എ കെ ജിയേയും സുശീലയെയും ഓർമിപ്പിച്ച് എം ബി രാജേഷ്,എ കെ ജിയെ അപഹസിച്ച വി.ടി.ബൽറാമിനുള്ള മറുപടി

0
87

പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ഓർമ്മ ദിനത്തിൽ വി.ടി.ബൽറാമിനുള്ള മറുപടിയുമായി എം ബി രാജേഷ്. എ കെ ജിയും,സുശീലയും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചാണ് എം ബി രാജേഷ് അനുസ്മരണ സന്ദേശം കുറിച്ചത്.

മരക്കുവതെങ്ങനെ നാം എന്ന തലക്കെട്ടോടുകൂടിയ ചിത്രം എ കെ ജിയെ അപഹസിച്ച തൃത്താല യു ഡി എഫ് സ്ഥാനാർഥി വി.ടി.ബൽറാമിനുള്ള മറുപടി കൂടിയാണ്. എ കെ ജിയുടെയും സുശീലയുടെയും സമര സംഘടനാ പ്രവർത്തനങ്ങളും, പാര്ലമെന്റേറിയൻ എന്ന നിലയിലുള്ള എ കെ ജിയുടെ പ്രവർത്തനം എന്നിവ ചൂണ്ടിക്കാട്ടി കുറിപ്പെഴുതി.

“ഇന്ന് മഹാനായ സ. എ കെ ജിയുടെ അനുസ്മരണ ദിനമാണ്. ഈ ദിവസം തൃത്താലയിലെ ജനങ്ങൾക്കൊപ്പമാണ് എന്നത് എന്നെ ഏറെ ആവേശഭരിതനാക്കുന്നു. എ കെ ജിയുടെ സ്മരണ നിറഞ്ഞുനിൽക്കുന്ന തൃത്താലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശകരമായ രാഷ്ട്രീയാന്തരീഷത്തിലാണ് ഇത്തവണത്തെ എ കെ ജി ദിനം.. എ കെ ജിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ഞാനും മത്സരിക്കുന്നത്.

എ കെ ജിയോടൊപ്പം അദ്ദേഹത്തിന്റെ ചിഹ്നത്തെയും ജനങ്ങൾ ഇടനെഞ്ചിലാണ് ചേർത്തുവെച്ചിരിക്കുന്നത്. ” തൃത്താലയിൽ ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാനുള്ള പ്രവർത്തനമാണ് എൽ ഡി എഫ് നടത്തുന്നത്. എ കെ ജിയെ അവഹേളിച്ച യു ഡി എഫ് സ്ഥാനാര്ഥിക്കെതിരെ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. എൽ ഡി എഫിന്റെ വിജയം എ കെ ജിയുടെ വിജയമാകും.

കുറിപ്പിന്റെ പൂർണ രൂപം

 

ഇന്ന് മഹാനായ സ. എ കെ ജിയുടെ അനുസ്മരണ ദിനമാണ്. ഈ ദിവസം തൃത്താലയിലെ ജനങ്ങൾക്കൊപ്പമാണ് എന്നത് എന്നെ ഏറെ ആവേശഭരിതനാക്കുന്നു. എ കെ ജിയുടെ സ്മരണ നിറഞ്ഞുനിൽക്കുന്ന തൃത്താലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശകരമായ രാഷ്ട്രീയാന്തരീഷത്തിലാണ് ഇത്തവണത്തെ എ കെ ജി ദിനം.

പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ കെ ജിയുടെ മഹത്വം ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലം അറിയുന്ന ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. പുതിയ തലമുറക്കും വലിയ ആവേശവും പ്രചോദനവും ഊർജവും പകരുന്ന വികാരമാണ് എ കെ ജി.
ഒരു കോൺഗ്രസ് പോരാളിയായാണ് അദ്ദേഹം പൊതുരംഗത്തേക്കു വന്നത്.

സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം ഗുരുവായൂർ സത്യാഗ്രഹത്തിൽ കോൺഗ്രസ് നേതാവായാണ് പങ്കെടുത്തത്. സ്വാതന്ത്ര്യ സമരത്തിലും കേരളത്തിന്റെ നവോത്ഥാന രംഗത്തും ഏറെ അറിയപ്പെടുന്ന നേതാവായി. അവർണ്ണർക്ക് വഴിനടക്കാൻ അവകാശമില്ലാത്ത കാലത്ത് അവരെ പൊതുവഴിയിൽ നടത്തിയതിന് പയ്യന്നൂർ കണ്ടോത്ത് ക്ഷേത്രത്തിൽ അദ്ദേഹത്തിന് കൊടിയ മർദനമേറ്റു.

