പെയ്ഡ് ന്യൂസ് പരക്കെ ; വാഴ്ത്തലുകൾ തേടി വമ്പന്മാർ

0
56

– കെ വി കുഞ്ഞിരാമൻ –

പെയ്ഡ് ന്യൂസ് സമ്പ്രദായം കേരളത്തിലും വ്യാപകമാവുന്നു. വൻതോതിൽ പണവും പാരിതോഷികങ്ങളും നൽകി അനുകൂല വാർത്തകൾ സൃഷ്ടിക്കുന്ന പ്രവണത കൂടിവരികയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വളരെമുമ്പേ ഈ അനാശാസ്യ സ്വാധീനമുണ്ട്. ഇപ്പോൾ നവമാധ്യമ രംഗത്തേക്കും കടന്നുവരികയാണിത്. വലിയ ധനശേഷിയുള്ള പല സ്ഥാനാർത്ഥികളും ഇത്തരം അപദാന സൃഷ്ടികളെയും പ്രചാരണരീതിയെയും അവലംബിച്ചു തുടങ്ങിയതായി അറിയുന്നു.

പെയ്ഡ് ന്യൂസ് രണ്ട് തരമുണ്ട്. മാധ്യമ പ്രവർത്തകനോ സ്ഥാപനത്തിനോ നേരിട്ട് പണം നൽകി തങ്ങൾക്ക് വേണ്ടപോലെ വാർത്തകൾ തയ്യാറാക്കിച്ചും അവതരിപ്പിച്ചും നേട്ടമുണ്ടാക്കലാണ് ഒരു രീതി. മറ്റൊന്ന് പരസ്യച്ചാർജ് എന്ന വ്യാജേന വാർത്താമാധ്യമങ്ങൾക്ക് അമിതമായി പണം കൊടുത്ത് വികസന ഫീച്ചറുകളും സ്പോൺസേർഡ് അഭിമുഖങ്ങളും മറ്റും ഒരുക്കലും. ഇവയിൽ ആദ്യത്തേത് കേരളത്തിൽ തുടങ്ങിയത് കോൺഗ്രസാണ് – 1959 ലെ കുപ്രസിദ്ധവും അക്രമാസക്തവുമായ ‘വിമോചന സമര’ വേളയിൽ . പിന്നത്തേത് നടപ്പാക്കിയതാവട്ടെ കഴിഞ്ഞ ഭരണകാലത്ത് യു ഡി എഫിന്റെയും അതിനെ നയിച്ച ഉമ്മൻ ചാണ്ടിയുടെയും മുൻകൈയോടെയും . ഈ രണ്ട് ഘട്ടത്തിലും അനഭിമത വഴിക്കുള്ള പ്രചാരവേലകൾക്ക് യഥേഷ്ടം പണം ചെലവഴിച്ചതിന്റെ തെളിവുകൾ സുലഭമാണുതാനും.

സംസ്ഥാനത്ത് സകല അറു പിന്തിരിപ്പൻ ശക്തികളും രംഗത്തിറങ്ങി ആറ് പതിറ്റാണ്ട് മുമ്പ് നടത്തിയ ജനാധിപത്യ വിരുദ്ധ അട്ടിമറിസമരത്തിൽ അമേരിക്കൻ ചാര ഏജൻസിയായ സി ഐ എ യിൽനിന്ന് കൈപ്പറ്റിയ ലക്ഷങ്ങളാണ് കോൺഗ്രസ് വിനിയോഗിച്ചത്. 2011-16 ലെ യു ഡി എഫ് ഭരണം തുടർന്നും നിലനിർത്തിക്കിട്ടാൻ ഭീമമായ തുക തങ്ങളെ പിന്താങ്ങുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് കൈമാറിയത് പൊതുഖജനാവിൽ നിന്നുതന്നെയായിരുന്നു. വസ്തുതകൾ മറച്ചുവെച്ചും വളച്ചൊടിച്ചും നിസ്സാരമായവ പർവതീകരിരിച്ചും പൊതുസമ്മതി ഉല്പാദിപ്പിക്കുന്ന മാധ്യമതന്ത്രമായിരുന്നു ഇരുസന്ദർഭത്തിലും അവർ ആശ്രയിച്ചത്. അതേ അടവ് കോടിക്കണക്കിന് രൂപ ചെലവിട്ട് പരീക്ഷിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കീഴിലുള്ള പ്രചാരണ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പും.

കേരള പത്രപ്രവർത്തക യൂനിയന്റെ 1973 ലെ വാർഷിക സമ്മേളന പതിപ്പിൽ പഴയ തലമുറയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആയിരുന്ന കെ എൽ രാമസ്വാമി എഴുതിയ ഒരു ലേഖനമുണ്ട്. “വിമോചനസമര” നാളുകളിൽ പത്ര റിപ്പോർട്ടർമാരെ വശത്താക്കാൻ കോൺഗ്രസ് പണം വിതരണം ചെയ്തിരുന്നതിന്റെ നേർചിത്രമാണ് കക്ഷിരാഷ്ട്രീയം തൊട്ടുതീണ്ടാത്ത സ്വാമി അതിൽ അവതരിപ്പിക്കുന്നത്.

വിശ്വാസ്യതയിൽ ഇന്ത്യയിലെ അച്ചടി മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ദിന പത്രമാണ് ഹിന്ദു. സംസ്ഥാനത്തെ പത്രപ്രവർത്തകരുടെ ഏക സംഘടനയായ കെ യു ഡബ്ല്യു ജെ ആണെങ്കിൽ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാരും ഉള്ളതാണ്. അതുകൊണ്ടുതന്നെ “വി മോചന സമര”ത്തിന്നിനിടയിലെ സ്വന്തം അനുഭവം പരാമർശിക്കുന്ന രാമസ്വാമിയുടെ അനുസ്മരണക്കുറിപ്പ് കരുതിക്കൂട്ടി ആരെയെങ്കിലും കുറ്റപ്പെടുത്താൻ പ്രസിദ്ധപ്പെടുത്തിയതല്ലെന്ന് വ്യക്തം. ആ നിലയ്ക്ക് പരിഗണിച്ച്, തികച്ചും സാത്വികനായ അന്നത്തെ മുതിർന്ന പത്രപ്രവർത്തകന്റെ വാക്കുകളിലേക്ക് നേരിട്ട് കടക്കട്ടെ.

” ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭക്കെതിരെ വിമോചന സമരം നടക്കുകയാണ്. അന്നൊരു ദിവസം എന്നെ കാണാൻ ഒരു സ്ത്രീ കോഴിക്കോട്ട് ശാന്തഭവൻ ലോഡ്ജിൽ കാത്തിരിക്കുന്നതായി വിവരം കിട്ടി. ഞാൻ അന്ധാളിച്ചുപോയി. വരുന്നതു വരട്ടെ എന്ന് വിചാരിച്ച് ഞാൻ ചെന്നു. നിർദിഷ്ട മുറിയിലേക്ക് കടന്നപ്പോൾ അവിടെ ഒരു സ്ത്രീയും ഒരു പുരുഷനും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കാലു കുത്തേണ്ട താമസം പുരുഷൻ സ്ഥലം വിട്ടു. എന്റെ അന്ധാളിപ്പ് ഒന്നുകൂടി വർധിച്ചു. അപ്പോൾ സ്ത്രീ മൊഴിയുകയാണ്. ഇ എം എസ്സിന്റെയും അയാളുടെ ഗവർമെണ്ടിന്റെയും പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്യരുത്. മറിച്ച് നമ്മുടെ വിമോചന സമരത്തിന് നല്ല പ്രസിദ്ധീകരണം നൽകുകയും വേണം. അതൊന്ന് പ്രത്യേകം പറയാനാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്. ‘ഇത് കൈയിലിരിക്കട്ടെ’ എന്നു പറഞ്ഞ് എന്റെ നേർക്ക് അവർ ഒരു കെട്ട് കടലാസ് നീട്ടി. അലക്കിത്തേച്ച പോലുള്ള നോട്ടുകൾ. 5000 കയിൽ കുറയില്ല. എന്റെ ഞരമ്പുകൾ നുറുങ്ങുന്നപോലെ തോന്നി. കോഴയിൽ കുടുക്കാൻ നിങ്ങൾക്ക് എന്നെ കിട്ടില്ലെന്നു പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു. ഹിന്ദു ജനറൽ മാനേജർ ജി നരസിംഹന് സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.”

മലബാറിൽ പൊതുവെയും കോഴിക്കോട്ട് പ്രത്യേകിച്ചും കോൺഗ്രസ്തന്നെയായിരുന്നു അട്ടിമറി സമരത്തിന്റെ നേതൃത്വത്തിൽ . അവിടെ പത്രപ്രവർത്തകർക്കുള്ള പണമെത്തിക്കൽ ചുമതല ഏല്പിച്ചിരുന്ന വനിതാ നേതാവും അതേ പാർട്ടിക്കാരി ആയിരുന്നു. അവർക്ക് പലരെയും വലയിൽ വീഴ്ത്താൻ കഴിയുകയുമുണ്ടായി. രാമസ്വാമിയെപ്പോലെ പത്രധാർമികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവർ അന്നെന്നല്ല ഇന്നും നന്നേ കുറവാണല്ലോ.

