‌’കോൺഗ്രസ്‌ നേതൃത്വം നിഷ്‌ക്രിയമാണ്, രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല ‘ : പി സി ചാക്കോ സംസാരിക്കുന്നു

0
89

കോൺഗ്രസ്‌ ദേശിയ- സംസ്ഥാന നേതിര്ത്വത്തിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസിൽ നിന്ന് രാജിവെച്ച പി സി ചാക്കോ.ബിജെപി സർക്കാരിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ദേശീയതലത്തിൽ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിക്കാൻ കോൺഗ്രസിനു കഴിയുന്നില്ലെന്ന്‌ പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്ന പി സി ചാക്കോ വ്യക്തമാക്കി.

കോൺഗ്രസ്‌ നേതൃത്വം നിഷ്‌ക്രിയമാണ്‌. പാർടി അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ ആരോഗ്യപ്രശ്‌നമുണ്ട്‌. രാഹുൽ ഗാന്ധി എവിടെ പോകുന്നു, എപ്പോൾ വരുന്നു എന്നൊന്നും ആർക്കുമറിയില്ല. കെ സി വേണുഗോപാലിനും പരിമിതിയുണ്ട്‌. പാർടിയുടെ നിർജീവാവസ്ഥയെ വിമർശിക്കുന്നവരെ ശത്രുക്കളായി കാണുകയാണെന്ന്‌ -‘ദേശാഭിമാനി’യോട്‌ പി സി ചാക്കോ പറഞ്ഞു.

ബിജെപിക്കും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരെ വിപുലമായ സഖ്യം ഉയർന്നുവരണം. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ കഴിയുന്നത്ര കാര്യങ്ങൾ ചെയ്യുന്നു. അദ്ദേഹത്തിന്‌ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷി നേതാക്കളുമായി നല്ല അടുപ്പമുണ്ട്‌. ഇക്കാര്യത്തിൽ‌ ഒന്നും ചെയ്യാതെ കോൺഗ്രസ്‌ മാറിനിൽക്കുന്നു. മാസത്തിൽ ഒരു തവണയെങ്കിലും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കേണ്ടതാണ്‌. ഇതിനുപോലും കോൺഗ്രസ്‌ തയ്യാറാകുന്നില്ല.

മഹാമോശം കാര്യങ്ങളാണ്‌ കേരളത്തിൽ വന്ന്‌ രാഹുൽ ഗാന്ധി ചെയ്യാൻ ശ്രമിക്കുന്നത്‌. കേരളത്തിൽവന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്‌ കേന്ദ്രഏജൻസികളെക്കുറിച്ച്‌ ദേശീയതലത്തിൽ കോൺഗ്രസ്‌ പറയുന്നതിനു വിരുദ്ധമാണ്‌.

ഇത്‌ പക്വതയില്ലാത്ത പ്രവൃത്തിയാണ്‌. കേന്ദ്രഏജൻസികൾ ചെയ്യുന്നത്‌ എന്താണെന്ന്‌ എല്ലാവർക്കും അറിയാം. സങ്കുചിതമായ രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നത്‌ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. രാഹുൽ ഗാന്ധിക്ക്‌ പ്രസംഗം എഴുതിക്കൊടുക്കുന്നവരും പറഞ്ഞുകൊടുക്കുന്നവരും ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌ എ കെ ആന്റണിയൊക്കെ ആലോചിക്കണം.

സോണിയ ഗാന്ധിക്ക്‌ 23 നേതാക്കൾ കത്തെഴുതിയിരുന്നല്ലോ? അവരോടുള്ള നിലപാട്‌ എന്താണ്‌?

ഗുലാംനബി ആസാദും ആനന്ദ്‌ ശർമയും അടക്കമുള്ള 23 നേതാക്കളാണ്‌ കത്തെഴുതിയത്‌. ഇതേത്തുടർന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന്‌ അവരെ ഒഴിവാക്കി. 25 വർഷമായി എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ താരപ്രചാരകരായിരുന്നു ഇരുവരും. അവർ ചെയ്‌ത തെറ്റ്‌ എന്താണ്‌? സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ വിമർശിച്ചിട്ടില്ല.
സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണം, പാർടി സജീവമാകണം തുടങ്ങി കോൺഗ്രസിൽ ഭരണഘടനപ്രകാരം കാര്യം നടക്കണമെന്നാണ്‌‌ പറഞ്ഞത്‌.

അവരെ സോണിയ ഗാന്ധി ചർച്ചയ്‌ക്ക്‌ വിളിച്ചിരുന്നു. ‌കുറച്ച്‌ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഗുലാംനബിയെ കണ്ടിരുന്നു. കാത്തിരിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും പാർടി അധ്യക്ഷ പറഞ്ഞതുകൊണ്ട്‌ കാത്തിരിക്കയാണെന്നാണ്‌ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. അവർ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്‌. രാഹുൽ ഗാന്ധിക്ക്‌ ഇതൊന്നും നോക്കാൻ സമയമില്ല. പോരായ്‌മകൾ ചൂണ്ടിക്കാണിക്കുന്നത്‌ അദ്ദേഹത്തിനും ഇഷ്ടമല്ല.

