നമ്മൾ നയിക്കും നേര് ജയിക്കും ; കരുതലോടെ നാടിനൊപ്പം

0
84

സംസ്ഥാനത്തെ ജനജീവിതത്തിന്റെ സകല തുറകളെയും തൊട്ടുതലോടുന്ന വികസന – ക്ഷേമപരിപാടികളുടെ സംക്ഷിപ്ത രൂപമാണ് എൽ ഡി എഫ് പ്രകടന പത്രിക . മുഖ്യമന്ത്രിയുടെ കേരള പര്യടനവേളയിൽ ലഭിച്ച നിവേദനങ്ങളിൽ ഉന്നയിച്ച അനേകം നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണത്തുടർച്ച ഉറപ്പാണെന്നും മുഴുവൻ വാഗ്ദാനങ്ങളും സഫലമാക്കുമെന്നുമാണ് എൽ ഡി എഫ് സംസ്ഥാന കൺവീനർ എ വിജയരാഘവൻ പത്രികാ പ്രകാശനച്ചടങ്ങിൽ പറഞ്ഞത്. നല്ല ആത്മവിശ്വാസം തുടിക്കുന്ന ദൃഢസ്വരത്തിൽതന്നെയായിരുന്നു ആ പ്രസ്താവന

– കെ വി –

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പൂർണമായും പാലിക്കാനുള്ളതാണ് എന്ന് തെളിയിച്ച എൽ ഡി എഫ് സർക്കാരിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. അഞ്ചു വർഷംമുമ്പ് പ്രകടന പത്രികയിൽ പറഞ്ഞ 600 പരിപാടികളിൽ അഞ്ഞൂറ്റെൺപതും നടപ്പാക്കാനായി എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്.

ഇത് കേവലമായ അവകാശവാദമല്ല. പ്രോഗ്രസ് റിപ്പോർട്ടുതന്നെ പ്രസിദ്ധീകരിച്ച് വ്യക്തമാക്കിയതാണ്. ഓരോ വകുപ്പിലും ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ടതിൽ. സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട സർവതലത്തിലും വരുത്തിയ വിസ്മയകരമായ മാറ്റങ്ങൾ നാട് അനുഭവിച്ചറിയുകയാണ്. അതിഘോരമായ പ്രളയവും മഹാമാരിയും മ്ലാനത പരത്തിയ നാളുകകളിൽ താങ്ങും തണലുമായി ഒപ്പംനിന്ന ഭരണത്തിന് തുടർച്ചയുണ്ടാകണമെന്ന് അവർ അകമഴിഞ്ഞ് ആഗ്രഹിക്കുന്നതും തികച്ചും സ്വാഭാവികം. അതോടൊപ്പമാണ് നവകേരളത്തെക്കുറിച്ച് വീണ്ടും നല്ല പ്രതീക്ഷകളുണർത്തി ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ പുതിയ പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്. ഇനിയും മുന്നോട്ട് എന്ന ഭാവനാദീപ്തമായ കാഴ്ചപ്പാടിലൂന്നിയ സമഗ്രമായ അമ്പത് ശ്രദ്ധേയ പദ്ധതികൾ പത്രികയ്ക്ക് മുമ്പൊരിക്കലുമില്ലാത്തത്ര തിളക്കമേറ്റുന്നു.

വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുത്തുതോല്പിക്കുമെന്ന ഉറച്ച പ്രഖ്യാപനം എൽ ഡി എഫ് പ്രകടന പത്രികയ്ക്ക് മാറ്റുകൂട്ടുന്നതാണ്. മതാധിഷ്ഠിത രാഷ്ട്രത്തിന് കോപ്പുകൂട്ടുന്ന ബി ജെ പി ക്കും , മൃദുഹിന്ദുത്വത്തെ പുണർന്ന് പിന്തുണയ്ക്കുന്ന കോൺഗ്രസ്സിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് മാനിഫെസ്റ്റോ ആഹ്വാനംചെയ്യുന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങളും ഫെഡറൽ മൂല്യങ്ങളും എന്തു വിലകൊടുത്തും കാത്തുസംരക്ഷിക്കുമെന്ന വീറുറ്റ നിലപാടും ജനങ്ങളെ ആവേശംകൊള്ളിക്കുന്നതാണ്.

