കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടികൾ, പൗരന്മാർ, മാദ്ധ്യമങ്ങൾ, എന്നിവർ തമ്മിലുള്ള സംവാദങ്ങളും ആരോഗ്യകരമായ ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ച് ട്വിറ്റർ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും (@ECISVEEP) കൃത്യവും വ്യക്തവുമായ വിവരങ്ങളും അറിയിപ്പുകളും പങ്ക് വെയ്ക്കാൻ തദ്ദേശ ഭാഷകളിൽ സമഗ്ര സെർച്ച് ഓപ്‌ഷനുകൾ ട്വിറ്റർ ലഭ്യമാക്കും.
സ്‌ഥാനാർഥികളുടെ വിവരങ്ങൾ, തെരഞ്ഞെടുപ്പ് തീയതി, പോളിംഗ് ബൂത്തുകൾ, ഇ വി എം വോട്ടർ രജിസ്‌ട്രേഷൻ തുടങ്ങി തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങൾ ഇതിൽ ലഭ്യമാകും. # കേരള തെരഞ്ഞെടുപ്പ് 2021 എന്നതുൾപ്പെടെ ഇരുപതോളം ഹാഷ് ടാഗുകളും ലഭ്യമാണ്.
ഇതിനായി മാത്രം പ്രത്യേക ഇമോജിയും (#AssemblyElections2021) ലഭ്യമാക്കും. മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളിൽ ട്വീറ്റ് ചെയ്ത ഇമോജി ആക്ടിവേറ്റ് ചെയ്യാൻ കഴിയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പി- ക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നിവയും ഉണ്ടാകും.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലുടനീളം പ്രീ ബങ്ക് പ്രോംപ്റ്റുകളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കു ന്നതിലൂടെ എങ്ങനെ, എവിടെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ തടയുന്നതിന് ട്വിറ്റർ മുൻകൈയെടുക്കും.
പ്രോംപ്റ്റുകൾ ജനങ്ങളുടെ ഹോം ടൈംലൈനുകളിലും തിരയലിലും ദൃശ്യമാകും. വോട്ടുചെയ്യാൻ എങ്ങനെ രജിസ്റ്റർ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇവിഎമ്മുകളിലും വിവിപിഎടി കളിലുമുള്ള വിശദാംശങ്ങൾ ഉൾപ്പെടെ ഇതിൽ ലഭിക്കും.
ഇതിന് പുറമെ യുവജനങ്ങൾക്കിടയിൽ വോട്ടർ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് യുവ വോട്ടർമാർക്കിടയിൽ വിവിധ ഭാഷകളിൽ #DemocracyAdda എന്ന പേരിൽ ചർച്ചാ പരമ്പരകൾ സംഘടിപ്പിക്കും. യൂത്ത് കി ആവാസുമായി സഹകരിച്ചായിരിക്കും ഇതിനായി അവസരമൊരുക്കുക.
യുവാക്കൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ചേഞ്ച് മേക്കേഴ്‌സ് തുടങ്ങിയവരുമായി ലൈവ് വീഡിയോ സെഷൻസ്, ട്വീറ്റ് ചാറ്റുകൾ, എന്നിവയുമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിൽ ഇത് ലഭ്യമാകും.