മുണ്ടയിൽ കോരന്റെ മോനെ അറിയാം, എന്തുകൊണ്ടെന്നാൽ…

0
74

– കെ വി –

കേരളത്തെ നയിച്ച എത്ര മുഖ്യമന്ത്രിമാരുടെ അച്ഛന്റെ പേരറിയാം നിങ്ങൾക്ക് … തറവാട്ടു പേരോ … ? പിണറായി വിജയന്റേത് ഒന്ന് – മുണ്ടയിൽ കോരന്റെ മകൻതന്നെ അദ്ദേഹം. പിന്നെ … വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ
വേറെ ആരുടെ ? ഓർത്തുനോക്കൂ. ഇല്ല , അത് സ്വന്തക്കാർ എന്ന് പറയാവുന്ന അത്ര അടുപ്പമുള്ളവർക്കേ നിശ്ചയമുണ്ടാവൂ. മാലോകർ മുഴുവൻ അറിയാനിടയില്ല. എന്തുകൊണ്ടാണത്… അതിലൊരു മാധ്യമക്കളിയുണ്ട് – വലതുപക്ഷ ആഭിജാത്യത്തിന്റെയും കപട നിഷ്പക്ഷതയുടെയും മേത്തരം മാധ്യമപ്രവർത്തനത്തിന്റെയും ഉപജാപം .

സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോട് അവർ പുലർത്തിപ്പോരുന്ന ഒരുതരം നിന്ദയുടെ അംശമുണ്ടിതിൽ. അഹങ്കാരവും അസഹിഷ്ണുതയുമെല്ലാം മൂത്തുനുരയുന്ന സംസ്ക്കാരലോപത്തിന്റെ തനിനിറവും. ” പാളേൽ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും ” എന്ന പഴയ മുദ്രാവാക്യ സൃഷ്ടാക്കളുടെ പിന്മുറക്കാരാണല്ലോ ഇക്കൂട്ടർ .

എങ്ങനെ സഹിക്കുമിവർ , പണ്ടത്തെ അടിസ്ഥാന വർഗത്തിലെ കോരന്റെയും ശങ്കരന്റെയും മക്കൾ നാട് ഭരിക്കുന്ന നിലയിലേക്ക് വളരുന്നത്. അവരുടെ മേൽ ധാർഷ്ട്യത്തിന്റെയും നാക്കുപിഴയുടെയുമൊക്കെ അധിക്ഷേപവർഷങ്ങൾ ഉണ്ടായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

ശരീരഭാഷ, ധാർഷ്ട്യം, അഹമ്മതി , ധിക്കാരം തുടങ്ങിയ വാക്കുകൾ നിഷ്പക്ഷനാട്യമുള്ള ചില ബുദ്ധിജീവികൾ ഇടക്കിടെ പ്രയോഗിച്ചുകാണാറുണ്ട്.        ടി വി വാർത്താ ചാനലുകളിൽ അന്തിച്ചർച്ച കൊഴുപ്പിക്കുന്ന കൂലിക്കാരും നിരന്തരം ആവർത്തിക്കാറുണ്ടിവ.

ഇടതുപക്ഷത്തെ ആക്ഷേപിക്കാനാണ് മിക്കപ്പോഴും ഈയൊരു ശൈലി അവലംബിക്കാറുള്ളത് . ഭാവഹാവാദികളിലും സംസാരത്തിലുമെല്ലാം വല്ലാത്ത ഔദ്ധത്യം കാട്ടാറുള്ള കോൺഗ്രസ്സിലെ കെ സുധാകരനെയോ ബി ജെ പി യിലെ കെ സുരേന്ദ്രനെയോ ഒന്നും സ്വഭാവസർട്ടിഫിക്കറ്റിന്റെ ഈ മൊത്ത ഏജൻസിക്കാർ ഒരിക്കലും പരാമർശിച്ചുകണ്ടിട്ടില്ല.

ചെത്തുതൊഴിലാളിയുടെ മകൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ശകാരസ്വരത്തിൽ ആദ്യം പറഞ്ഞത് ശബരിമല സമരക്കാലത്ത് ബി ജെ പി യിലെ ഒരു വരേണ്യ നേതാവായിരുന്നല്ലോ. അത് കൊട്ടിഘോഷിച്ച് പ്രചരിപ്പിച്ചത് ഹിന്ദുത്വ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന വാർത്താ മാധ്യമങ്ങളായിരുന്നു.

