കള്ളപ്പണം വെളുപ്പിക്കൽ : ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

0
69

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചന്ദ്രിക ദിനപത്രം വഴിയാണ് ഇത്തരത്തിൽ നോട്ട് നിരോധനം നടത്തിയത്. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫിസിൽ എത്താനാണ് ഇബ്രാഹിം കുഞ്ഞിനോട് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ് കോടതിയിൽ അറിയിച്ചിരുന്നു. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നാലര കോടിയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ൽ കണ്ടെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിച്ച ഇൻകം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡറും കണ്ടെത്തിയിരുന്നു. നടപടി ഒഴിവാക്കാൽ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാൻമന്ത്രി ഗരീബ് കല്യാൺ ഡിപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ചു.

നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിന്റെയും രസീതുകൾ മന്ത്രിയുടെ വീട്ടീൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടേകാൽ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചു. നാലേ കാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.