എ കെ ജിക്കു മർദനമേറ്റ വിവരം അറിഞ്ഞ് ഓടിയെത്തിയവരിൽ ഒരാളാണ് സ്വാമി ആനന്ദതീർത്ഥൻ (അനന്ത ഷേണായി എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം). എ കെ ജി പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. അടിച്ചമർത്തപ്പെട്ടവരും കടുത്ത ചൂഷണവും ജീവിത ദുരിതങ്ങളും അനുഭവിക്കുന്നവരുമായ ജനങ്ങളുടെ സമരനായകനായി.

രാജ്യമെങ്ങും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായിരുന്നു. നിരവധി വർഷത്തെ ജയിൽ വാസവും ഒളിവു ജീവിതവും നയിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ പാർലമെന്റിൽ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി സമരം നയിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രധാനമന്ത്രി നെഹ്‌റു അടക്കമുള്ള ഉന്നത നേതാക്കൾ അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹം ഏറെ അറിയപ്പെടുന്ന ദേശീയ നേതാവാണ്. അതാണ് പാർലമെന്റിൽ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.

 

രാജ്യമെങ്ങും സ്വാതന്ത്ര്യത്തിന്റെ ലഹരിയിലായിരുന്ന 1947 ഓഗസ്റ്റ് 15 നു അദ്ദേഹം ജയിലിലായിരുന്നു. അവിടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദേശീയപതാക ഉയർത്തിയതിന് അദ്ദേഹത്തെ ക്രൂരമായി മർദിച്ചു. 1952 ൽ ആദ്യത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച അദ്ദേഹം ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന് പാർലമെന്റ് മുഴുവൻ കാതോർത്തിരുന്നു.

മറ്റെന്തു തിരക്കുണ്ടെങ്കിലും, എ കെ ജി പ്രസംഗിക്കുമ്പോൾ നെഹ്‌റു കേൾക്കാൻ വന്നിരിക്കുമായിരുന്നുവെന്ന് പഴയ തലമുറയിലെ പാർലമെന്റ് അംഗങ്ങൾ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എ കെ ജിയുടെ ഇംഗ്ളീഷിനെ പരിഹസിച്ചവരോട് നെഹ്‌റു പറഞ്ഞത്, “എ കെ ജി മുറിഞ്ഞ ഇംഗ്ലീഷ് ആയിരിക്കും പറഞ്ഞത്. പക്ഷെ അതിൽ പാവപ്പെട്ടവരുടെ ജീവിതമുണ്ട് ” എന്നാണ്.

രാജ്യത്തെങ്ങുമുള്ള കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. കേരളമായാലും രാജസ്ഥാൻ ആയാലും യു പി ആയാലും അദ്ദേഹം സമരരംഗത്തേക്ക് ഓടിയെത്തുമായിരുന്നു. കേരളത്തിൽ ഇടുക്കി ജില്ലയിലെ അമരാവതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ആവേശത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.

കർഷകരെ കാണാൻ പോയ അദ്ദേഹം കനത്ത മഴയിൽ വീടും ജീവിതവും ഉപേക്ഷിക്കപ്പെട്ട് പെരുവഴിയിലായ കർഷകരുടെ കണ്ണീരുകണ്ട് അപ്പോൾ തന്നെ സമരം ആരംഭിക്കുകയായിരുന്നു. അത് കേരളത്തിലെ സർക്കാരിനെ പിടിച്ചുകുലുക്കി. ജനങ്ങൾ ആവേശത്തോടെ എ കെ ജിയുടെ സമരത്തിന് പിന്നിൽ നിന്നു. ഐതിഹാസികമായ മിച്ചഭൂമി സമരത്തിൽ തിരുവനന്തപുരം മുടവൻമുഗൾ കൊട്ടാരവളപ്പിന്റെ മതിൽ ചാടിക്കടന്ന് അദ്ദേഹം ഭൂമിയിൽ പ്രവേശിച്ച് സമരം നയിച്ചു. കോടതികളിൽ പലപ്പോഴും എ കെ ജി തന്നെ കേസ് വാദിച്ചിരുന്നു.