പിന്നീട് മാടമ്പിരാഷ്ട്രീയത്തിന്റെ വക്താവ് കണ്ണൂരിലെ എം പി യായ സുധാകരനാണ് ഉള്ളിലെ നീരസം ധ്വനിപ്പിക്കുന്ന മട്ടിൽ വീണ്ടുമീ പ്രയോഗം നടത്തിയത്. അത് വിവാദമായപ്പോഴും മാധ്യമങ്ങൾ അതിൽ ധിക്കാരമൊട്ടും ആരോപിച്ചിരുന്നില്ല. വടക്കൻ വാമൊഴിയിലുള്ള ഒരു സ്വാഭാവിക പ്രതികരണമായാണ് വ്യാഖ്യാനിച്ചത്. കക്ഷിരഹിത ലിബറൽ ചിന്താഗതി പുലർത്തുന്ന ഒരു ബുദ്ധിജീവിയും അതിനെ അപലപിച്ചിരുന്നുമില്ല.അത് വിടാം. കാരണം എല്ലാ വിഷയത്തിലും അവർ പ്രതികരിച്ചുകൊള്ളണമെന്നില്ലല്ലോ.

എന്നാൽ, ചില വാക്കുകളെയോ വാചകപ്പിഴവുകളെയോ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ചില നേതാക്കളെ മോശക്കാരായി ചിത്രീകരിക്കൽ അങ്ങനെയാണോ … അതിന് കൂട്ടുനിന്ന “നിഷ്പക്ഷ വിമർശകർ ” എത്ര പേരുണ്ടിവിടെ . ഏത് രംഗത്തായാലും ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് യാദൃഛികമായി വീണുകിട്ടുന്ന നുറുങ്ങു വാക്കുകൾ നോക്കിയാണോ … അതോ അയാളുടെ പ്രവർത്തനവും സമീപനവും ആകെ പരിശോധിച്ചോ ? ആലോചിച്ചുനോക്കൂ – എൽ ഡി എഫ് സംസ്ഥാന കൺവീനർ എ വിജയരാഘവനെയടക്കം എത്ര എളുപ്പത്തിലാണ് മുസ്ലീംവിരുദ്ധനാക്കി ചിലർ അവതരിപ്പിച്ചുകളഞ്ഞത്…!

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലതുപക്ഷ അനുകൂല സാമുദായിക ഏകീകരണം ആഗ്രഹിക്കുന്ന കൂട്ടർ കർസേവപോലെ അതിന് മുന്നിട്ടിറങ്ങുകയായിരുന്നില്ലേ . പക്ഷേ, പിണറായിയോ വിജയരാഘവനോ മാധ്യമപരിലാളനയിൽ ഊതിവീർപ്പിച്ച പ്രതിഛായയുള്ള നേതാക്കളല്ല. ആരെത്ര ഇകഴ്ത്താൻ ശ്രമിച്ചാലും അവർക്ക് ജനമനസ്സിലുള്ള സ്ഥാനത്തിന് ഉലച്ചിൽ തട്ടുകയുമില്ല.

ഒന്നോർത്തു നോക്കൂ – നാം പിന്നിട്ട അതിജീവനത്തിന്റെ അഞ്ചുവർഷങ്ങൾ … ഇതുപോലൊരു കാലം നമ്മുടെ നാടിന്റെ ചരിത്രത്തിൽ വേറെയുണ്ടോ . ജനജീവിതത്തെ പരക്കെ ഭീതിയിലാഴ്ത്തിയ നിപ്പ, കടലോരങ്ങളെ കൂട്ടമായി വിഴുങ്ങി ആർത്തട്ടഹസിച്ച ഓഖി, കുന്നുംമലകളും മുതൽ അനവധി കുടുംബങ്ങളുടെ കിടപ്പാടങ്ങൾവരെ കുത്തിയൊഴുക്കിക്കൊണ്ടുപോയ രണ്ട് കൊടിയ പ്രളയങ്ങൾ, മരണമണം മാറാത്ത മഹാമാരിയായ കോവിഡ് , ഓർക്കാപ്പുറത്ത് ദുരിതം വിതച്ച ലോക്ഡൗൺ … സർവരും പകച്ചുനിന്നുപോയ ആ പ്രതിസന്ധിയുടെ നാളുകൾ… അന്ന് നമുക്ക് താങ്ങും തണലുമായി കൂടെനിന്ന് പ്രത്യാശ പകർന്നത് ആരാണ്? പട്ടിണിയെ പടിയകറ്റാൻ തുണയായത് ആരാണ്? ക്ഷേമപെൻഷനുകൾ 600 രൂപയിൽനിന്ന് 1600 രൂപവരെയാക്കി ഉയർത്തി അർഹതപ്പെട്ടവർക്കെല്ലാം മുടങ്ങാതെ മാസംതോറും ലഭ്യമാക്കിയത് ചെറിയ നേട്ടമാണോ? പഞ്ഞമാസങ്ങളിൽ വരുമാനവ്യത്യാസം നോക്കാതെ മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റ് നൽകിയതിന്റെ ആശ്വാസമോ?

