‘പാർട്ടി എന്നാൽ ജീവശ്വാസമാണ്’; ഏഴ് പതിറ്റാണ്ടായി തങ്കൻ തുന്നിയത് ചെങ്കൊടികൾ മാത്രം

0
79

ഏഴ് പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് കാലത്ത് ചെങ്കൊടികൾ മാത്രം തുന്നുന്ന ഒരാളുണ്ട് കോട്ടയം വേളൂരിൽ. തങ്കൻ എന്ന തയ്യൽക്കാരനാണ് ചെങ്കൊടികൾ മാത്രം തുന്നുന്ന ആ വ്യക്തി. സൗജന്യമായി ഈ സേവനം നൽകുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.

പന്ത്രണ്ടാം വയസിൽ തുന്നൽ ജോലികൾ ആരംഭിച്ചതാണ് തങ്കൻ ചേട്ടൻ. കഴിഞ്ഞ എഴുപതു വർഷം തയ്ച്ചു നൽകിയ എണ്ണമറ്റ ചെങ്കൊടികൾക്കും തോരണങ്ങൾക്കും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. മറ്റൊരു പാർട്ടിക്കും ഇവിടെ കൊടികൾ തയ്ച്ച് നൽകില്ല.

എത്ര രൂപ നൽകിയാലും മറ്റ് പാർട്ടികൾക്ക് തയ്ച്ച് നൽകില്ല. ഈ പാർട്ടി എന്റെ ജീവനാണെന്നും തങ്കൻ ചേട്ടൻ പറയുന്നു. ചുറ്റിക, അരിവാൾ നക്ഷത്രമുള്ള നൂറുകണക്കിന് ചെങ്കൊടികളാണ് തെരഞ്ഞെടുപ്പ് കാലത്ത് ദിവസേന ഇവിടെ തുന്നി നൽകുന്നത്. ഇതിന് വേണ്ട നൂലിന്റെ ചെലവ് സ്വന്തം പോക്കറ്റിൽ നിന്നാണ്. കാരണം പാർട്ടി എന്നാൽ തങ്കന് ജീവശ്വാസമാണ്.

ജോലി ചെയ്ത് ഇഷ്ടംപോലെ കാശ് ഉണ്ടാക്കി. ആ കാശ് മുഴുവൻ പാർട്ടിക്ക് വേണ്ടി വിനിയോഗിച്ചുവെന്നും തങ്കൻ ചേട്ടൻ പറയുന്നു. എകെജി, പി. കൃഷ്ണപിള്ള, ഇഎംഎസ്, ഇ.കെ. നായനാർ, എന്നിവരുടെ ചിത്രങ്ങളാണ് ഈ ചെറിയ തയ്യൽ കടയിൽ നിറയെ.

അവിവാഹിതനായ തങ്കൻ ചേട്ടന്റെ താമസം സഹോദരിയോടൊപ്പമാണ്. എൺപത്തിമൂന്നാം വയസ്സിലും ഒന്ന് മാത്രമാണ് ആഗ്രഹം. മരിക്കുന്നതുവരെ ചെങ്കൊടികളും തോരണങ്ങളും തയ്ക്കും.