കളമശ്ശേരിയെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി ; ജില്ലാ പ്രസിഡന്‍റിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

0
97

കളമശ്ശേരിയെ ചൊല്ലി എറണാകുളം മുസ്‍ലിം ലീഗില്‍‌ ഭിന്നത രൂക്ഷം. പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെതിരെ രംഗത്തെത്തിയ മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

കളമശ്ശേരി മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെ അംഗീകരിക്കില്ലെന്ന പരസ്യനിലപാടുമായി ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തെരുവിലിറങ്ങിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്ത ജില്ല പ്രസിഡന്‍റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

എറണാകുളം ജില്ലയിലെ മുസ്‍ലിം ലീഗിന്‍റെ ഏക സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്.