സംസ്ഥാന ബജറ്റിലെ നിർദേശങ്ങളിൽനിന്നും ഒരുപടികൂടി ഉയർന്നുനിൽക്കുന്നതാണ് എൽ ഡി എഫ് പ്രകടന പത്രികയിലെ അമ്പതിന പരിപാടിയും 900 വാഗ്ദാനങ്ങളും . പ്രായോഗികമായി ഫലവത്താക്കാമെന്ന് ഉത്തമ ബോധ്യമുളളവയാണ് നിർദേശമോരോന്നും. വീട്ടമ്മമാർക്ക് പെൻഷൻ എന്നതാണ് അവയിൽ ഏറ്റവും നവീനമായ ആശയം. കുടുംബപ്രരാബ്ധങ്ങളിൽ തളച്ചിടപ്പെട്ട , കാര്യമായ വരുമാന മാർഗമൊന്നുമില്ലാത്ത, മറ്റൊരു ക്ഷേമപദ്ധതിയുടെയും പരിധിയിൽപെടാത്ത ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇത് അളവറ്റ ആശ്വാസം പകരും.

നിലവിലുള്ള ക്ഷേമ പെൻഷൻ അഞ്ചുകൊല്ലത്തിനകം 2500 രൂപയാക്കി വർധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇതോടൊപ്പം നേരത്തേ തുടക്കമിട്ട കർഷക ക്ഷേമ പെൻഷൻ പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നും പറയുന്നുണ്ട്. അതായത് , സാധാരണക്കാരിൽ ഏതാണ്ടെല്ലാവരും നിശ്ചിതപ്രായമായാൽ പെൻഷന് അർഹതയുള്ളവരാകും. ഒപ്പം തൊഴിലുറപ്പു പദ്ധതിയുടെ വ്യാപനം, മിനിമം കൂലി ഉയർത്തൽ എന്നീ നിർദേശങ്ങളും സാധാരണക്കാർക്ക് തുണയാകും . അതോടെ വലിയ സമ്പന്നരാഷ്ട്രങ്ങൾപോലും എത്താത്ത ജീവിതനിലവാരത്തിലേക്ക് കൊച്ചുകേരളം ക്രമേണ ചുവടുവെക്കും. പട്ടിണിയെ പടിയകറ്റുക എന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രാഥമികലക്ഷ്യം സമ്പൂർണമായി സഫലമാകുകയും ചെയ്യും.

പാവപ്പെട്ടവർക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീട്ടുകൾ നിർമിച്ചു നൽകും. ഒന്നരലക്ഷം വീടുകൾ 2021 – 22 ൽ പണിയും. നാലരലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് 15 ലക്ഷംരൂപവരെ വികസനസഹായം ലഭ്യമാക്കുന്നതുമാണ്. കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തുകയും ചെയ്യും.

വനിതാ-ശിശുസൗഹൃദ സംസ്ഥാനമെന്ന നിലയിലുള്ള വികസനത്തിന് ഒട്ടേറെ കർമപദ്ധതികളുണ്ട്. സ്ത്രീകളുടെ തൊഴിലവസര വിപുലീകരണത്തിനാണ് കൂടുതൽ ഊന്നൽ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ ജനകീയ ക്യാമ്പയിൻ നടത്തുന്നതുമാണ്. വയോജന ക്ഷേമരംഗത്തും ഒട്ടേറെ പരിപാടികൾ മുന്നോട്ടു വെക്കുന്നുണ്ട് പത്രികയിൽ. ജില്ലകൾതോറും വയോജന സങ്കേതങ്ങൾ തുറക്കുമെന്നതാണ് അവയിൽ മുഖ്യം. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ തുടർന്നുവരുന്ന നവീകരണം ത്വരിതപ്പെടുത്തും.

പുതുതായി നാല്പതുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. വൈജ്ഞാനികരംഗത്ത് പൊതുവെ മലയാളികൾക്കുള്ള മികവും ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലയിലെ വളർച്ചയും സംയോജിപ്പിച്ചുള്ള തൊഴിൽ സാധ്യതകൾക്കാണ് മുൻഗണന. ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ ബദൽ മാർഗങ്ങൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് സമ്പന്ന വികസിത രാജ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഐ ടി ഹബ്ബാക്കി കേരളത്തെ ഉയർത്തേണ്ടതുണ്ട്. ഉന്നതയോഗ്യതയുള്ള അഭ്യസ്തവിദ്യർക്ക് അഞ്ചുകൊല്ലത്തിനുള്ളിൽ ഇങ്ങനെ 20 ലക്ഷം തൊഴിലവസരം ഒരുക്കും. ഇത് കൂടാതെ വിവിധ മേഖലകളിലായി 15 ലക്ഷം പേർക്ക് ഉപജീവന ജോലിയും 15000 നവസംരംഭങ്ങളിലൂടെയുള്ള തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു.

