ദുഷ്‌പേരിൽനിന്നും കേരളത്തെ യശസ്സുയർത്തി നമ്പർവൺ സംസ്‌ഥാനമാക്കി : മുഖ്യമന്ത്രി

0
85

രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അവ തകർക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുഷ്‌പേരിൽനിന്നും കേരളത്തെ യശസ്സുയർത്തി നമ്പർവൺ സംസ്‌ഥാനമാക്കി എൽഡിഎഫ്‌ സർക്കാർ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു

സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ തകർക്കാനുളള ശ്രമങ്ങൾക്കെതിരെ രാജ്യത്തിനകത്ത്‌ നിന്ന്‌ പല വിധ പ്രക്ഷോഭങ്ങളും സമരങ്ങളും പ്രസ്‌ഥാനങ്ങളും ഉയർന്ന്‌ വരും. രാജ്യത്ത്‌ ആ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്‌ മേൽകൈയുള്ള എൽഡിഎഫ്‌ സർക്കാരാണ്‌ കേരളത്തിൽ ഭരിക്കുന്നത്‌.

അതുകൊണ്ട്‌തന്നെ ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ ദേശീയതലത്തിൽതന്നെ വലിയ പ്രാധാന്യമാണുള്ളതെന്നും മാനന്തവാടിയിൽ ചേർന്ന എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറ്റ്‌ ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനാണ്‌ മാനന്തവാടിയിൽ തുടക്കമായത്‌.

മരനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും തകർക്കുന്നവർക്കെതിരെയുള്ള സമര കൂട്ടായ്‌മ രാജ്യത്ത്‌ ഒരു മഹാപ്രസ്‌ഥാനമാണ്‌. അവരുടെ മുന്നോട്ടുള്ള പോക്കിന്‌ കേരളത്തിന്റെ തെരഞ്ഞെടുപ്പ്‌ ഫലം സ്വാധീനിക്കുമെന്നാണ്‌ അവർ കരുതുന്നത്‌. കർഷകരും തൊഴിലാളികളും ജീവനക്കാരും അടങ്ങുന്ന ആ മഹാ പ്രസ്‌ഥാനത്തിന്‌ ഊർജം പകരാൻ കേരള തെരഞ്ഞെടുപ്പ്‌ വലിയ തോതിൽ സഹായിക്കും എന്നാണ്‌ കരുതുന്നത്‌.

2016 ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു കേരളത്തിന്റെ അവസ്‌ഥ . ദുഷപേര്‌ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നാടിനുണ്ടായിരുന്ന നല്ലപേരും യശസ്സും പോയ്‌കഴിഞ്ഞിരുന്നു. സമസ്‌ത മേഖലകളിലും വികസന മുരടിപ്പ്‌. അതിനൊരു മാറ്റവേണമെന്ന്‌ ലോകമെമ്പാടുമുള്ള മലയാളികൾ ആഗ്രഹിച്ചു. അതിന്റെ ഫലമായിരുന്നു എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയത്‌.

ഇന്ന്‌ രാജ്യത്തെ നമ്പർ വൺ സംസ്‌ഥാനമായി കേരളം മാറി. എല്ലാമേഖലകളിലും നേട്ടമുണ്ടാക്കി തുടർച്ചയായി നമ്പർ വൺ സ്‌ംഥാനമായി മാറ്റാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. എൽഡിഎഫ്‌ സർക്കാർ കേരളത്തിന്റെ യശസ്‌ തിരിച്ചുപിടിച്ചു. ഇതെല്ലാം ജനങ്ങളുടെ കൺമുന്നിലുണ്ട്‌.

എന്നൽ അതിനെതിരെ നുണപ്രചരണവുമായി ഇറങ്ങിയിരിക്കുയാണ്‌ കോൺഗ്രസും ബിജെപിയും അവർ നയിക്കുന്ന മുന്നണികളും. എന്നാൽ കേരളം നിങ്ങൾക്ക്‌ വിരട്ടാൻ പറ്റിയ നാടല്ല. ആ നുണപ്രചരണത്തെ ചെറുക്കാൻ നാടിനാകണം.

ഓരോവീട്ടിലും സത്യസന്ധമായ വിവരങ്ങൾ എത്തിക്കണം. കിഫ്‌ബിയെ തകർക്കുമെന്നാണ്‌ അവർ പറയുന്നത്‌. കേരളത്തിന്‌ വികസനം സാധ്യമാക്കിയത്‌ കിഫ്‌ബിയിലൂടെയാണ്‌. ആ കിഫ്‌ബിയെ തകർക്കാൻ കഴിയില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വികസിച്ചു. സ്‌കൂളുകളും പാലങ്ങളും ആശുപത്രികളും ഉയർന്നു. വലിയ വികസനങ്ങളിലുടെ കേരളം മൊത്തം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.