ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന കോൺഗ്രസിൽ തുടരാൻ കഴിയില്ല: പി സി ചാക്കോ

0
71

ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് പി സി ചാക്കോ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾതന്നെ ഇത് ഉറപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോങ്ങാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പി സി ചാക്കോ.

കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചപ്പോൾ വിയോജിപ്പ് അറിയിച്ചു. കമ്യൂണിസ്റ്റ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് മത്സരിക്കാൻ പാടില്ല എന്നായിരുന്നു തന്റെ അഭിപ്രായം. അതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തി. എന്നാൽ മത്സരിക്കാനുള്ള സമ്മർദമുണ്ടായി എന്നാണ് അദ്ദേഹം അറിയിച്ചത്.

ഇടതുപക്ഷത്തെ ശത്രുവായിക്കാണുന്ന കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് അന്നേ നിശ്ചയിച്ചു. ഒരുപാട് പറയാനുണ്ട്. അത് വരുംദിവസങ്ങളിൽ വെളിപ്പെടുത്തും. ഇവിടെ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ വികസനം കാണാത്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാത്രമാണ്.

നാട്ടിൽ ഒരു ദുരന്തമുണ്ടായപ്പോൾ ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കിയ ഒരു നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിൽ എത്തും.

സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു. ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. തീയിൽ കുരുത്തതാണ്, വെയിലത്ത് വാടില്ല- പി സി ചാക്കോ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് ഗ്രുപ്പുകൾ സീറ്റ് പങ്കിട്ടപ്പോൾ കോൺഗ്രസിന്റെ ആത്മാവ് വേദനിച്ചു. അത് വല്ലാത്ത നോവുണ്ടാക്കി. അതാണ് കോൺഗ്രസിൽനിന്ന് വിടാൻ ഈ സമയം തെരഞ്ഞെടുത്തതെന്നും പി സി ചാക്കോ പറഞ്ഞു.

കോൺഗ്രസ് വിട്ട് എൻസിപിയിലെത്തിയ പി സി ചാക്കോ ഇനി ഇടതുപക്ഷ വേദികളിൽ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർടി വിട്ടശേഷം കോങ്ങാട്ടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലെത്തിയ പി സി ചാക്കോയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അദ്ദേഹം ആദ്യമായി കേരളത്തിൽ ഇടതുപക്ഷ വേദി പങ്കിടുന്നു എന്ന പ്രത്യേകത കോങ്ങാട്ടെ പൊതുയോഗത്തിനുണ്ട്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വരുംദിവസങ്ങളിൽ അത് അദ്ദേഹത്തിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.