പാവങ്ങളുടെ പടത്തലവന്‍ – എ വിജയരാഘവൻ എഴുതുന്നു

0
226

പാവങ്ങളുടെ പടത്തലവൻ, മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 44 വർഷമാകുന്നു. 73–-ാം വയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമരജീവിതം.

മാതൃരാജ്യത്തെ കൊളോണിയൽ നുകത്തിൽനിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുംവേണ്ടി വിശ്രമരഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം.

ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എ കെ ജി ഏകാന്തതടവിലായിരുന്നു.

അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ 1947 ഒക്ടോബർ 12ന് എ കെ ജിയെ മോചിപ്പിച്ചു. എന്നാൽ, ഡിസംബർ 17ന് കരുതൽ തടങ്കൽ നിയമം അനുസരിച്ച്‌ വീണ്ടും അറസ്റ്റ്ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടവിലാക്കിയത്.

വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ, കടലൂർ എന്നിങ്ങനെ ജയിലുകൾ മാറിമാറി രണ്ടുവർഷം. ഇതിനിടെ കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട്ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജിയെ ഡൽഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയിൽ എ കെ ജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റർ എം കെ നമ്പ്യാർ. ആറുദിവസം കേസ്‌ വാദിച്ചു. കേസ്‌ തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ന്യായാധിപൻമാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി.

കരുതൽ തടങ്കൽ നിയമത്തിന്റെ സാധുതയാണ്‌ വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. തുടർന്ന്, മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ്‌ വാദിച്ചത് എ കെ ജി തന്നെയായിരുന്നു. മോചനവിധി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് നാലുവർഷത്തെ ജയിൽവാസത്തിനൊടുവിൽ എ കെ ജി പുറംലോകത്ത് എത്തുന്നത്.

താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയസ്വാതന്ത്ര്യ സമ്പാദനത്തിനു മാത്രമല്ല, നവോത്ഥാനപ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോൺഗ്രസിൽനിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിവഴി കമ്യൂണിസ്റ്റ് പാർടിയിൽ സമുന്നത നേതാവായി.

ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങൾ നയിക്കുകയും ആ കൊടുങ്കാറ്റിൽ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എ കെ ജിയുടെ വേഷവും ശൈലിയുംപോലും ആളുകൾ അനുകരിച്ചത്.

 

കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യഗ്രഹം. അതിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മർദനം ഏൽക്കേണ്ടിവന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തീഭോജന പ്രക്ഷോഭങ്ങളും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി.

ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങൾക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂർ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികൾ എ കെ ജിയെ ബോധം കെടുംവരെ ക്രൂരമായി മർദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവമാണ്.

രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്ത ശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാർലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകസമരങ്ങളിൽ എ കെ ജി ആവേശകരമായ സാന്നിധ്യമായി.

തെലങ്കാനയിലെ കർഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി. ആന്ധ്രയിലെ ഗ്രാമങ്ങളിൽ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർ നടപടിക്കെതിരെ എ കെ ജി നടത്തിയ നിരാഹാരസമരവും മുടവൻമുകളിൽ മതിൽചാടിയ മിച്ചഭൂമി സമരവും കർഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൊറാർജിദേശായി ഭരണം നടത്തുമ്പോൾ, ബോംബെയിൽ മറാത്തി ജനത നടത്തിയ സമരത്തെ സർക്കാർ നേരിട്ടത്‌ ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരു ഡസനിലേറെപ്പേരെ വെടിവച്ചു കൊന്നു. നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യം കുറിക്കാൻ എ കെ ജി നടത്തിയ പോരാട്ടം ഉപകരിച്ചു.

