഷ്ണന്റെ കൺമുന്നിലുണ്ട്‌ ഇപ്പോഴും ആ ദൃശ്യം. 1987 മാർച്ച്‌ 23 ന്റെ നടുക്കുന്ന ഓർമകൾ. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രക്തദാഹികളായ കോൺഗ്രസുകാർ സംഘം ചേർന്ന്‌ നടത്തിയ നരനായാട്ടിൽ ചീമേനിയിൽ പൊലിഞ്ഞത്‌ അഞ്ചു സഖാക്കളുടെ ജീവൻ.

കോൺഗ്രസുകാരുടെ കൊലക്കത്തിയിൽനിന്ന്‌ ജീവച്ഛവമായി രക്ഷപ്പെട്ട എം ബാലകൃഷ്‌ണൻ നടുക്കുന്ന ആ ഓർമകളുമായാണ്‌ ഇന്നും ജീവിക്കുന്നത്‌. ഓഫീസിന്റെ വാതിൽ പുറത്തുനിന്ന്‌ അടച്ചശേഷം വെട്ടിയും കുത്തിയും പെട്രോളൊഴിച്ച്‌ തീയിട്ടുമാണ്‌ പ്രിയ സഖാക്കളെ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌.

അക്കാലത്ത് ചീമേനിയും പരിസരവും കോൺഗ്രസ് ഗുണ്ടകളുടെ വിളയാട്ടകേന്ദ്രമായിരുന്നു. കമ്യൂണിസ്റ്റുകാരായ പാവങ്ങളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്ന കാലം. ഇ കെ നായനാരായിരുന്നു അന്ന്‌ തൃക്കരിപ്പൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണ്ടാപ്പടയെ കൂസാതെ ചീമേനിയിലെ പാർടി പ്രവർത്തകർ സധൈര്യം ഇറങ്ങി. മാർച്ച്‌ 23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ്‌ ബൂത്ത് ഏജന്റുമാരും മറ്റും ചീമേനിയിലെ പാർടി ഓഫീസിൽ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. പുറത്ത് ശബ്ദംകേട്ട്‌ നോക്കിയപ്പോൾ കണ്ടത് മാരകായുധങ്ങളേന്തി കൊലവിളി നടത്തുന്ന കോൺഗ്രസുകാരെയാണ്‌.

‘‘ഞങ്ങൾ വാതിൽ കൊട്ടിയടച്ചു. എന്തുചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ.
അവർ ഒരുഭാഗത്തെ മരജനാല മഴുകൊണ്ട് കൊത്തിക്കീറി. വൈക്കോൽ നിറച്ച് പെട്രോളും മണ്ണെണ്ണയും ഒഴിച്ച്‌ തീയിട്ടു. മേൽക്കൂരയിലും തീയിട്ടു. നിമിഷങ്ങൾക്കുള്ളിൽ തീഗോളമുയർന്നു. അകത്തുള്ളവർ വെന്തുമരിക്കുമെന്നുറപ്പായി’’–- ബാലകൃഷ്ണൻ വിവരിച്ചു.

‘‘രണ്ടും കൽപ്പിച്ച്‌ ഓരോരുത്തരായി പുറത്തേക്കുചാടി. പുറത്തുകടന്ന സഖാക്കളുടെ നിലവിളിയാണ്‌ പിന്നെ കേട്ടത്‌. ഞാനും ജനലിലൂടെ പുറത്തെത്തി. അവർ കല്ലുകൊണ്ട് തലയുടെ പിന്നിൽ ആഞ്ഞടിച്ചു. കൊടുവാൾകൊണ്ട് വെട്ടി. നാട്ടുകാരനായ കെ ടി കുഞ്ഞിരാമേട്ടൻ ഓടിയെത്തി.

താങ്ങിപ്പിടിച്ച് ഒരുഭാഗത്ത് എത്തിച്ചെങ്കിലും മറുഭാഗത്തുനിന്നെത്തിയ ഗുണ്ടാസംഘം ആക്രോശിച്ചു–- ഇവനെ ജീവനോടെ വിട്ടാൽ ഒറ്റും. പിന്നെയും വെട്ടി. ബോധം വീണപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അവിടെക്കിടന്നാണ്‌ പ്രിയസഖാക്കളുടെ ദാരുണാന്ത്യം അറിഞ്ഞത്‌.

ആദ്യം പുറത്തുചാടിയ ആലവളപ്പിൽ അമ്പുവിനെ വെട്ടിയും കുത്തിയും കൊന്നു. പിന്നാലെ സി കോരൻ, പി കുഞ്ഞപ്പൻ, എം കോരൻ. സി കോരന്റെ വലതുകൈ അറുത്തുമാറ്റിയശേഷമാണ് കൊന്നത്. പി കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലിൽ പൊതിഞ്ഞ് ചുട്ടുകൊല്ലുകയായിരുന്നു. ബസ് കാത്തുനിൽക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ കല്ലുകൊണ്ട് അടിച്ചുകൊന്നത്’’.