EXCLUSIVE -ആറന്മുളയിലും ബി ജെ പി കോൺഗ്രസ് വോട്ട് കച്ചവടം

0
85

-അനിരുദ്ധ്.പി.കെ-

നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള ആറൻമുളയിലെ സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം. ഇവിടെ ദുർബല സ്ഥാനാർത്ഥിയെയാണ് മത്സരിപ്പിക്കുന്നതെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം.

കോൺഗ്രസിനെ സഹായിക്കാനാണ് ദുർബല സ്ഥാനാർത്ഥിയെ നിർത്തയതെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗം വിമർശിക്കുന്നത്. ഹിന്ദു വിഭാഗത്തിൽപ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തള്ളിയാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് കാണിച്ച് ബിജു മാത്യുവിനെ സ്ഥാനാർത്ഥിയാക്കിയത്.

മണ്ഡലത്തിലെ ബി.ജെ.പി നേതാക്കൾക്ക് പോലും പരിചയമില്ലാത്ത ആളാണ് ബിജു മാത്യുവെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്.കെ.സുരേന്ദ്രനെ കോന്നിയിൽ സഹായിക്കാമെന്നതാണ് ആറൻമുള സീറ്റ് നേടുന്നതിനായി മുന്നോട്ട് വെച്ച വാഗ്ദാനം.

ന്യൂനപക്ഷ മോർച്ച നേതാവാണ് ബിജു മാത്യു.കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പിന്തുണച്ച് പ്രവർത്തിച്ചതോടെയാണ് ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത്. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എം.ടി രമേശും കെ.സുരേന്ദ്രനും മത്സരിച്ച മണ്ഡലത്തിലാണ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്.

കോൺഗ്രസിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത വീണാ ജോർജ്ജിനെ പരാജയപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെയും ലക്ഷ്യം. ദുർബല സ്ഥാനാർത്ഥിയെ നിർത്തുന്നതിനായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ ബി.ജെ.പി നേതൃത്വത്തോട് ചർച്ച നടത്തിയിരുന്നുവെന്നാണ് സൂചന.