കൊലകൊമ്പന്മാരും മർദ്ദകവീരന്മാരുമായ പോലീസ് ഉദ്യോഗസ്ഥർ എ കെ ജിക്കു മുന്നിൽ തലകുനിച്ചു നിന്നിരുന്നു. പോലീസ് അതിക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങൾ എ കെ ജിയെ വിവരം അറിയിക്കുകയും അദ്ദേഹം ഓടിയെത്തുകയും ചെയ്തിരുന്നു.
ഞാൻ ജനിക്കുമ്പോൾ എ കെ ജി പാലക്കാട് നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം എ കെ ജിയുടെ പിന്മുറക്കാരനായി പാലക്കാട് മണ്ഡലത്തിൽ നിന്ന് പാർലമെന്റിനെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയത് എന്റെ പൊതുജീവിതത്തിലെ വലിയൊരു അനുഭവമാണ്. പാർലമെന്ററി പ്രവർത്തനത്തെ കുറിച്ച് എ കെ ജി ആത്മകഥയിൽ പറഞ്ഞ കാര്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് 10 വർഷവും പാർലമെന്റിൽ പ്രവർത്തിച്ചിട്ടുള്ളത്.

പാർലമെന്ററി പ്രവർത്തനങ്ങളുടെ പ്രലോഭനങ്ങളിൽ വീണുപോകരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പഴയ തലമുറയിൽ പെട്ട പല അംഗങ്ങളും എ കെ ജിയെ കുറിച്ച് ആദരവോടെ സംസാരിക്കുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. എ കെ ജിയുടെ മരുമകനെന്ന നിലയിൽ സ. പി. കരുണാകരനോടും മുതിർന്ന അംഗങ്ങൾ ആദരവ് പ്രകടിപ്പിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. എത്ര കാലം കഴിഞ്ഞിട്ടും കക്ഷിരാഷ്ട്രീയഭേദമെന്യെ ജനങ്ങളുടെ മനസ്സിൽ എ കെ ജിക്കുള്ള സ്ഥാനം സൂചിപ്പിക്കുന്ന കാര്യങ്ങളാണിവ.

ജനങ്ങളോട് പൊതുവിലും കർഷകർ, തൊഴിലാളികൾ എന്നിവരോട് പ്രത്യേകിച്ചും നടത്തുന്ന അനീതികൾക്കെതിരെ അദ്ദേഹം സമരോൽസുകതയുടെ തീപ്പന്തമായി മാറിയതിന്റെ നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അവസാന കാലത്ത് കടുത്ത രോഗാവസ്ഥയിലും ഡോക്ടർമാരുടെ വിലക്കുകൾ പോലും അവഗണിച്ച് അദ്ദേഹം സമരകേന്ദ്രങ്ങളിലേക്ക് ഓടിയെത്തിയിരുന്നു.

എ കെ ജിയെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതസഖിയും സമരസഖാവുമായിരുന്ന സ. സുശീലയെയും നമ്മൾ ഓർക്കുന്നു. എ കെ ജിയോടൊപ്പം എല്ലാ സമരമുഖങ്ങളിലും സുശീല സഖാവിനെയും കാണാമായിരുന്നു. എ കെ ജിയുടെ മരണശേഷം തന്റെ ജീവിതാവസാനം വരെ അവർ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയായി നമുക്കിടയിൽ ഉണ്ടായിരുന്നു. പാർലമെന്റ് അംഗമായും കേരളത്തിന്റെ വ്യവസായമന്ത്രിയായും സ. സുശീല മികച്ച പ്രവർത്തനം നടത്തി.

അടിയന്തിരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം അദ്ദേഹം പാർലമെന്റിന് അകത്തും പുറത്തും നടത്തി. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പരാജയപ്പെട്ട വാർത്ത അറിഞ്ഞ ശേഷമാണ് അദ്ദേഹം മരിച്ചത്. അടിയന്തിരാവസ്ഥക്കും അതുപോലുള്ള എല്ലാത്തരം ഏകാധിപത്യ പ്രവണതകളോടും പൊരുതിയ എ കെ ജി ആ പോരാട്ടങ്ങളുടെ വിജയത്തിനു ശേഷമാണ് നമ്മെ വിട്ടുപിരിഞ്ഞത്.

എ കെ ജിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ഞാനും മത്സരിക്കുന്നത്. എ കെ ജിയോടൊപ്പം അദ്ദേഹത്തിന്റെ ചിഹ്നത്തെയും ജനങ്ങൾ ഇടനെഞ്ചിലാണ് ചേർത്തുവെച്ചിരിക്കുന്നത്.