എ കെ ജിയുടെ സമരപാരമ്പര്യത്തിന്റെ പിന്തുടർച്ചയാണ് ഇന്ന്‌ രാജ്യം കാണുന്ന കർഷകരുടെ സമരം. തികച്ചും രാജ്യവിരുദ്ധമായ നിയമങ്ങളിലൂടെ കർഷകരെ ഇല്ലാതാക്കി അവരുടെ ഭൂമിയും ഉപജീവന മാർഗവുമെല്ലാം കോർപറേറ്റ് മുതലാളിമാർക്ക് അടിയറ വയ്ക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ശ്രമം. പാവപ്പെട്ട കർഷകരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. മാസങ്ങളായി കൊടുംമഞ്ഞിലും തണുപ്പിലും സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ നീക്കം.

അന്നം തരുന്ന കർഷകരെ നേരിട്ടുകാണാനോ ചർച്ച നടത്താനോ പ്രധാനമന്ത്രി മോഡി ഇതുവരെ തയ്യാറായിട്ടില്ല. കാരണം, മോഡി ഭരിക്കുന്നത് കോർപറേറ്റുകൾക്കു വേണ്ടിയാണ്. കർഷകർക്കും സാധാരണക്കാർക്കും വേണ്ടിയല്ല. ഈ നിലപാട് തിരുത്തിക്കാനാണ് എ കെ ജിയുടെ പിൻമുറക്കാർ കർഷക സമരത്തിൽ സജീവമായി പങ്കെടുക്കുന്നത്. എ കെ ജി പ്രസിഡന്റ്സ്ഥാനം വഹിച്ച സംഘടനയാണ് അഖിലേന്ത്യാ കിസാൻസഭ. അതിന്റെ നേതൃത്വത്തിൽ കർഷകരുടെ പോരാട്ടം അന്തിമവിജയം കാണുന്നതുവരെ തുടരുകതന്നെ ചെയ്യും.

അടിയന്തരാവസ്ഥയുടെ നാളുകളിൽ അതിനെതിരായുള്ള പ്രവർത്തനങ്ങളിലും എ കെ ജി സജീവമായി. അമിതാധികാരവാഴ്ച നടത്തിയ ഇന്ദിര ഗാന്ധിയെ ജനങ്ങൾ താഴെയിറക്കിയ ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടുപിരിഞ്ഞത്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലാണ് ഇക്കുറി എ കെ ജിയുടെ സ്മരണ പുതുക്കുന്നത്. ചരിത്രം തിരുത്തിക്കുറിക്കുന്ന ഭൂരിപക്ഷത്തോടെ എൽഡിഎഫിന് കേരളത്തിലെ ജനങ്ങൾ അത്യുജ്വലവിജയം സമ്മാനിക്കുമെന്നുറപ്പാണ്. നാടും നഗരവും മുഴുവൻ എൽഡിഎഫിന് അനുകൂലമായ മുദ്രാവാക്യങ്ങൾ മുഴങ്ങുകയാണ്.

ഏതു പ്രതിസന്ധി ഘട്ടത്തിലും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ സംരക്ഷിക്കുമെന്ന ഉറപ്പാണ് ജനങ്ങൾക്കുള്ളത്. പ്രകടനപത്രികയിൽ പറഞ്ഞ ഏതാണ്ട് എല്ലാ കാര്യവും പൂർത്തീകരിച്ചാണ് എൽഡിഎഫ് വീണ്ടും ജനവിധി തേടുന്നത്. എതിർഭാഗത്ത് അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ പഴയ ഭരണകാലം തിരിച്ചുകൊണ്ടുവരുമെന്ന പ്രചാരണംമാത്രം.

ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജൻസിയായി കോൺഗ്രസ് പാർടി മാറി. നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. ഈ നിര ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം.

അതിനായുള്ള അക്ഷീണ പരിശ്രമങ്ങളിൽ ഏർപ്പെടാൻ എ കെ ജി സ്മരണ കരുത്തേകുന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിന് കേരളത്തിൽ എൽഡിഎഫ്‌ വിജയം അനിവാര്യമാണ്. അത് യാഥാർഥ്യമാക്കാൻ മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ എ കെ ജിയുടെ സ്മരണ പ്രചോദനമാകും.