പി എസ് സി നിയമനത്തിനുള്ള സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ അതത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പാക്കും. പൊതുസ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്യും. കെ – ഫോൺ പദ്ധതി വഴിയും മറ്റുമുളള ഡിജിറ്റൽ തൊഴിൽ നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസ രംഗത്തെ പഠന-ഗവേഷണ സൗകര്യ വിപുലീകരണം, കലാ- കായികാഭിരുചി പരിപോഷണത്തിനുള്ള നൂതന പദ്ധതികൾ എന്നിവയും വാഗ്ദാനങ്ങളിൽ പെടും.

കാർഷിക മേഖലയെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ഒട്ടേറെ പരിപാടികളുണ്ട്. കൃഷി വ്യാപനം, ഉല്പാദനക്ഷമത കൂട്ടൽ, കൃഷിച്ചെലവുകൾ കുറയ്ക്കൽ, ഉദാര വായ്പകൾ, താങ്ങുവില ഉയർത്തൽ മുതലായ വാഗ്ദാനങ്ങൾ കർഷകർക്ക് പ്രത്യാശയേകുന്നതാണ്. കൂട്ടത്തിൽ റബ്ബറിന് താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന നിർദേശവുമുണ്ട്. പാൽ, മുട്ട, പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതിക്കുമുണ്ട് സവിശേഷ ഊന്നൽ .

കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്കുതന്നെയെന്ന് പ്രകടനപത്രികയിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും. പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണനയുണ്ട്. കേരള ബാങ്ക് വിപുലീകരിച്ച് എൻ ആർ ഐ നിക്ഷേപം സ്വീകരിക്കും.

കെ എസ് ആർ ടി സി പുനരുദ്ധാരണം ഉൾപ്പെടെ പൊതുമേഖലാ വ്യവസായ സംരഭങ്ങളിലെ വികസനത്തിന് 10000 കോടിരൂപ നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്സ്റ്റൈൽസ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ യൂനിറ്റുകൾ ആരംഭിക്കും.

പശ്ചാത്തല വികസനത്തിന് 60,000 കോടി രൂപ വകയിരുത്തുമെന്നാണ് വാഗ്ദാനം. ധനസമാഹരണത്തിന് കിഫ്ബിയെ നന്നായി പ്രയോജനപ്പെടുത്തുമെന്നും അതിനെ തകർക്കാനുള്ള നീക്കം ചെറുത്തുതോല്പിക്കുമെന്നും പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം , കോഴിക്കോട് ലൈറ്റ് മെട്രോ പാത , കൊച്ചി ആഗോള നഗര വികസനം, തെക്ക് – വടക്ക് ദേശീയ ജലപാത , ശബരി റെയിൽ പൂർത്തീകരണത്തിനുള്ള ശ്രമം എന്നിവ നിർദിഷ്ട പദ്ധതികളിൽ പെടും.

 

സംസ്ഥാനത്തെ ജനജീവിതത്തിന്റെ സകല തുറകളെയും തൊട്ടുതലോടുന്ന വികസന – ക്ഷേമപരിപാടികളുടെ സംക്ഷിപ്ത രൂപമാണ് എൽ ഡി എഫ് പ്രകടന പത്രിക . മുഖ്യമന്ത്രിയുടെ കേരള പര്യടനവേളയിൽ ലഭിച്ച നിവേദനങ്ങളിൽ ഉന്നയിച്ച അനേകം നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണത്തുടർച്ച ഉറപ്പാണെന്നും മുഴുവൻ വാഗ്ദാനങ്ങളും സഫലമാക്കുമെന്നുമാണ് എൽ ഡി എഫ് സംസ്ഥാന കൺവീനർ എ വിജയരാഘവൻ പത്രികാ പ്രകാശനച്ചടങ്ങിൽ പറഞ്ഞത്. ഉറപ്പാണ് എൽ ഡി എഫ് എന്ന ആത്മവിശ്വാസം തുടിക്കുന്ന ദൃഢസ്വരത്തിൽതന്നെ.