എൽഡിഎഫ് പ്രചാരണം ഏറ്റെടുത്ത് ജനങ്ങൾ ; മണ്ഡലം കൺവൻഷനുകൾ 15നകം പൂർത്തിയാകും

0
55

സ്ഥാനാർഥി തർക്കത്തിൽ തട്ടി കോൺഗ്രസും ബിജെപിയും ആശയക്കുഴപ്പത്തിൽ തുടരുമ്പോൾ, ഭരണത്തുടർച്ചയെന്ന ചരിത്രദൗത്യത്തിലേക്ക്‌ പ്രചാരണമുന്നേറ്റം സൃഷ്ടിച്ച്‌ എൽഡിഎഫ്‌. മണ്ഡലം കൺവൻഷനുകൾ പകുതിയും വെള്ളിയാഴ്‌ചയോടെ പൂർത്തിയാക്കി.

15നകം കൺവൻഷൻ എല്ലാം‌ പൂർത്തിയാക്കി പഞ്ചായത്ത്‌ കൺവൻഷനുകൾ ആരംഭിക്കും. തുടർന്ന്‌, ബൂത്ത്‌ കൺവൻഷനുകളിലേക്ക്‌ കടക്കും. സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ കേന്ദ്രീകരിച്ച്‌ പ്രചാരണത്തിലാണ്‌.

പരമ്പരാഗത രീതികൾക്കൊപ്പം നവമാധ്യമങ്ങൾ വഴിയും സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണം ശക്തമാക്കി. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പോസ്‌റ്ററുകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി‌. പ്രമുഖരടക്കം അവ പങ്കുവച്ചു.മികച്ച പ്രതികരണമാണ്‌ ജനങ്ങളിൽനിന്ന്‌ ലഭിക്കുന്നതെന്നാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ അനുഭവസാക്ഷ്യം.

സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ എല്ലാ മേഖലയിലും എത്തിയതിനാൽ അവ ചൂണ്ടിക്കാട്ടി വോട്ടുചോദിക്കാൻ എൽഡിഎഫിന്‌ കഴിയുന്നുണ്ട്‌. ഗ്രാമനഗര ഭേദമെന്യേ എൽഡിഎഫിനോടുള്ള ആഭിമുഖ്യം പ്രകടമാണ്‌. പ്രതിസന്ധികളുടെ കാലത്ത്‌ ഒപ്പംനിൽക്കുകയും ജീവിക്കാൻ ധൈര്യം പകരുകയുംചെയ്‌ത സർക്കാരിന്റെ തുടർച്ച നാടിന്റെ ആവശ്യമാണെന്നാണ്‌ സാധാരണക്കാരുടെ അഭിപ്രായം. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ഈ വികാരം പ്രചാരണരംഗത്ത്‌ പ്രകടമാണ്‌.

എൽഡിഎഫ്‌ കൺവൻഷനുകളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ചുതന്നെ വലിയ ആവേശത്തോടെ പ്രവർത്തകരും പൊതുജനങ്ങളും എത്തുന്ന കാഴ്‌ചയാണെങ്ങും. യുഡിഎഫിന്റെ സിറ്റിങ്‌ മണ്ഡലങ്ങളിൽ സീറ്റ്‌ തിരിച്ചുപിടിക്കണമെന്ന ഉത്സാഹത്തോടെ എൽഡിഎഫ്‌ പ്രവർത്തകർ രംഗത്തുണ്ട്‌.

യുഡിഎഫിന്റെ സിറ്റിങ്‌ എംഎൽഎമാർ പലരും അപ്രഖ്യാപിതമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. പലയിടത്തും പരിഗണനയിലുള്ള സ്ഥാനാർഥികൾക്കെതിരെ പ്രവർത്തകർ തെരുവിലാണ്‌. ബിജെപി സ്ഥാനാർഥി നിർണയത്തിൽ സമവായത്തിൽ എത്താത്തതിനാൽ പ്രവർത്തകർ ആശയക്കുഴപ്പത്തിലും.