‘എൽഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ‘ തോമസ് ഐസക്

0
82

എൽഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. മത്സ്യമേഖലയിലെ എൽഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകളിലെ നിലപാടുകൾ വളരെ സമാനമാണ് എന്ന് പലരും നിരീക്ഷിച്ചു കണ്ടു.

ഇതിനൊരു പ്രധാന കാരണം എൽഡിഎഫ് പ്രകടനപത്രിക പുറത്തു വന്നു കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എൽഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ചെയ്തത് എന്ന് തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

തീരദേശത്തിന്റെ്യും, മത്സ്യത്തൊഴിലാളികളുടെയും സമഗ്ര വികസനമാണ് എൽഡിഎഫ് മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ മുന്നോട്ടുവയ്ക്കുന്ന കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ചിലർ ഏറ്റെടുത്ത് ഞങ്ങളെ കടന്നാക്രമിക്കാൻ പല കോണുകളിൽ നിന്നും ശ്രമിക്കുന്നതിന്റെ കാരണമെന്തെന്ന് കണ്ടെത്താൻ പാഴൂർ പടി വരെ പോകേണ്ടതില്ല. – ധനമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

മത്സ്യമേഖലയിലെ എൽഡിഎഫ്, യുഡിഎഫ് പ്രകടന പത്രികകളിലെ നിലപാടുകൾ വളരെ സമാനമാണ് എന്ന് പലരും നിരീക്ഷിച്ചു കണ്ടു. ഇതിനൊരു പ്രധാന കാരണം എൽഡിഎഫ് പ്രകടനപത്രിക പുറത്തു വന്നു കഴിഞ്ഞതിനു ശേഷമാണ് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എൽഡിഎഫിന്റെ പല നിലപാടുകളും യുഡിഎഫ് കോപ്പിയടിക്കുകയാണ് ചെയ്തത്.

ഉദാഹരണത്തിന് യുഡിഎഫ് പ്രകടനപത്രികയിൽ ഇതാണ് ആദ്യത്തെ പ്രഖ്യാപനം. “കടലിന്റെ അവകാശം കടലിൻ്റെ മക്കൾക്ക് ഉറപ്പു വരുത്തുന്ന നടപടികൾ സ്വീകരിക്കും. മത്സ്യബന്ധന അവകാശവും, ആദ്യ വില്പനാ അവകാശവും മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തും”. യുഡിഎഫ് ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നത്. 2016-ലെ മാനിഫെസ്റ്റോ വേണമെങ്കിൽ എടുത്തു വായിച്ചോളൂ. ഇതിനെപ്പറ്റി ഒരു പരാമർശംപോലും ഇല്ല. ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്കു തുറന്നു കൊടുത്ത നരസിംഹ റാവുവിന്റെ പിന്തുടർച്ചക്കാർക്ക് ഇങ്ങനെയൊരു വാഗ്ദാനം നൽകുവാൻ കഴിയുമോ?

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിലപാടിന് നീണ്ട ഒരു ചരിത്രമുണ്ട്. ടി.കെ. രാമകൃഷ്ണൻ മത്സ്യവകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ 1987-91 കാലത്ത് ഡോ. ജോൺ കുര്യന്റെയും, ഫിഷറീസ് ഡയറക്ടർ സഞ്ജീവ് ഘോഷിന്റെയും നേതൃത്വത്തിൽ സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയൻ അടക്കമുള്ള ട്രേഡ് യൂണിയൻ സംഘം നോർവെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും, അവിടത്തെ അക്വേറിയൻ റിഫോംസിനെ കുറിച്ച് പഠിക്കുകയും ചെയ്തു. ഇത്തരമൊരു നിയമം കേരളത്തിലും കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാൽ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. നരസിംഹ റാവുവിന്റെ ആഴക്കടൽ തുറന്നുകൊടുക്കൽ നടപടിക്കുശേഷം നിയമ നിർമ്മാണം അവഗണിക്കപ്പെടുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ കേരള പഠന കോൺഗ്രസിൽ ഇത്തരമൊരു ആവശ്യത്തെക്കുറിച്ചു ശക്തമായ ചർച്ച നടന്നു. അതിനു തുടർച്ചയായി രൂപം നൽകിയ 2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിൽ ഇതുവളരെ വിശദമായി ഉൾക്കൊള്ളിക്കുകയും ചെയ്തു. ഇതിൽ ഒരു കാര്യമേ നടപ്പാക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ആദ്യ വിൽപ്പന അവകാശം മത്സ്യത്തൊഴിലാളിക്ക് ഉറപ്പു വരുത്തുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തി.

