‘ലൈഫ്‌ പദ്ധതി’യിൽ വീടിന്‌ അപേക്ഷിച്ച് കാത്തിരിക്കുന്ന സ്ഥാനാർത്ഥി- പി പി സുമോദ്

0
161

അന്തിയുറങ്ങാൻ സ്വന്തമായി ഒരു വീടില്ലാത്ത സ്ഥാനാർത്ഥിയുണ്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ. ലൈഫ്‌ പദ്ധതി’യിൽ വീടിന്‌ അപേക്ഷിച്ച് കാത്തിരിക്കുന്ന സ്ഥാനാർത്ഥി.

കേൾക്കുമ്പോൾ അവിശ്വസിനീയമെന്ന് പലർക്കും തോന്നാമെങ്കിലും യാഥാർഥ്യമാണത്. പാലക്കാട് തരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി പി സുമോദ് ആണ് സ്വന്തമായി വീടില്ലാത്ത ആ പൊതുപ്രവർത്തകൻ.തൃത്താല ആലൂരിലെ റോഡരികിലെ ഇടുങ്ങിയ തറവാട്‌ വീടിൽ അച്ഛനും അമ്മയും അനുജനും അനുജന്റെ ഭാര്യയുമാണ് താമസം.മുത്തച്ഛന്റെ കാലത്ത്‌ പണിത ഈ കുഞ്ഞുവീട്ടിൽനിന്നാണ്‌ സുമോദിന്റെ ജീവിതം തുടങ്ങുന്നത്‌.

അച്ഛൻ കൃഷ്‌ണൻകുട്ടിയുടെയും അദ്ദേഹത്തിന്റെ നാലു സഹോദരങ്ങളുടെയുംപേരിലുള്ള ആറുസെന്റിലാണ്‌ വീട്‌. വസ്‌തു നാലായി വീതംവയ്‌ക്കണം. കടബാധ്യതയേറിയതോടെ വസ്‌തുവിന്റെ ആധാരം ബാങ്കിലായി. കിണർ കുത്താൻപോലുമിടമില്ലാത്ത ആറു സെന്റിൽനിന്ന്‌ പരിമിതികളോട്‌ പടവെട്ടിയ സുമോദിന്‌ കരുത്ത്‌ എന്നും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം.

ഈ കുഞ്ഞുവീട്ടിൽ നിന്ന് കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കൊപ്പം വളർന്ന സുമോദ് ഭാര്യയും കുട്ടികളുമായപ്പോൾ വാടകവീട്ടിൽ താമസമാക്കി. ഒരു വീടെന്ന സ്വപനം സുമോദിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.ആ സ്വപ്നത്തിന് പ്രതീക്ഷ നൽകി ലൈഫ് പദ്ധതിയിൽ സുമോദും ഉൾപ്പെട്ടു. പക്ഷെ സുമോദിൻ പ്രതിസനദികൾ നിരവധിയായിരുന്നു.സ്വന്തമായി ഭൂമിയില്ല, റേഷൻ കാർഡ് ഇല്ല.

സ്വന്തമായി ഒരുതുണ്ടു ഭൂമിയും ആസ്‌തിയുമില്ലാത്ത സുമോദിന്‌ റേഷൻ കാർഡ് ലഭിക്കാൻ കാലതാമസം നേരിട്ടു പക്ഷെ ജനകീയനായ ആ നേതാവ് പിൻവാങ്ങിയില്ല, നാട്ടുകാരുടെയും പാർട്ടിയുടെയും പിന്തുണയും സഹകരണവും ഉണ്ടായി, നാട്ടുകാരുടെ ആവശ്യങ്ങൾ ഓടി നടക്കുന്ന ചെറുപ്പകാരനൊപ്പം നാടും നിന്നു .

പുതുതായി ലഭിച്ച റേഷൻ കാർഡ് വെച്ച് പട്ടികജാതി വികസനവകുപ്പിൽ അപേക്ഷിച്ചു. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ലഭിക്കുന്നതുപോലെ അഞ്ച്‌ സെന്റ്‌ സ്ഥലം സുമോദിനും അനുവദിച്ചു. പിന്നീട് ലൈഫ് പദ്ധതിയ്ക്ക് അപേക്ഷ നൽകി. ഇനി വീടിനുള്ള കാത്തിരിപ്പ്‌‌.

സാമ്പത്തികമായി പ്രയാസമുണ്ടെങ്കിലും വിദ്യാഭ്യാസം മുടക്കിയില്ല.ആലൂർ ഗവ. എൽപി സ്‌കൂൾ, തൃത്താല ഹൈസ്‌കൂൾ, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്‌, കോട്ടപ്പുറം ശ്രീനാരായണ കോളേജ്‌ ഓഫ്‌ ടീച്ചർ എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിൽനിന്ന്‌ വിദ്യാഭ്യാസം പൂർത്തിയാക്കി. എം എ, ബിഎഡ് ബിരുദധാരിയാണ് സുമോദ്.

1980ലെ മനുഷ്യച്ചങ്ങല മുതൽ സുമോദിന്റെ വീട്ടിൽ എല്ലാവരും ഇടതുപക്ഷമാണ്‌. അതിനാൽ തന്നെ അച്ഛൻ കൃഷ്‌ണൻകുട്ടിയും അമ്മ ലക്ഷ്‌മിയും പട്ടിത്തറയിലെ വീടിന്‌ മുന്നിൽ നിൽക്കുമ്പോൾ മകന്റെ സ്ഥാനാർഥിത്വത്തിൽ അമിതാഹ്ലാദമില്ല. ഇരുവർക്കും കമ്യൂണിസ്‌റ്റുകാരുടെ പക്വത.

സാധാരണക്കാരോടുള്ള കരുതലാണ് ഇടതുപക്ഷ്ത്തിന്റെ വിജയം. ദുരിത ജീവിതത്തിന്റെ കഷ്ടതകൾ അറിയുന്നവർ, ആ ജീവിതങ്ങൾ കരുതൽ നൽകുന്നവരെ, അങ്ങനെ അടിസ്ഥാന വർഗ്ഗത്തിന്റെ വികസനം സാധ്യമാകുന്ന, വിവേചനങ്ങൾ ഇല്ലാതെ വേർതിരിവില്ലാതെ നാടിനെ നയിക്കുന്ന ജനങ്ങൾക്കിടയിൽ മനുഷ്യരെയാണ് എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. നാടറിയുന്നവർ, നാട്ടുകാരെ അറിയുന്നവർ നാടിനെ നയിക്കട്ടെ.