അതിഥിത്തൊഴിലാളികൾക്കും അഗതികൾക്കുംവേണ്ടി പ്രാദേശികതലത്തിൽ തുറന്ന കമ്യൂണിറ്റി കിച്ചണുകൾ എന്തൊരനുഗ്രഹമായിരുന്നു. അതിന്റെ തുടർച്ചയായി തുടങ്ങിയ ജനകീയ ഹോട്ടലുകളിൽനിന്ന് ഇപ്പോഴും എത്ര പാവങ്ങൾക്ക് സൗജന്യഭക്ഷണം നൽകുന്നുണ്ട്. എല്ലാം തകർന്നുപോയെന്ന് കരുതിയ നിരവധി നിരാലംബർക്ക് അന്ന് പിണറായി മുഖ്യമന്ത്രി മാത്രമായിരുന്നില്ല. എല്ലാ അർത്ഥത്തിലും ആത്മവിശ്വാസം പകർന്നുതന്ന രക്ഷകനായിരുന്നു. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലൊരു മനുഷ്യപ്പറ്റുള്ള ഭരണമാതൃകയുണ്ടോ. ഈ സദ്ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചുപോവുക സ്വാഭാവികമല്ലേ .

എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോളിതാ, നിഗൂഢരാഷ്ട്രീയ താല്പര്യക്കാരായ ചില അക്കാദമിക് പണ്ഡിതന്മാർ പുതുതായി ഒരു തുരുപ്പുശീട്ടുമായി ഇറങ്ങിയിരിക്കുന്നു. അവരിൽ ചിലരുടെ കണ്ടുപിടുത്തം തുടർഭരണം ലഭിച്ചാൽ എൽ ഡി എഫുകാർക്ക് അഹങ്കാരം കൂടിപ്പോകുമെന്നാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണമൊക്കെ കൊള്ളാം , എന്നാലും … എന്ന മേമ്പൊടി ചേർത്താണ് അവർ അഭിപ്രായപ്രകടനം നടത്തുന്നത്. വിശ്വാസ്യത നിലനിർത്താനുള്ള സൂത്രം കൊള്ളാം.

എന്നാൽ, അധികാരമില്ലാതെ ഇനിയും തുടരേണ്ടിവന്നാൽ കോൺഗ്രസ് തകർന്നുപോകുമെന്ന മനോവിഷമം പങ്കിടുന്ന തോ… വിചിത്രവാദമുന്നയിച്ചുള്ള പക്ഷംചേരൽ ആരെ കബളിപ്പിക്കാനാണ് …! എങ്ങനെയിത് വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കലാകും …?

സംഘടിത പ്രചാരവേലയിലൂടെ പൊതുജനാഭിപ്രായം നിർമിച്ചെടുക്കാം എന്ന കണക്കുകൂട്ടലൊക്കെ ശരി. പക്ഷേ, സാധാരണക്കാർ കൂടുതലും സ്വന്തം അനുഭവ സാക്ഷ്യത്തിൽ സത്യം തിരിച്ചറിയുന്നവരാണ്. മകാരാദി വാർത്താ മാധ്യമങ്ങൾക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമായിരുന്നു പണ്ട്. ഇപ്പോൾ ഒരു കുത്തകയ്ക്കും സ്വാധീനിക്കാനാവാത്ത ബഹുജനമാധ്യമ ഇടപെടൽ വളരെ സജീവമാണ്. യു ഡി എഫിന്റെയും ബി ജെ പിയുടെയും നവമാധ്യമ വിദഗ്ധർ പടച്ചുവിടുന്ന പെരുംനുണകൾക്ക് ജനങ്ങൾ സ്വയം നൽകുകയാണ് തത്സമയ മറുപടികൾ . തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പിലെ ജനവിധിയിൽ കണ്ടത് ആ പ്രതിരോധത്തിന്റെകൂടി ഫലമായിരുന്നു.