ഇന്നു നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എൽഡിഎഫ് നിലപാട് 2021-ലെ മാനിഫെസ്റ്റോയിൽ വിശദമായി ആവർത്തിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യം ഇതു സംബന്ധിച്ച് പ്രായോഗിക നടപടിയിലേയ്ക്കു വരും വർഷങ്ങളിൽ കാര്യങ്ങൾ നീക്കുമെന്നു പ്രതീക്ഷിക്കാം. അതിനുള്ള ഉറപ്പാണ് എൽഡിഎഫ് മാനിഫെസ്റ്റോ നൽകുന്നത്. യുഡിഎഫിന് ഞാൻ വിവരിച്ച ചരിത്രത്തിൽ ഒന്നും ഒരു സ്ഥാനവുമില്ല. എന്നാൽ പൊടുന്നനെ ഇത്തവണത്തെ മാനിഫെസ്റ്റോയിൽ കടൽ കടലിൻ്റെ മക്കൾക്ക് എന്ന മുദ്രാവാക്യം സ്ഥാനം പിടിച്ചിരിക്കുകയാണ്. വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണത്.

തീരദേശ പാക്കേജിനെ ചിലരെങ്കിലും പരിഹസിച്ചു കണ്ടു. തീരദേശ പാക്കേജ് വെറും വാചകമടിയല്ല. കൃത്യമായി ബഡ്ജറ്റിൽ പണം മാറ്റി വച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീരസംരക്ഷണ പ്രവർത്തനങ്ങൾ, ഹാർബറുകൾ, പുനരധിവാസം, പാർപ്പിടം, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ നവീകരണം, തൊഴിലിൻ്റെ വൈവിധ്യവൽക്കരണം, റോഡുകളുടെ നവീകരണം ഇവയെല്ലാം ഇതിൽപ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തീരദേശത്ത് ചിലവഴിച്ചതിന്റെെ 4 മടങ്ങ് തുക ഇപ്പോൾ ഈ പാക്കേജിന്റെറ ഫലമായി തീരദേശത്ത് ചിലവഴിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിൻ്റെ കാര്യം ഒന്നുമാത്രമെടുക്കാം. കുട്ടികളുടെ എണ്ണം നോക്കാതെ മുഴുവൻ സർക്കാർ സ്കൂളുകളും തീരദേശത്ത് നവീകരിക്കുകയുണ്ടായി, വിദ്യാഭ്യാസ ഗ്രാൻഡിൽ ഇന്ന് കുടിശ്ശിക ഇല്ല. സ്കൂളിനു പുറത്ത് പ്രതിഭാതീരം പോലുള്ള പഠന പിന്തുണാ പരിപാടികൾ നടപ്പാക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് വിദ്യാതീരം പദ്ധതിയാണ്. ഇതിൻ്റെ ഭാഗമായി 600 കുട്ടികളെ പാലാ അടക്കമുള്ള സ്ഥലങ്ങളിൽ എൻട്രൻസ് കോച്ചിംഗിന് സർക്കാർ ചെലവിൽ അയച്ചു. 54 കുട്ടികൾക്കു മെരിറ്റിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചു. ഇത് പോലെ ഓരോ മേഖലയെയും കുറിച്ച് എഴുതുവാനാകും.

ചില സുഹൃത്തുക്കളുടെ വിമർശനം തീരസംരക്ഷണത്തിനു സ്വീകരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചാണ്. കടൽ ഭിത്തിയും പുലിമുട്ടുകളും ഒന്നും സ്ഥായിയായ പരിഹാരങ്ങൾ അല്ല എന്ന കാര്യത്തിൽ എനിക്കും അഭിപ്രായ വ്യത്യാസമില്ല. പിന്നെ എന്താണ് പ്രായോഗികമായി ഇപ്പോൾ ചെയ്യുവാൻ പറ്റുക. ഫലപ്രദമായ ബദലുകൾ മുന്നോട്ട് വയ്ക്കുവാൻ കഴിയുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് ഭിത്തിക്കും, പുലിമുട്ടിനും കടലാക്രമണം ഏറ്റവും രൂക്ഷമായ പ്രദേശങ്ങൾക്കു വേണ്ടി കിഫ്ബിയിൽ നിന്ന് പണം വകയിരുത്തുന്നതിനോടൊപ്പം ബദൽ മാർഗ്ഗങ്ങൾ തേടുന്നതിന് ഇടതു പ്രകടനപത്രിക ശ്രമിക്കുന്നത്. ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് പൂന്തുറയിലെ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പരീക്ഷണമാണ്. അതോടൊപ്പം ജൈവ സംരക്ഷണ സാധ്യതകളും ആരായേണ്ടതുണ്ട്. പുനർഗേഹം പദ്ധതിയുടെ ഭാഗമായി 50 മീറ്റർ പരിധിയിൽ നിന്നും ആളുകൾ മാറി താമസിക്കുമ്പോൾ ആ പ്രദേശം ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് കാഴ്ചപ്പാട്.

തീരദേശത്തിന്റെ്യും, മത്സ്യത്തൊഴിലാളികളുടെയും സമഗ്ര വികസനമാണ് എൽഡിഎഫ് മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ മുന്നോട്ടുവയ്ക്കുന്ന കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ചിലർ ഏറ്റെടുത്ത് ഞങ്ങളെ കടന്നാക്രമിക്കാൻ പല കോണുകളിൽ നിന്നും ശ്രമിക്കുന്നതിന്റെ കാരണമെന്തെന്ന് കണ്ടെത്താൻ പാഴൂർ പടി വരെ പോകേണ്ടതില്ല.