ഇഡിയെ പേടിച്ച്‌ ഇബ്രാഹിംകുഞ്ഞ്‌; ചോദ്യംചെയ്യലിന്‌ ഹാജരായില്ല

0
99

‘ചന്ദ്രിക’യുടെ അക്കൗണ്ടിൽ പത്തുകോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിൽ ചോദ്യംചെയ്യലിന്‌ ഹാജരായില്ല. തിങ്കളാഴ്ച രാവിലെ ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ്‌ നോട്ടീസ്‌ നൽകിയത്‌. ശാരീരിക അവശതകളാൽ ചോദ്യംചെയ്യലിനു ഹാജരാകാനാകില്ലെന്ന്‌‌ ഇബ്രാഹിംകുഞ്ഞ്‌ അറിയിച്ചു‌. ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ്‌ ഇഡിയുടെ നീക്കം.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട്‌‌ പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത്‌ വെളുപ്പിച്ചു എന്നാണ്‌ കേസ്‌. മുസ്ലീംലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ പേരിൽ പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ്‌ റോഡ്‌ ബ്രാഞ്ചിലെ അക്കൗണ്ടിലാണ്‌ പത്തുകോടി രൂപ നിക്ഷേപിച്ചത്‌. കള്ളപ്പണനിക്ഷേപത്തിന്‌ ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയതിന്റെ രേഖകൾ വിജിലൻസ്‌ റെയ്‌ഡിൽ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തതിനാലാണ്‌ ഇബ്രാഹിംകുഞ്ഞ്‌ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നതെന്നാണ്‌ കരുതുന്നത്‌. അഴിമതിക്കേസിൽ പ്രതിയായതോടെ ഇബ്രാഹിംകുഞ്ഞിന്‌ സീറ്റ്‌ കിട്ടിയില്ല. മകനാണ്‌ കളമശേരിയിൽ യുഡിഎഫ്‌ സ്ഥാനാർഥി. പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ വിജിലൻസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോഴും അസുഖങ്ങളുടെ പേരിൽ ഇബ്രാഹിംകുഞ്ഞ്‌ ജയിലിൽ പോകാൻ തയ്യാറായില്ല. പിന്നീട്‌ അക്കാര്യംതന്നെ പറഞ്ഞ്‌ ജാമ്യത്തിലുമിറങ്ങി. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച്‌ യാത്രകൾ ചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്‌തത്‌ വിവാദമായി.

കളമശേരി സ്വദേശി ജി ഗിരീഷ്‌ബാബു നൽകിയ കേസിലാണ്‌ ഇഡി കേസെടുത്തത്‌. കേസെടുക്കാൻ വൈകിയപ്പോൾ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ്‌ ഇഡി അന്വേഷണമാരംഭിച്ചത്‌. തുടർന്ന്‌ ഒക്‌ടോബറിൽ ഇഡി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്‌തു.