മാധ്യമ പോര് മല കയറട്ടെ നേര് ജയിക്കും

0
90

– കെ വി –

“ശബരിമലയെച്ചൊല്ലി പോര് കഠിന “മാക്കാനുള്ള കർസേവയിലാണ് യു ഡി എഫിന്റെ വളർത്തുമുത്തശ്ശി മലയാള മനോരമ. നിയമസഭാ തെരഞ്ഞെടുപ്പിലെ പോരാട്ടം മല കയറ്റാൻ മറ്റു മകാരാദി മാധ്യമങ്ങളും ഉത്സാഹിക്കുന്നുണ്ട്.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും നാടിന്റെ വികസന വിഷയങ്ങളെ ചർച്ചയിൽനിന്ന് അകറ്റി നിർത്താനുമാണ് ഇവയുടെ തീവ്രശ്രമം.ഇടതുപക്ഷവിരുദ്ധ വാർത്തകൾക്കുവേണ്ടിയാണ് പതിവുപോലെ വെള്ളിയാഴ്ചയും മനോരമ ഒന്നാം പേജിൽ കണ്ണായ സ്ഥലം നീക്കിവെച്ചത്. അതിൽ പാതിയിലേറെ ഭാഗത്തും നിരത്തിയിരിക്കുന്നത് കുത്തിത്തിരിപ്പു വാർത്തതന്നെ.

ശബരിമല ക്ഷേത്രത്തിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശനമാവാം എന്ന് വിധിച്ചത് പരമോന്നത നീതിപീഠമാണ്. ദൈവദർശനത്തിന് സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള പൊതുവിലക്ക് കല്പിക്കുന്നത് ഭരണഘടനാപരമായ അവകാശ നിഷേധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷയത്തിൽ റെവ്യൂ ഹരജിയിലെ വിധി വരേണ്ടതുണ്ട്. അതിനുശേഷമേ സർക്കാർ ഇടപെടലിനു സാധ്യത ഉദിക്കുന്നുള്ളൂ. കേസ് കേൾക്കുന്ന തിയ്യതിപോലും നിശ്ചയിച്ചിട്ടില്ല. ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയമനിർമാണം ഏതു പരിധിവരെയാവാം എന്ന കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിശോനയിലാണ്. അതു കഴിഞ്ഞിട്ടേ റെവ്യൂ ഹരജി പരിഗണിക്കൂ .

അതിൽ വിധിയാകുമ്പോൾ എന്തുതന്നെയായാലും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച് സമവായത്തിലെത്തിയേ നടപ്പാക്കൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെയും നിലപാട് ഇതുതന്നെയാണ്. സി പി ഐ – എമ്മിനുമില്ല ഇതിൽ ഭിന്നാഭിപ്രായം.

അമ്പലത്തിലാകട്ടെ , ഇപ്പോൾ ആചാരലംഘനവുമായി ബന്ധപ്പെട്ട ഒരു തർക്കവുമില്ല. പൂജാദി കർമങ്ങളും , ഭക്തജനങ്ങളുടെ തീർത്ഥാടനവും പ്രാർത്ഥനയും മുറപോലെ നടക്കുന്നു. എല്ലാം ശാന്തം ; സുരക്ഷിതം. എന്നിട്ടും യു ഡി എഫ് – ബി ജെ പി നേതാക്കൾക്ക് ശ്രീ അയ്യപ്പന്റെ കാര്യമോർത്ത് ഉറക്കമില്ലാതായിട്ട് മാസങ്ങളായി. വോട്ടെടുപ്പുനാൾ അടുക്കുംതോറും അത് കൂടിവരികയാണ്.

ശബരിമലക്കേസിനെക്കുറിച്ച് ആശങ്ക പരത്തി സ്വയം രക്ഷകവേഷം ചമയുകയാണ് പ്രതിപക്ഷം. ഹൈന്ദവ വിശ്വാസികളുടെ വോട്ടിലാണ് അവരുടെ നോട്ടം. അതിനുവേണ്ടി , എന്തോ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർത്ത് തെറ്റിദ്ധാരണകൾ വളർത്താനാണ് ഇവർ കൂട്ടായി ശ്രമിക്കുന്നത്. നേരത്തേ ഒരിക്കൽ ഈ തന്ത്രം കുറച്ചൊക്കെ ഫലിച്ചിരുന്നു – 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ.

