മധ്യപ്രദേശിൽ ക്രൈസ്തവരെ വേട്ടയാടുന്നു , ‘ലൗ ജിഹാദ്‌’ ആയുധമാക്കാൻ ആർഎസ്‌എസ്

0
74

‘ലൗ ജിഹാദ്‌’ ആയുധമാക്കാൻ ആർഎസ്‌എസ് ഒരുങ്ങുന്നു. സുപ്രീം കോടതി പോലും തള്ളിയ ലൗ ജിഹാദിനെതിരെ നിയമം നിർമിക്കുന്ന സംസ്ഥാനങ്ങൾക്ക്‌‌ പിന്തുണ നൽകുമെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറിയായി (സർ കാര്യവാഹക്‌) തെരഞ്ഞെടുത്ത ദത്താത്രേയ ഹോസബലെ പറഞ്ഞു. പെൺകുട്ടികളെ വശീകരിച്ച്‌ വിവാഹം കഴിക്കുകയും മതംമാറ്റുകയും മറ്റു രാജ്യങ്ങളിലേക്ക്‌ കടത്തുകയുമാണെന്ന്‌ ഹോസബലെ ആരോപിച്ചു.

ലൗ ജിഹാദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചത്‌ കോടതിയാണ്, ആർഎസ്‌എസ്‌ അല്ലെന്ന്‌ ഹോസബലെ അവകാശപ്പെട്ടു. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾ ‘ലൗ ജിഹാദ്‌’ വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നു. കർണാടകവും സമാനമായ നീക്കത്തിലാണ്‌.

ബംഗളൂരുവിൽ ചേർന്ന ആർഎസ്‌എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയിലാണ്‌ ജനറൽ സെക്രട്ടറിയായി ഹോസബലെയെ തെരഞ്ഞെടുത്തത്‌. പ്രചാരണവിഭാഗം ചുമതല വഹിച്ച അരുൺകുമാർ, രാംദത്ത ചക്രുദാർ എന്നിവരാണ് ജോയിന്റ്‌ ജനറൽ സെക്രട്ടറിമാർ.

2014ൽ ബിജെപി ജനറൽ സെക്രട്ടറിയായി നിയോഗിച്ച രാം മാധവിനെ മടക്കിവിളിക്കാൻ തീരുമാനിച്ചു. രാം മാധവിനെ ആർഎസ്‌എസ്‌ ദേശീയ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തി.

‌ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിൽ ‘ലൗജിഹാദ്‌’ നിയമപ്രകാരം ക്രൈസ്‌തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കൂട്ടത്തോടെ കേസെടുത്ത്‌ പൊലീസ്‌. യുപിയിൽ യോഗി ആദിത്യനാഥ്‌ സർക്കാർ കൊണ്ടുവന്ന ലൗജിഹാദ്‌ നിയമത്തിന്‌ സമാനമായ മധ്യപ്രദേശ്‌ സർക്കാരിന്റെ മതപരിവർത്തനം തടയൽ ഓർഡിനൻസ്‌ പ്രകാരമാണ്‌ കേസെടുക്കുന്നത്‌.

ഓർഡിനൻസ്‌ നിലവിൽ വന്നശേഷം പൊലീസ്‌ എടുത്ത 21 കേസിൽ ആറെണ്ണം ക്രൈസ്‌തവർക്കെതിരായാണ്‌. 21 കേസിലായി 47 പേരാണ്‌ പ്രതികൾ. 25 പേർ അറസ്‌റ്റിലായി. 15 കേസ്‌ മുസ്ലിങ്ങൾക്കെതിരായാണ്‌. ഹിന്ദുത്വ തീവ്രവാദി സംഘടനകൾ നൽകുന്ന വ്യാജപരാതികളുടെ അടിസ്ഥാനത്തിലാണ്‌ ഭൂരിഭാഗം കേസുകളും.

നാട്ടുകാരെ പ്രലോഭിപ്പിച്ച്‌ മതപരിവർത്തനത്തിന്‌ പ്രേരിപ്പിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ ക്രൈസ്‌തവർക്കെതിരായ കേസുകൾ. ഇതിലൊരു കേസ്‌ ബലാഘട്ടിലെ ലാൽപുര പൊലീസ്‌ സ്‌റ്റേഷനിൽ ഛത്തർസിങ്‌ ഖത്രെ എന്ന സ്‌കൂൾ അധ്യാപകനെതിരായാണ്‌. വീട്ടിൽ പ്രാർഥനായോഗം വിളിച്ച്‌ ആളുകളെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നാണ്‌ ദീപക്ക്‌ പട്ടേൽ എന്നയാളുടെ പരാതിയിലുള്ളത്‌.

ഖത്രെ അടക്കം മൂന്നുപേർ അന്നുതന്നെ അറസ്‌റ്റിലായി. ഫെബ്രുവരി 22ന്‌ ഖജുരാഹോയിലെ ഒരു കോൺവെന്റ്‌ സ്‌കൂളിനെതിരായും പുതിയ ഓർഡിനൻസ്‌ പ്രകാരം കേസെടുത്തു. സ്‌കൂളിൽനിന്ന്‌ പുറത്താക്കപ്പെട്ട ഒരു അസി. ലൈബ്രേറിയന്റെ വ്യാജപരാതി പ്രകാരമാണ്‌ കേസ്‌. ഹൈക്കോടതി ഇടപെടലിനെ തുടർന്ന്‌ സ്‌കൂൾ പ്രിൻസിപ്പൽ സിസ്‌റ്റർ ഭാഗ്യക്ക്‌ മുൻകൂർ ജാമ്യം ലഭിച്ചു.

ക്രൈസ്‌തവർക്ക്‌ വീട്ടിലിരുന്ന്‌ പ്രാർഥിക്കാൻപോലുമാകാത്ത സാഹചര്യമാണ്‌ മധ്യപ്രദേശിലെന്ന്‌ ആഗോള സംഘടനയായ ‘ദി ക്രിസ്‌ത്യൻ കമ്യൂണിറ്റി’യുടെ പിആർഒ മരിയ സ്‌റ്റീഫൻ പറഞ്ഞു. നിയമത്തിന്‌ മുന്നിൽ എല്ലാവരും തുല്യരാണ്‌. എന്നാൽ, ലൗജിഹാദ്‌ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം ന്യൂനപക്ഷങ്ങളെ ഒരു തടസവും കൂടാതെ അടിച്ചമർത്താൻ വർഗീയശക്തികൾക്ക്‌ അവസരമൊരുക്കുകയാണ്‌–- മരിയ പറഞ്ഞു.