മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; പുതുക്കാട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് നേതാക്കള്‍

0
60

മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജയ് ഹരിയുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍ സീറ്റിനായി വാങ്ങിയെന്നാണ് ആരോപണം. പുതുക്കാട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കുകയാണ്.

സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ വലിയ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് മണലൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ചത്. 20 ഓളം പ്രവര്‍ത്തകരാണ് രാജിവച്ചത്.

പുതുക്കാട് മണ്ഡലത്തിലും പ്രതിഷേധമുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ അനില്‍ അന്തിക്കാടിനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പറയുന്നത്. പകരം പ്രാദേശികമായിട്ടുള്ള ആളിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം