ട്രെയിനില്‍ എസി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

0
95

ട്രെയിനിലെ എസി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നത് വിലക്ക് ഏര്‍പ്പെടുത്തി. തീപിടുത്ത സാദ്ധ്യതയുള്ളതിനാലാണ് ട്രെയിനുകളിലെ എസി കോച്ചുകളില്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. രാത്രിയില്‍ ചാര്‍ജ് ചെയ്യുന്ന മൊബൈലും ലാപ്‌ടോപ്പും ചൂടായി അപകടം ഉണ്ടാകുന്ന സംഭവങ്ങള്‍ പതിവാണ്. ഇത്തരം അപടകടങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നടപടി.

മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെ നിര്‍ബന്ധമായും ഓഫ് ചെയ്ത് വയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പല ട്രെയിനുകളിലും ഇത് പാലിക്കാറില്ല. തീപിടുത്ത സാദ്ധ്യത മുന്നില്‍ക്കണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫ് ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ എസി മെക്കാനിക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ഇതില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിഎടുക്കാനുമാണ് തീരുമാനം. സര്‍ക്കുലറിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്.