മകനെ കളത്തിലിറക്കി ഇബ്രാഹിംകുഞ്ഞ്,പാലാരിവട്ടം അഴിമതി വീണ്ടും ചര്‍ച്ചയാകുന്നു

0
114

കളമശേരിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം. ഇതോടെ കളമശേരി നിയോജക മണ്ഡലത്തില്‍ പ്രാദേശിക യുഡിഎഫ് നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. അതിനിടെ നേരത്തേ പ്രചരണം ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മണ്ഡലത്തില്‍ കളംപിടിച്ചു കഴിഞ്ഞു.

പ്രതിഷേധങ്ങളോ, പരാതികളോ ഫലം കണ്ടില്ല. കളമശേരി മണ്ഡലത്തില്‍ പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. അഴിമതിയുടെ കറ പുരണ്ട വി കെ ഇബ്രാഹിംകുഞ്ഞിന് പകരം മകനെ വച്ചുനീട്ടി ലീഗ് നേതൃത്വം. ഇബ്രാഹിംകുഞ്ഞിന്റെ പണത്തിന് മീതെ പരാതികള്‍ വിഫലമായി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുറുമുറുപ്പും അസംതൃപ്തിയും പുകഞ്ഞുതുടങ്ങി. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട് എന്ത് പറഞ്ഞ് വോട്ടുചോദിക്കുമെന്നാണ് നേതാക്കളുടെ ചോദ്യം.

അഴിമതിക്ക് പിന്നാലെ കുടുംബവാഴ്ച കൂടി വന്നതോടെ വലിയ പൊട്ടിത്തെറിയിലേക്ക് മാറിയിരിക്കുകയാണ് കളമശേരിയിലെ യുഡിഎഫ് ക്യാമ്പ്. അതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവാകട്ടെ മണ്ഡലത്തില്‍ കളം പിടിച്ചുകഴിഞ്ഞു. സാംസ്‌കാരിക മേഖലയിലെ താരസാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു മണ്ഡലം കണ്‍വെന്‍ഷന്‍.

യുഡിഎഫിന്റെ പഞ്ചവടിപ്പാലം പുനര്‍ നിര്‍മ്മിച്ചു നല്‍കിയ ആത്മാഭിമാനവും ഇടതുപക്ഷ ക്യാമ്പിനെ സജീവമാക്കുന്നു. സര്‍ക്കാരിന്റെ വികസനം തന്നെയാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം.

അഴിമതിയും കുടുംബവാഴ്ചയുമായി എത്തുന്ന വി ഇ അബ്ദുള്‍ ഗഫൂറും മികച്ച പാര്‍ലമെന്റേറിയനെന്ന് എതിരാളികള്‍ പോലും അഭിനന്ദിച്ച പി രാജീവും മത്സരിക്കുമ്പോള്‍ കളമശേരിയും ശ്രദ്ധാകേന്ദ്രമാകുകയാണ്.