‘കഴക്കൂട്ടം പഴയ കഴക്കൂട്ടമല്ല’ അഞ്ച്‌ വർഷംകൊണ്ട്‌ പുതിയ മുഖം

0
181

വികസനവും വിശ്വാസവും മാറ്റുരയ്ക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. നിയസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലം കേരളത്തിൻറെ രാഷ്ട്രീയചരിത്രത്തിൽ തന്നെ ഒരു ലിറ്റ്മസ് ടെസ്റ്റായി മാറാൻ പോവുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി മുഖച്ഛായ മാറിയ കഴക്കൂട്ടം വലിയ ആവേശത്തിലാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്.

പിണറായി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കഴക്കൂട്ടത്തെ എങ്ങനെ മാറ്റിയെടുത്തുവെന്ന് കഴക്കൂട്ടത്തിന്റെ വികസനം പരിശോധിച്ചാൽ വ്യക്തമാകും.

കടകംപള്ളി മിനി സിവിൽ സ്‌റ്റേഷൻ, ചെറുവയ്ക്കലിൽ ഹൈടെക്‌ വില്ലേജ്‌ ഓഫീസ്, ചന്തവിള കിൻഫ്രാ വീഡിയോ പാർക്കിൽ അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസർച്ച് സെന്റർ ആൻഡ്‌ ഡിജിറ്റൽ ആർക്കേവ്‌സ്, കഴക്കൂട്ടം എലിവേറ്റഡ്‌ ഹൈവേ. എണ്ണിയാൽ തീരാതെ വികസന പ്രവർത്തനങ്ങളാണ്‌ അഞ്ച്‌ വർഷംകൊണ്ട്‌ കഴക്കൂട്ടം മണ്ഡലത്തിൽ സാധ്യമായിരിക്കുന്നത്‌. അടിസ്ഥാന വികസനത്തിൽ കേരളത്തിനുതന്നെ മാതൃകയായ കഴക്കൂട്ടം മോഡൽ.

നഗരത്തിലേക്ക്‌ കയറുന്ന പ്രധാന കവാടമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമേകി ശ്രീകാര്യം ഫ്ളൈ ഓവർ യാഥാർഥ്യമാകാൻ പോവുകയാണ്‌. 135 കോടി മുതൽ മുടക്കി നിർമിക്കുന്ന ഫ്‌ളൈ ഓവറിന് കിഫ്ബി അംഗീകാരം ലഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് ആദ്യ ഗഡുവായി 70 കോടി കൈമാറി. ഉള്ളൂർ ഫ്ളൈ ഓവറിന്റെ ഒന്നാം ഘട്ടത്തിന് കിഫ്ബി അനുമതി നൽകി.

54.28 കോടിയുടെ ഒന്നാംഘട്ട പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്‌. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമാണം അവസാന ഘട്ടമായി. കഴക്കൂട്ടം മുക്കോല ബൈപാസ്, 146. 67 കോടി മുതൽ മുടക്കിൽ 80 കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം അടൂർ സേഫ്റ്റി കോറിഡോർ, പേട്ട -–- ആനയറ വെൺപാലവട്ടം റോഡ്, മണ്ണന്തല പൗഡിക്കോണം മാതൃകാ റോഡിന് 84.2 കോടി എന്നിവയാണ് അനുവദിച്ചത്.

വാടകക്കെട്ടിടങ്ങളിൽ വീർപ്പുമുട്ടിയിരുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി അഞ്ച് കോടി ചെലവഴിച്ചാണ്‌ കടകംപള്ളി സിവിൽ സ്റ്റേഷൻ നിർമിച്ചത്‌. കഴക്കൂട്ടത്ത് നിലവിൽ പോത്തൻകോട് ബ്ലോക്ക് ഓഫീസ് പ്രവർത്തിക്കുന്ന ഒരേക്കർ സ്ഥലത്ത് റവന്യൂ ടവർ നിർമാണത്തിനായി 35 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചു.

10 നിലയിലായി 1.1 ലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ചന്തവിള കിൻഫ്രാ വീഡിയോ പാർക്കിൽ അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസർച്ച് സെന്റർ ആൻഡ്‌ ഡിജിറ്റൽ ആർക്കേവ്‌സ് യാഥാർഥ്യമാക്കി. കിൻഫ്രാ ഫിലിം വീഡിയോ ആൻഡ്‌ ഐ ടി പാർക്ക് രണ്ടാം ഘട്ട വികസനത്തിന് 54 കോടിയും അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിനായി 25 കോടിയും അനുവദിച്ചു. ആക്കുളം എൻസിസി നേവൽ ട്രെയിനിങ്‌ സെന്ററിന് 10 കോടിക്ക്‌ പുതിയ കെട്ടിടം നിർമിക്കാനും അനുമതിയായി.