Wednesday
17 December 2025
30.8 C
Kerala
HomeKeralaകള്ളവോട്ട്‌ ആരോപണത്തിൽ ചെന്നിത്തലയെ പരിഹസിച്ച്‌ തോമസ്‌ ഐസക്‌

കള്ളവോട്ട്‌ ആരോപണത്തിൽ ചെന്നിത്തലയെ പരിഹസിച്ച്‌ തോമസ്‌ ഐസക്‌

ജയിച്ചു വരുന്ന തങ്ങളുടെ ഒരു എംഎൽഎ പോലും ബിജെപിയിൽ ചേരില്ല എന്ന് കേരളത്തിന് ഉറപ്പു കൊടുക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിയുമോ എന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. എന്തോ അബദ്ധത്തിൽ ഉദുമയിലെ ഒരു കോൺഗ്രസ് അനുഭാവിയുടെ പേര് വോട്ടർപട്ടികയിൽ ആവർത്തിച്ചു വന്നു.

വിവരമറിഞ്ഞയുടൻ സിപിഎമ്മുകാർ കള്ളവോട്ടു ചേർക്കുന്നേ എന്ന നിലവിളിയുമായി അദ്ദേഹം രംഗത്തിറങ്ങി. ചുരുങ്ങിയപക്ഷം വോട്ടർ പട്ടികയിലുള്ളത് ഏതു പാർടിയുമായി ബന്ധമുള്ളവരാണെന്നെങ്കിലും അന്വേഷിക്കേണ്ടേ എന്നും ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു.

“അമരക്കാരനു തലതെറ്റുമ്പോൾ, അണിയക്കാരുടെ തണ്ടുകൾ തെറ്റും’ എന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെയാണ് കോൺഗ്രസുകാരുടെ സ്ഥിതി. നേതാവ് നേരിട്ടിറങ്ങി അണികളുടെ സാമാന്യബുദ്ധിയ്‌ക്കു വില പറഞ്ഞാലെങ്ങനെയിരിക്കും? സ്വന്തം അണികളെ അങ്ങനെയൊരു കുടുക്കിലാക്കിയിരിക്കുകയാണ് നമ്മുടെ പ്രതിപക്ഷ നേതാവ്. ഇന്ന് അദ്ദേഹം ചെയ്‌തതു നോക്കൂ.

എന്തോ അബദ്ധത്തിൽ ഉദുമയിലെ ഒരു കോൺഗ്രസ് അനുഭാവിയുടെ പേര് വോട്ടർപട്ടികയിൽ ആവർത്തിച്ചു വന്നു. വിവരമറിഞ്ഞയുടൻ സിപിഎമ്മുകാർ കള്ളവോട്ടു ചേർക്കുന്നേ എന്ന നിലവിളിയുമായി അദ്ദേഹം രംഗത്തിറങ്ങി. ചുരുങ്ങിയപക്ഷം വോട്ടർ പട്ടികയിലുള്ളത് ഏതു പാർടിയുമായി ബന്ധമുള്ളവരാണെന്നെങ്കിലും അന്വേഷിക്കേണ്ടേ?.

ബിജെപി നേതാവ് ബാലശങ്കറിന്റെ അസംബന്ധ പരാമർശത്തിൽ കയറിപ്പിടിച്ചതും അതുപോലെയാണ്. സംസ്ഥാനത്ത് ബിജെപി സിപിഎം കൂട്ടുകെട്ട് നിലനിൽക്കുന്നു എന്നൊക്കെ ആക്ഷേപിച്ചാൽ സാമാന്യബുദ്ധിയുള്ള കോൺഗ്രസുകാർ പോലും പുച്ഛിച്ചു തള്ളും.

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഊഴം വെച്ച് ബിജെപിയിലേയ്ക്ക് നേതാക്കളൊഴുകുന്നത് കോൺഗ്രസിൽ നിന്ന്. അതു കണ്ട് അന്തം വിട്ടു നിൽക്കുന്ന ജനങ്ങളുടെ മുമ്പിലാണ് ഈ കോമഡി.

