തപാൽ വോട്ട്: അറിയേണ്ട വസ്തുതകൾ

0
98

നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്.

തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്.

പോളിംഗ് ഓഫീസർ ആബ്സൻറീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക. വോട്ടർ പട്ടികയിൽ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കാണ് തപാൽ ബാലറ്റിന് അർഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവർ നിശ്ചിത സർക്കാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിക്കുക.

തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

വോട്ടർപട്ടികയിൽ തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർപ്പട്ടികയുടെ പകർപ്പ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും.തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും.

സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും.

സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.

കോവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും പോളിംഗിന്റെ അവസാനമണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവർക്ക് വോട്ടുചെയ്യാനാകൂ.