യുഡിഎഫിന് തിരിച്ചടി, കൊണ്ടോട്ടിയിൽ കെ പി സുലെെമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

0
125

മലപ്പുറം കൊണ്ടോട്ടിയിൽ യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലെെമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിക്ക് എതിരായ ആരോപണങ്ങള്‍ തെറ്റെന്ന് വരണാധികാരി വ്യക്തമാക്കി.

ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ലെന്നാണ് ഇദ്ദേഹം എഴുതിയിരുന്നത്. കെ പി സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചയാളാണെന്നും ഇക്കാര്യം മറച്ചു വച്ചുവെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ ആരോപണം.

അപാകതകള്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് യുഡിഎഫിന്റെ അഭിഭാഷകന്‍ പറഞ്ഞു. വിശദാംശങ്ങള്‍ പരിഗണിക്കാതെയാണ് വരണാധികാരിയുടെ തീരുമാനം. നിയമപ്രകാരം ഭാര്യയുടെ പേരും സ്വത്ത് വിവരങ്ങളും രാജ്യത്തിന് പുറത്ത് സ്വത്തുണ്ടെങ്കില്‍ അതും പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

കെ പി സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ട്. 18 വയസു തികയാത്ത പാകിസ്താനിയായ ഭാര്യയാണ് പുറംരാജ്യത്തുള്ളത്. കൂടാതെ സത്യവാങ്മൂലവും അപൂര്‍ണമാണ്. വളരെ മുന്‍വിധിയോടു കൂടിയുള്ള തീരുമാനമായിരുന്നു വരണാധികാരിയുടെതെന്നും അഭിഭാഷകന്‍ പറഞ്ഞു.