താങ്കൾ കോൺഗ്രസ്‌ വിട്ട സമയത്തെപ്പറ്റി നേതാക്കൾ വിമർശനം ഉന്നയിക്കുന്നണ്ടല്ലോ?

പി സി ചാക്കോ ചെയ്‌തത്‌ തെറ്റാണെന്ന്‌ നെഞ്ചിൽ കൈവച്ച്‌ ഒരു കോൺഗ്രസ്‌ നേതാവിനും പറയാൻ കഴിയില്ല. ഞാൻ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്‌. പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തെറ്റാണെന്ന്‌ ആർക്കെങ്കിലും പറയാൻ കഴിയുമോ? ഗ്രൂപ്പ്‌ അടിസ്ഥാനത്തിലാണ്‌ സ്ഥാനാർഥികളെ വീതംവച്ചതെന്ന്‌ ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവർ തന്നെ പറയുന്നു. കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞത് ‌ ‘എ’യും ‘ഐ’യും സീറ്റ്‌ പങ്കിട്ടെന്നാണ്‌. ലതിക സുഭാഷ്‌ തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചു. ഇതൊക്കെ ആർക്കെങ്കിലും നിഷേധിക്കാൻ കഴിയുമോ? എന്നെ ഉപദേശിക്കാൻ എ കെ ആന്റണി അടക്കമുള്ളവർക്ക്‌ അവകാശമില്ല.

എൻസിപിയിൽ ചേർന്ന സാഹചര്യത്തെ എങ്ങനെ കാണുന്നു?

ഞാൻ ആദ്യമായല്ല ഇടതുപക്ഷത്തോടൊപ്പം ചേരുന്നത്‌. അടിയന്തരാവസ്ഥയ്‌ക്കുശേഷം ഞാനും എ കെ ആന്റണിയും കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിച്ചു. ആന്റണി ചെറിയ കാര്യങ്ങളുടെ പേരിൽ ഇടതുപക്ഷ മുന്നണി വിട്ടുപോയപ്പോഴും ഞാൻ തുടർന്നു. 1986 വരെ കോൺഗ്രസ്‌ എസിൽ പ്രവർത്തിച്ചു. എല്ലാ കോൺഗ്രസ്‌ ചിന്താഗതിക്കാരും ഒന്നിക്കണമെന്ന്‌ രാജീവ്‌ ഗാന്ധി ആഹ്വാനം ചെയ്‌ത സാഹചര്യത്തിലാണ്‌ 1986ൽ തിരിച്ചുപോയത്‌.

എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായി ദീർഘകാലം ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്‌. സ്ഥാനമാനങ്ങൾ നോക്കിയല്ല തീരുമാനം. മതനിരപേക്ഷ ചേരി രാജ്യത്ത്‌ ശക്തമാകണം. അതിനായി കഴിയുന്നത്ര കാര്യങ്ങൾ ചെയ്യണം. വ്യാഴാഴ്‌ച കേരളത്തിൽ എത്തും. വെള്ളിയാഴ്‌ച മുഖ്യമന്ത്രിയോടൊപ്പം പ്രചാരണയോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ്‌ ഭരണകാലത്ത്‌ നടപ്പാക്കാൻ കഴിയാതെ പോയ വികസനപ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ നിറവേറ്റിയിട്ടുള്ളത്‌.

രാഹുൽ ഗാന്ധിക്ക്‌ കാഴ്‌ചപ്പാടില്ല

രാഹുൽ ഗാന്ധിക്ക്‌ പലപ്പോഴും ശരിയായ കാഴ്‌ചപ്പാട്‌ നഷ്ടപ്പെടുന്നു. വയനാട്ടിൽ മത്സരിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇതേപ്പറ്റി വാർത്തകൾ വന്നപ്പോൾ ഞാൻ രാഹുൽ ഗാന്ധിയെ നേരിട്ട്‌ കണ്ട്‌ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. അതുകേട്ട്‌ അദ്ദേഹം സ്‌തബ്ധനായി. നിങ്ങൾ കേരളത്തിൽനിന്നുള്ള ആളല്ലേ?

എന്തുകൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നതെന്ന്‌ എന്നോട്‌ ചോദിച്ചു. ഇടതുപക്ഷത്തെ ശത്രുപക്ഷത്ത്‌ കാണരുതെന്ന്‌ ഞാൻ ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്നത്‌ ഒരു പാർടിയല്ല. അതൊരു തത്വചിന്തയാണ്. ഇന്ദിര ഗാന്ധിയും രാജീവ്‌ ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല. എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാൻ അദ്ദേഹം പറഞ്ഞു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുൽ ഗാന്ധിക്ക്‌ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെങ്കിൽ കർണാടകത്തിൽ ആകാമായിരുന്നു. ബിജെപിക്ക്‌ എതിരെ മത്സരിക്കാമായിരുന്നു.