വോട്ടഭ്യർഥിച്ചെത്തിയ വി ഡി സതീശൻ കടയുടമയെ മർദിച്ചതായി പരാതി

0
96

വോട്ടഭ്യർഥിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി വി ഡി സതീശൻ പരാതി പറഞ്ഞ കടയുടമയെ മർദിച്ചതായി പരാതി. തുരുത്തിപ്പുറം പാലത്തിനുസമീപം തിരുവോണം എന്റർപ്രൈസസ് ഉടമ നീണ്ടൂർ കൊമരേത്ത് അനിൽകുമാറാണ്‌ പൊലീസിൽ പരാതി നൽകിയത്‌. തനിക്ക്‌ ഒരു പ്രശ്‌നമുണ്ടായപ്പോൾ എംഎൽഎ സഹായിച്ചില്ലെന്ന്‌ അദ്ദേഹം വോട്ട്‌ അഭ്യർഥിച്ച്‌ കടയിൽ എത്തിയപ്പോൾ പറഞ്ഞെന്ന്‌ അനിൽകുമാർ പറയുന്നു.

‘ഇനി ഇതും പറഞ്ഞു നടന്നാൽ ശരിപ്പെടുത്തു’മെന്നു പറഞ്ഞ്‌ ആളുകൾ നോക്കിനിൽക്കെ എംഎൽഎ മുഖത്തടിച്ചു എന്നാണ്‌ പരാതി. അനിൽ മുനമ്പം ഡിവൈഎസ്‌പിക്കും വടക്കേക്കര പൊലീസിനും നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ : ‘വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ്‌ കോൺഗ്രസ് പ്രവർത്തകരായ കെ എസ് ബിനോയ്, പി ആർ സൈജൻ എന്നിവരോടൊപ്പം വി ഡി സതീശൻ കടയിലെത്തിയത്.

2013ൽ ചെട്ടിക്കാട് സ്വദേശിയുമായി സാമ്പത്തിക ഇടപാടിലുണ്ടായ പ്രശ്നം പരിഹരിക്കാനായി‌ എംഎൽഎയെ സമീപിച്ചിരുന്നു. എന്നാൽ, ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു എംഎൽഎയുടെ നിലപാട്‌. ഇതോടെ അന്നത്തെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.

പരാതിയിൽ തുടർനടപടികൾ ഇല്ലാതാക്കാൻ വി ഡി സതീശൻ സമ്മർദം ചെലുത്തി. പലവട്ടം എംഎൽഎയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച വോട്ടഭ്യർഥിച്ചെത്തിയ സതീശനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഓർമയില്ലെന്നായിരുന്നു പ്രതികരണം. ഇതു പറഞ്ഞുനടന്നാൽ ശരിപ്പെടുത്തിക്കളയുമെന്നുപറഞ്ഞ്‌ ആളുകൾ നോക്കിനിൽക്കെ തന്റെ മുഖത്തടിച്ചു’.