കുണ്ടറ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇഎംസിസി കമ്പനി ഡയറക്ടർ ഷിജു എം വർഗീസ് കുണ്ടറയിൽ നാമനിർദേശ പത്രിക നൽകിയത് കോൺഗ്രസ് ഒത്താശയോടെ എന്നതിന് തെളിവുകൾ പുറത്ത്.
ഷിജുവിന്റെ പത്രികയിൽ പിന്താങ്ങി ഒപ്പുവെച്ചിരിക്കുന്നത് കോൺഗ്രസ് പഞ്ചായത്തംഗവും കുടുംബാംഗങ്ങളും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്‌ച കുണ്ടറ മണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിജു എം വർഗീസിന്റെ നാമനിർദേശ പത്രിക പിൻതാങ്ങുന്നതുമായി ബന്ധപ്പെട്ട് ജോൺസന്റെ കുടുംബവുമായി ധാരണയായത്
പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ വാർഡ് അംഗവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ ഷൈനി ജോൺസണും കുടുംബാംഗങ്ങളായ ഒമ്പതുപേരുമാണ് ഷിജു എം വർഗീസിന്റെ പത്രികയിൽ പിന്താങ്ങി ഒപ്പിട്ടിരിക്കുന്നത്. എറണാകുളം ജില്ലയിൽ വൈപ്പിനിൽ അയ്യമ്പിള്ളി സ്വദേശിയായ ഷിജുവിന് കുണ്ടറയിൽ പത്രിക നൽകാൻ കോൺഗ്രസ് നേതൃത്വം ഒത്താശ ചെയ്തതാണെന്ന് വ്യക്തം.
കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്‌ണുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോൺസണും കുടുംബവും സജീവമാണ്. നേരത്തെ പെരിനാട് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ജോൺസൺ പരാജയപ്പെട്ടിരുന്നു.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യുടെ ലേബലിലാണ് പത്രിക എങ്കിലും നീക്കങ്ങൾ കോൺഗ്രസിന്റെ സഹായത്തോടെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഷൈനി, കോൺഗ്രസ് പെരിനാട് മണ്ഡലം കമ്മിറ്റി അംഗവും കൊല്ലം ബിഷപ് ഹൗസ് ജീവനക്കാരനുമായ ജോൺസന്റെ ഭാര്യയാണ്.
കമ്പനിയും സർക്കാരും ചേർന്ന് കടൽ കൊള്ളയടിക്കാൻ ശ്രമിച്ചു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് കമ്പനി ഉടമയും കോൺഗ്രസുമായുള്ള ബന്ധം പുറത്താക്കുന്ന ഈ വിവരം പുറത്തുവരുന്നത്. നേരത്തെ തന്നെ കമ്പനി ഉടമ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിയാലോചനയുടെ വിവരങ്ങൾ വാർത്തയായിരുന്നു.
കമ്പനിഉടമയുടെ കയ്യിൽ മാത്രം ഉണ്ടാകാനിടയുള്ള രേഖകൾ ഹാജരാക്കിയായിരുന്നു ചെന്നിത്തലയുടെ ആരോപണങ്ങൾ. കമ്പനി മന്ത്രിക്ക് നൽകിയ നിവേദനം കരാറാണ് എന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് ഒരുദിവസം ആരോപണം ഉന്നയിച്ചത്.സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ ഷിജു എം വർഗീസ് കൊല്ലത്തെ ഒരു ആഡംബര ഹോട്ടലിലാണ് താമസം. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർടി)യുടെ അഫിലിയേഷൻ ഷിജു എം വർഗീസ് പത്രികയ്‌ക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.