ക്ഷേമപെൻഷൻ മുടക്കാൻ നീക്കം ‌; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി

0
105

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം മുടക്കാൻ ശ്രമം. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയാണ്‌ വിതരണം തടസ്സപ്പെടുത്താമോ എന്ന നോട്ടം. ആലപ്പുഴ ജനസേവാ സമിതി പ്രസിഡന്റിന്റെ പേരിലാണ്‌ പരാതി.

പരാതിക്കാരന്റെ പേരോ മറ്റ്‌ തിരിച്ചറിയൽ വിവരമോ പരാതിയിലില്ല. ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച്‌ ആലപ്പുഴക്കാർക്കും അറിയില്ല. 24 ലക്ഷത്തിലധികം പേർക്ക്‌ സഹകരണ സംഘങ്ങൾ വഴിയാണ്‌ പെൻഷൻ എത്തിക്കുന്നത്‌. ഇവർക്ക്‌ പെൻഷൻ നിഷേധിക്കാനാണ്‌ നീക്കം. പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ്‌ കമീഷൻ സംസ്ഥാന സർക്കാരിൽനിന്ന്‌ വിശദീകരണം തേടി.

സഹകരണ സംഘങ്ങൾവഴി പെൻഷൻ വിതരണം ചെയ്യുന്നത്‌ തടയണമെന്നാണ് ആവശ്യം.‌ സിപിഐ എമ്മിന്റെ ലോക്കൽ സെക്രട്ടറി, ബ്രാഞ്ച്‌ സെക്രട്ടറി, പാർട്ടി അംഗങ്ങൾ അടക്കമുള്ളവർ വീടുകളിൽപോയി പെൻഷൻ കൈമാറുന്നതായാണ്‌ പരാതിയിലെ ആരോപണം.

തുക നൽകിയശേഷം സിപിഐ എമ്മിന്‌ വോട്ട്‌ ചെയ്യാൻ ആവശ്യപ്പെടുന്നു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ട്‌ സമാഹരിച്ചു. സിപിഐ എമ്മാണ്‌ പെൻഷൻ പണം നൽകുന്നതെന്നാണ്‌‌ ആളുകൾ ധരിക്കുന്നത്‌‌. പെൻഷൻ കൈമാറുന്നയാൾ പെൻഷൻകാരിൽനിന്ന്‌ 50ഉം 100ഉം രൂപ നിർബന്ധിച്ച്‌ വാങ്ങുന്നു.

പെൻഷൻ തപാൽവഴി അയക്കണമെന്നുമാണ്‌ പരാതിയിൽ പറയുന്നത്. പെൻഷൻ വിതരണം തടസ്സപ്പെടുത്തുകയാണ്‌‌ ഇവരുടെ ലക്ഷ്യമെന്ന്‌ വ്യക്തം. തപാൽ ഓഫീസുകൾവഴി മണിയോഡറായി പെൻഷൻ വിതരണത്തിന് വലിയ‌ കാലതാമസം വരുന്ന സാഹചര്യത്തിലാണ്‌ നേരത്തെ‌ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയത്‌.

പെൻഷൻ വിതരണത്തിലെ സുതാര്യതയും, നിലവിൽ നേരിട്ട്‌ പണം ലഭിക്കുന്നവർക്ക്‌ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ ബാങ്ക്‌ അക്കൗണ്ടിലേക്കുള്ള മാറ്റത്തിനുള്ള പ്രയാസങ്ങളും ചുണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ്‌ കമീഷന്‌ മറുപടി നൽകിയതായാണ്‌ വിവരം.