പക്ഷേ, പിന്നീട് തദ്ദേശഭരണ സമിതി തെരഞ്ഞെടുപ്പുവേളയിൽ ഇത് തീരെ ഏശിയില്ല. മുനതേഞ്ഞ വാദങ്ങളാണെങ്കിലും ആവർത്തിച്ചുകൊണ്ടേയിരുന്നാൽ ഫലം കാണാതിരിക്കില്ലെന്നാണ് ചെന്നിത്തല – സുരേന്ദ്ര സ്വാമിമാരുടെ ധാരണ. ആളുകൾ മറന്നുപോയ കാര്യങ്ങൾ കുത്തിപ്പൊക്കി ഒത്താശചെയ്യാൻ അവരെ പിന്താങ്ങുന്ന മാധ്യമലോബിയുമുണ്ട് ഒപ്പത്തിനൊപ്പം.

ശബരിമല കേസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചാ വിഷയമാക്കാനാണ് യു ഡി എഫും ബിജെപിയും മുതിരുന്നത്. കാരണം വികസനപ്രശ്നങ്ങൾ ചർച്ചയിൽ ഉയർന്നാൽ തങ്ങൾ പ്രതിരോധത്തിലാവുമെന്ന് അവർക്കുറപ്പാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളെയും സമുദായ സംഘടനകളെയും പ്രകോപിപ്പിക്കാൻ പറ്റിയ വിഷയങ്ങൾ ചികഞ്ഞെടുത്ത് നുണകൾ പടച്ചുവിടുകയാണ്.

മുസ്ലീംകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്നു ഇടതു സർക്കാർ എന്നാണ് ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ പ്രചാരണം. മദ്രസാധ്യാപക പെൻഷൻപോലുള്ള പദ്ധതികൾ മുസ്ലീം പ്രീണനമാണെന്ന് ഹിന്ദുക്കൾക്കിടയിൽ പറയുന്നു ; എന്തിനേറെ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനം ഇതിന് ചെലവഴിക്കുന്നു എന്ന പച്ചക്കള്ളംവരെ. മതാധിഷ്ഠിത രാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും അതിനു കീഴിലെ വെൽഫെയർ പാർട്ടിയുമാകട്ടെ, കമ്യൂണിസ്റ്റ് വിരോധത്തിന്റെ പാരമ്യത്തിലാണ്.

അവരുടെ ജിഹ്വകളിലും നവമാധ്യമ ഗ്രൂപ്പുകളിലും അവാസ്തവങ്ങളുടെ പ്രവാഹമാണ്. യു ഡി എഫുമായുള്ള അവരുടെ രഹസ്യ ബന്ധത്തെ വിമർശിക്കുന്നത് മുസ്ലീംവിരോധംകൊണ്ടാണെന്നാണ് അക്കൂട്ടരുടെ വ്യാഖ്യാനം. അങ്ങനെ സാമുദായിക സംഘടനകളെ ദുർബോധനപ്പെടുത്തി തങ്ങൾക്കൊപ്പമെത്തിക്കാനും തുടർച്ചയായി ശ്രമിക്കുന്നു. ജാതി – ഉപജാതികളെ ഇളക്കിവിടാൻ തരംപോലെ സംവരണവാദവും ഉന്നയിക്കുന്നു.

മുമ്പൊരിക്കലുമില്ലാത്ത ത്ര , ബഹുവിധത്തിലുളള ജനക്ഷേമ പദ്ധതികളിലൂടെ എൽ ഡി എഫ് സർക്കാർ നേടിയ പൊതുസമ്മതിയാണ് പ്രതിപക്ഷ കക്ഷികളെ പരിഭ്രാന്തിയിലാക്കുന്നത്.മഹാമാരിക്കാലത്തുപോലും നിരുത്തരവാദ സമീപനത്തിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ അവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽനിന്നും ഒന്നും പഠിക്കാനായിട്ടില്ല.

ജനങ്ങൾ പാടെ അവഗണിച്ച ആരോപണങ്ങളിൽ അഭിരമിക്കുകയാണിപ്പോഴും യു ഡി എഫും ബി ജെ പി യും. അതിന്റെ ഭാഗമായാണ് ഇരുകൂട്ടരും ശബരിമലയിൽ അഭയം പ്രാപിക്കുന്നതും. പക്ഷേ, നേരിനെ കാട് കയറ്റാൻ ആർക്കു മാവില്ല.