‘കെ ജി മാരാർ 2006 ൽ സ്ഥാനാർഥി’ എം ടി രമേശിന്റെ വിചിത്ര ആരോപണങ്ങൾ പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

0
118

സിപിഐ എമ്മുമായി തങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ്​ ധാരണയുണ്ടാക്കിയിരുന്നുവെന്ന ബിജെപി സംസ്​ഥാന ജനറൽ സെക്രട്ടറി എം ടി രമേശിൻറെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ.

രമേശിൻറെ വാദങ്ങൾ മനഃപ്പൂർവ്വം നുണപ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.15 വർഷങ്ങൾക്കുമുമ്പ്​ ഉദുമയിൽ കെ ജി മാരാർ മത്സരിച്ചപ്പോൾ അദ്ദേഹ​ത്തിന്റെ ചീഫ്​ ഇലക്ഷൻ ഏജൻറായിരുന്നു പിണറായി വിജയനെന്നായിരുന്നു എം ടി രമേശ്​ കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​.

ഇക്കാര്യം ഞങ്ങളിപ്പോൾ പറഞ്ഞ്​ നടക്കുന്നില്ല. ഇന്നത്തെ രാഷ്​ട്രീയത്തിനാണിപ്പോൾ പ്രസക്തിയെന്നും വാർത്താസമ്മേളനത്തിനിടെ കോ- ലി -ബി സഖ്യത്തെക്കുറിച്ച്​ ചോദിച്ചപ്പോൾ രമേശ്​ പറഞ്ഞിരുന്നു. ഈ ആരോപണം ഒരു അന്വേഷണവും നടത്താതെ അതേപോലെ ഏറ്റുപിടിക്കുകയായിരുന്നു സകല മാധ്യമങ്ങളും.

എന്നാൽ രമേശിൻറെ വാദങ്ങൾ വസ്​തുതാപരമായി ശരിയല്ലെന്ന്‌ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ്​ രംഗത്തുവന്നിരിക്കുന്നത്​. 15 വർഷങ്ങൾക്കുമുമ്പ്​ ഉദുമയിൽ കെ ജി മാരാർ മത്സരിച്ചെന്ന രമേശിൻറെ വാദം തെറ്റാണെന്ന്‌ വ്യക്തമാണ്‌​.

15 വർഷം മുമ്പെന്ന്​ രമേശ്​ പറയുന്നത് മുഖവിലക്കെടുത്താൽ 2006ആണ്​ കാലഘട്ടം.​ 1995ലാണ്​ കെ ജി മാരാർ മരിച്ചത്​. മരിച്ച മാരാരുടെ ഇലക്ഷൻ ഏജൻറായി പിണറായി ഉദുമയിൽ വന്നതെങ്ങിനെയാണെന്ന്​ സോഷ്യൽ മീഡിയ ചോദിക്കുന്നു.

മാത്രവുമല്ല 1977ലാണ് ജനതാപാർട്ടിക്ക് വേണ്ടി മാരാർ സ്ഥാനാർഥിയാകുന്നത്. അന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായ എൻ കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു. 1977 ൽ ബിജെപി എന്ന പാർട്ടിപോലും രൂപീകരിച്ചിട്ടില്ല. 1977ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥിയായിരുന്നു പിണറായി വിജയൻ.

അദ്ദേഹം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്‌തു. കൂത്തുപറമ്പിലെ സ്ഥാനാർഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാർഥി മാരാർക്ക് വേണ്ടി ഇലക്ഷൻ ഏജൻറായി പ്രവർത്തിച്ചതെന്നും സമൂഹമാധ്യമങ്ങളിലടക്കം പലരും ചോദിക്കുന്നു.

1980ൽ മാത്രമാണ്​ ബിജെപി രൂപീകരിച്ചതെന്ന വസ്​തുതയും ധാരാളംപേർ ചൂണ്ടിക്കാട്ടി. ബിജെപി ഉണ്ടായിട്ടില്ലാത്ത കാലത്തുനടന്നുവെന്ന്​ അനുമാനിക്കപ്പെടുന്ന സംഭവത്തെ സിപിഐ എം – ബിജെപി കൂട്ടുകെ​ട്ടിന്​ ഉദാഹരണമായി എം ടി രമേശ്​ പറയുന്നത്​ പരിഹാസ്യമാണെന്നും സമൂഹ മാധ്യമങ്ങളിൽ വിലയിരുത്തലുണ്ടായി. കെ ജി മാരാരും ഒ രാജഗോപാലും 1980 ൽ കോൺഗ്രസ് മുന്നണിയിൽ നിന്ന് ജനവിധി തേടുകയുമുണ്ടായതായും നിരവധിപേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.