അല്ലെങ്കിൽത്തന്നെ ഉന്നയിക്കുന്ന ആരോപണം നാലാൾ വിശ്വസിക്കണമെന്ന നിർബന്ധമൊന്നും നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഉണ്ടായിട്ടില്ല. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേരുമെന്ന് പരസ്യമായി പറയുന്നത് കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റാണ്.

ജയിച്ചാൽ നേതാക്കൾ ബിജെപിയാകും, തോറ്റാൽ പ്രവർത്തകർ ബിജെപിയാകും. ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് കേരളത്തിലെ കോൺഗ്രസ്. അതു മറച്ചു വെയ്ക്കാൻ സിപിഎം ബിജെപി കൂട്ടുകെട്ട് എന്നൊക്കെ ഉച്ചത്തിൽ ആരോപിച്ചു നോക്കുകയാണ്.

ചെങ്ങന്നൂരും ആറന്മുളയും ജയിക്കാൻ വേണ്ടി കോന്നിയിൽ സുരേന്ദ്രനെ ജയിപ്പിക്കും എന്നാണല്ലോ ബാലശങ്കറിന്റെ അസംബന്ധം. പ്രതിപക്ഷ നേതാവേ, ഈ മൂന്നും സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നിടത്തും ഈ തിരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ വിജയിക്കുകയും ചെയ്യും. ഒരു സീറ്റിലും ഞങ്ങൾക്ക് ജയിക്കാൻ ബിജെപിയുടെ സഹായം വേണ്ടെന്ന് ഉമ്മൻചാണ്ടി പോലും സമ്മതിക്കും. ബിജെപിയുടെ സഹായത്തോടെ ഞങ്ങൾക്ക് ജയിക്കുകയും വേണ്ട.

ഞങ്ങളെ തോൽപ്പിക്കാൻ ഒരിക്കൽ കോലീബി സഖ്യം പരീക്ഷിച്ചവരാണ് നമ്മുടെ പ്രതിപക്ഷ നേതാവും സംഘവും. കോൺഗ്രസും ലീഗും ബിജെപിയും ഒത്തു പിടിച്ചാൽ ബേപ്പൂരിൽ സ.ടി കെ ഹംസയെ തോൽപ്പിക്കാനും വടകരയിൽ കെ പി ഉണ്ണികൃഷ്ണനും തോറ്റുപോകുമെന്ന് മനപ്പായസമുണ്ട കാലം അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു. ബിജെപിയും കോൺഗ്രസും ലീഗും ഒരുമിച്ചു നിന്നിട്ട് ഞങ്ങളെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരുമിച്ചു നിന്നാലും വെവ്വേറെ നിന്നാലും നിങ്ങളെ ജനം തള്ളും. കേരളം അതു തെളിയിച്ചിട്ടുണ്ട്. കോൺഗ്രസ് വിജയിച്ച എത്ര സംസ്ഥാനങ്ങളിൽ ഇപ്പോൾ ബിജെപി ഭരിക്കുന്നുണ്ട് എന്ന് പ്രതിപക്ഷനേതാവ് അന്വേഷിച്ചു നോക്കുക.

നിങ്ങളുടെ എംഎൽഎമാരെ വിലയ്ക്കെടുത്താണ് അവരതു സാധിച്ചത്. പുതുച്ചേരിയിലെ കഥയൊന്നും അധികം വിസ്തരിക്കേണ്ടതില്ലല്ലോ. ജയിച്ചു വരുന്ന തങ്ങളുടെ ഒരു എംഎൽഎ പോലും ബിജെപിയിൽ ചേരില്ല എന്ന് കേരളത്തിന് ഉറപ്പു കൊടുക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിയുമോ? – ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു.

 

RELATED ARTICLES

Most Popular

Recent Comments