മാസ്ക് ധരിച്ചില്ല; ‘മുംബൈക്കാര്‍’ പിഴയടച്ചത് 44 കോടി രൂപ

0
64

ലോകത്തെ മുഴുവന്‍ വലച്ച കോവിഡ് മഹാമാരിയില്‍ മാസ്ക് ധരിക്കാത്തതിന് 44 കോടി രൂപ പിഴയടച്ച് മുംബൈ സ്വദേശികള്‍. ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചതോടെ മാസ്തക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. മാസ്ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ. ബ്രിഹാൻ മുംബൈ കോർപറേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ബി.എം.സിക്കും മുംബൈ പൊലീസിനും റെയിൽ​വേ അധികൃതർക്കും മാത്രം ലഭിച്ച പിഴത്തുകയാണ്​ 44 കോടി.

പിഴ അടച്ചവരിൽ ഭൂരിഭാഗവും പലതവണ മുന്നറിയിപ്പ്​ നൽകിയിട്ടും അനുസരിക്കാത്തവരാണെന്നും ബി.എം.സി കൂട്ടിച്ചേർത്തു. മാർച്ച്​ 20ന്​ മാത്രം നഗരവാസികൾ മാസ്​ക്​ ധരിക്കാത്തതിന് പിഴ അടച്ചത്​ 42 ലക്ഷം രൂപയാണ്.

ലോക്കൽ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്​​ ഫോമുകളിലും ടിക്കറ്റ്​ കൗണ്ടറുകളിലും മാസ്​ക്​ നിർബന്ധമാക്കിയിരുന്നു. മാസ്​ക്​ ധരിക്കാത്തവർക്കെതിരെ മുംബൈ പൊലീസും പ്രതിദിനം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്​തിരുന്നത്. രാജ്യത്ത്​ തന്നെ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള നഗരങ്ങളിലൊന്നാണ്​ മുംബൈ. പ്രതിദിനം രോഗബാധിതരുടെ എണ്ണം ഇവിടെ കുതിച്ചുയരുകയാണ്​. കോവിഡ്​ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ്​ രോഗബാധിതരുടെ എണ്ണം കൂടുന്നതെന്നാണ്​ വിലയിരുത്തൽ