ജവഹർ ലാൽ നെഹ്റു പ്രധാനമന്ത്രിയും ഇന്ദിരാഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റുമായി വാഴുമ്പോളാണല്ലോ കേരളത്തിൽ അട്ടിമറി സമരം നടന്നത്. അന്നത്തെ പല വലിയ പത്രങ്ങളുടെയുംവരെ വാർത്തകളിലും തലക്കെട്ടുകളിലും അമേരിക്കൻ പണം ഒഴുക്കിയതിന്റെ സ്വാധീനം പ്രകടമായിരുന്നു. അത്തരം പ്രലോഭനങ്ങളിൽ പെട്ടുപോകാതെ ആത്മാഭിമാനം കാത്ത് , പിടിച്ചുനിന്ന
രാമസ്വാമിയുടെ വാക്കുകൾ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന തായാട്ട് ശങ്കരൻ ‘സ്വകാര്യ ചിന്തകൾ ‘ എന്ന തന്റെ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. വിമോചന സമരത്തിന് മുമ്പും ശേഷവും കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗകരിൽ മുൻനിരക്കാരനായിരുന്ന, പിന്നീട് ഇടതുപക്ഷ സഹയാത്രികനായി മാറിയ അദ്ദേഹം അക്കാലത്തെ പത്രപ്രവർത്തനത്തിലെ അനാശാസ്യ പ്രവണതകൾ പിന്നെയും തുടർന്നുപോരുന്നതിനെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട് അതേ ഗ്രന്ഥത്തിൽ.

ഇന്നത്തെ ചില വാർത്താമാധ്യമ സ്ഥാപനങ്ങളുടെ കെട്ടും മട്ടും ഭാവവും കണ്ടാൽ അവയുമായി വലിയ സാമ്യം തോന്നും. മലയാളത്തിൽ ദൃശ്യമാധ്യമ പ്രവർത്തനത്തിന് ആരംഭം കുറിച്ച ഏഷ്യാനെറ്റിന്റെ സ്ഥാപകൻകൂടിയായ ശശികുമാർ ഈയിടെ നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ്. ഒരു അപ്രഖ്യാപിത വിമോചന സമരത്തിന്റെ ലാഞ്ഛനകളാണ് ഇപ്പോൾ സംസ്ഥാനത്ത് കാണുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എത്രയോ വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ- മാധ്യമ ചലനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും സമഗ്രമായി വിലയിരുത്തുകയും ചെയ്യുന്ന വിദഗ്ധനും എഴുത്തുകാരനുമാണല്ലോ ശശികുമാർ.

‘വാർത്തകൾക്ക് പിന്നിൽ ‘ എന്ന തായാട്ടിന്റെ ചിന്താശകലത്തിലാണ് രാമസ്വാമിയെക്കുറിച്ചും മറ്റും പരാമർശിക്കുന്നത്. ഒപ്പം അദ്ദേഹം അടിവരയിട്ട് ഓർമപ്പെടുത്തുന്ന ഒരു കാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ. അതിതാണ്: ‘ശരാശരി വായനക്കാരൻ പത്രത്തിലെ വലിയ തലക്കെട്ടുകൾക്ക് പിറകെ പോകും. ആ തലക്കെട്ടുകൾ ആ മട്ടിൽ ഒപ്പിച്ചെടുക്കുന്നതിന് മറ്റേതോ കേന്ദ്ര ത്തിൽനിന്ന് ഒഴുകി വരുന്ന പെണ്ണും പണവും വീഞ്ഞും സംബന്ധിച്ച് മനസ്സിലാക്കിയില്ലെന്നും വരും.’

