‘കെ ബാബു സീറ്റ് ലഭിച്ചില്ലെങ്കിൽ ബിജെപിയിൽ ചേരുമായിരുന്നു’ പരസ്യ പ്രതിഷേധവുമായി ഐ ഗ്രൂപ്പ്

0
70

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെതിരെ പരസ്യ പ്രതിഷേധവുമായി കൊച്ചിയിൽ ഐ ഗ്രൂപ്പ് രംഗത്ത്.കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം.

സീറ്റ് ലഭിച്ചില്ലെങ്കിൽ കെ ബാബു ബിജെപിയിൽ ചേരാൻ ധാരണയായിരുന്നുവെന്ന് കെപിസിസി അംഗം എ ബി സാബു, മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ എന്നിവർ ആരോപിച്ചു. ബാർ കോഴ കേസിൽ കെ ബാബു കുറ്റവിമുക്തനായിട്ടില്ല. മറിച്ചുള്ള കെ ബാബുവിന്റെ അവകാശവാദം തെറ്റാണെന്നും ഇവർ പറഞ്ഞു.

ബാർ കോഴ കേസിൽ കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ഹർജി ഇപ്പോഴും മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിലാണ്. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാൻ സൃഷ്‌ടിച്ചെടുത്ത ക്ലീൻചിറ്റ്‌ ആണ്‌ ബാബു പുറത്തെടുത്തത്‌.

അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിക്ക് വേണ്ടി മാത്രം സീറ്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. കെ ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുള്ളത് സാമ്പത്തിക താത്പര്യങ്ങളാണ്. യുഡിഎഫിന് ഉണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കിയെന്നും തൃപ്പൂണിത്തുറയിൽ വിജയിക്കില്ലെന്നും ഇവർ പറഞ്ഞു.

എ ഗ്രൂപ്പ്‌ സ്ഥാനാർഥികൾക്കായുള്ള ഫണ്ട്‌ സ്വരൂപിക്കാൻ വേണ്ടിയാണ്‌ ബാബുവിന്‌ സീറ്റ്‌ കൊടുത്തത്‌. കോർപ്പറേഷൻ ഭരണം ഇല്ലാതാക്കിയത്‌ കെ ബാബുവിന്റെ പ്രവർത്തനങ്ങളാണ്‌. ഐ വിഭാഗത്തിൽ ഉൾപ്പെട്ടവരെ തോൽപ്പിക്കാൻവേണ്ടി പ്രവർത്തിച്ചു.

ബാബു സ്ഥാനാർഥിയായാൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാകും തൃപ്പൂണിത്തുറയിൽ നടക്കുക എന്നും യുഡിഎഫ്‌ മൂന്നാം സ്ഥാനത്താകുമെന്നും നേതാക്കൾ പറഞ്ഞു.

മണ്ഡലത്തിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കിയത് കൊണ്ടുള്ള ഗുണം ബിജെപിക്കെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. കെ ബാബു സ്ഥാനാർത്ഥിയായതോടെ കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് ഒഴുകും. കെ ബാബുവിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവർ വ്യക്തമാക്കി.