ഇന്ത്യയിൽ അമേരിക്കൻ അംബാസഡർമാർ ആയിരുന്ന ഡാനിയൽ പാട്രിക് മൊയ്നിഹാനും എൽസ് വർത്ത് ബങ്കറുംതന്നെ കേരളത്തിലെ വിമോചന സമരത്തെ എങ്ങനെയൊക്കെയാണ് യു എസ് ഏജൻസി സഹായിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. കുഴപ്പം പിടിച്ച നാട് ( A Dangerous Place) എന്ന പേരിലുള്ള കേരളവുമായി ബന്ധപ്പെട്ട തന്റെ ഓർമ്മക്കുറിപ്പുകളിലാണ് അവരുടെ ചാരസംഘടനയുടെ ഇടപെടൽ പാട്രിക് മൊയ്നിഹാൻ വ്യക്തമാക്കുന്നത്. യു എസ് ആഭ്യന്തര വകുപ്പിന്റെ ആർക്കൈവ്സിൽ സൂക്ഷിച്ചുപോരുന്ന എൽസ് വർത്ത് ബങ്കറുടെ വാമൊഴി വിവരശേഖരണത്തിലും ഇതേ തെളിവുകൾ ഉള്ളതായി ഡോ. ടി എം തോമസ് ഐസക്കിന്റെ ഗവേഷണ പഠനങ്ങളിലും കണ്ടെത്തുകയുണ്ടായി. കേന്ദ്രത്തിൽ കൃഷിമന്ത്രി ആയിരുന്ന എസ് കെ പാട്ടീലിനെപ്പോലുള്ള ഇടനിലക്കാർ വഴിയാണ് ഇങ്ങോട്ട് പണം എത്തിച്ചതെന്നും പിൽക്കാലത്ത് പരസ്യമായതാണ്.

രാജ്യത്ത് ആദ്യമായി “പെയ്ഡ് ന്യൂസ് ” ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് 2008 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു. അന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ പ്രസ് കൗൺസിൽ പ്രത്യേക സമിതിയെ നിയോഗിക്കുകയുമുണ്ടായി. ആ കമ്മിറ്റിയുടെ കണ്ടെത്തൽ ഇങ്ങനെ – ” ഏതാനും പത്രപ്രവർത്തകരുടെ അവിശുദ്ധ ഇടപാട് എന്നതിനപ്പുറം ഇന്ത്യൻ വാർത്താ മാധ്യമ രംഗത്തെ അഴിമതി ഗ്രസിച്ചിരിക്കുന്നു. പണത്തിനോ മറ്റു സൗകര്യങ്ങൾക്കോ വേണ്ടി വാർത്തകളും വീക്ഷണങ്ങളും അവതരിപ്പിക്കുക എന്നത് വ്യവസ്ഥാപിത രീതിയിലേക്ക് മാറിയിട്ടുണ്ട്. തല്പര കക്ഷികൾക്കോ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കോ വേണ്ടി വാർത്തകൾ സൃഷ്ടിച്ചു നൽകുകയും പ്രതിഫലമായി പണം കൈപ്പറ്റുകയുമാണ് ചെയ്യുന്നത്. വാർത്ത എന്ന വ്യാജേന പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഇത്തരത്തിൽ പ്രചാരണങ്ങൾ ഏറ്റെടുത്ത് നടത്തുകയാണ് ” .

ഇപ്പോൾ കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിയാകട്ടെ, രാജ്യവ്യാപകമായിത്തന്നെ വാർത്താ മാധ്യമങ്ങളെ വരുതിയിലാക്കാൻ സർവ തന്ത്രങ്ങളും പ്രയോഗിക്കുന്നു. വഴങ്ങാൻ മടിക്കുന്ന മാധ്യമസ്ഥാപനങ്ങളെ പരസ്യം മുടക്കി ഞെരുക്കിയും , ആദായനികുതി വകുപ്പിലെയും എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിലെയും ഉദ്യോഗസ്ഥരെ അയച്ച് കേസെടുപ്പിച്ചും ഭീഷണിപ്പെടുത്തുകയാണ്. അന്താരാഷ്ട തലത്തിൽ അറിയപ്പെടുന്ന എൻ ഡി ടി വി ക്കും പ്രണോയ് റോയിക്കുമെതിരെവരെ കേസെടുത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മോദിയുടെ പി ആർ വർക്കിനും നവമാധ്യമ ശൃംഖലകൾക്കും ചെലവാക്കുന്നത് പരശ്ശതംകോടി രൂപയാണ്.

അതേപോലെ ഏത് അജ്ഞാത കേന്ദ്രങ്ങളിൽനിന്നും ആരുടെയൊക്കെയോ കൈകളിലൂടെ പിണറായി സർക്കാരിന്റെ തുടർച്ച തടയാനും പണം ഒഴുകിയെത്തിയേക്കാം. ഇടതുപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ ചില മാധ്യമങ്ങൾക്ക് സ്വതവേയുള്ള രാഷ്ട്രീയ- മൂലധന താല്പര്യങ്ങൾക്കൊപ്പം നോട്ടുകെട്ടുകളുടെ പ്രലോഭനം കൂടിയായാൽ സ്ഥിതി ഇനിയും വഷളാകും. അതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അത്തരം അവിഹിത നീക്കങ്ങളെ പ്രതിരോധിക്കാൻ ജനകീയമായ ഉണർച്ചയും ജാഗ്രതയുമല്ലാതെ മറ്റു മാർഗമില്ല.