തമ്മിൽത്തല്ല്; കോൺഗ്രസിൽ കൂട്ടരാജി

0
58

തിരുവനന്തപുരം:തർക്കത്തെ  തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനിശ്ചിതത്വത്തിൽ ആയതോടെ  സംസ്ഥാനത്ത്‌ പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ആരംഭിച്ച അടി രൂക്ഷമായി. ചില മണ്ഡലങ്ങളിൽ സ്വന്തം ഗ്രൂപ്പ്‌ നേതാക്കൾക്കായി പ്രവർത്തകർ സംഘംചേർന്ന്‌ തെരുവിലിറങ്ങി. സാധ്യതാ സ്ഥാനാർഥികൾക്കെതിരെ രാജിയും രാജി ഭീഷണിയും തുടരുകയാണ്‌. കോൺഗ്രസിലെ തർക്കം മുതലെടുക്കാൻ ബിജെപി ഭൂരിപക്ഷം സീറ്റുകളിലെയും സ്ഥാനാർഥിനിർണയം നീട്ടിവച്ചു.

33 ബൂത്ത്‌ പ്രസിഡന്റുമാർ രാജിവച്ചു
തൃശൂർ ചാലക്കുടിയിൽ ടി കെ സനീഷ്‌കുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച്‌ 33 ബൂത്ത്‌ പ്രസിഡന്റുമാർ രാജിവച്ചു. നൂറ്റമ്പതോളം പ്രവർത്തകർ രാജിവയ്ക്കുമെന്ന്‌ ഭീഷണി മുഴക്കി‌. ഇരിങ്ങാലക്കുട, ചേലക്കര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും നേതാക്കൾ രാജിയുടെ വക്കിലാണ്‌.

10‌ ഡിസിസി അംഗങ്ങൾ രാജിക്ക്
കാസർകോട് തൃക്കരിപ്പൂർ ജോസഫ്‌ ഗ്രൂപ്പിന്‌ നൽകുന്നതിലും ഉദുമയിൽ ബാലകൃഷ്‌ണൻ പെരിയയെ സ്ഥാനാർഥിയാക്കുന്നതിലും പ്രതിഷേധിച്ച്‌ പത്ത്‌ ഡിസിസി ഭാരവാഹികൾ രാജിക്ക്‌. ‌ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിൽ, യുഡിഎഫ്‌ കൺവീനർ എ ഗോവിന്ദൻനായർ, കെപിസിസി സെക്രട്ടറി കെ നീലകണ്‌ഠൻ എന്നിവരും പരസ്യമായി രംഗത്തുവരാൻ തീരുമാനിച്ചു.

സിദ്ദിഖിനെതിരെ മലപ്പുറം ഡിസിസി
നിലമ്പൂരിൽ ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയാൽ രാജിയെന്ന്‌ ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശും കെപിസിസി ജനറൽ സെക്രട്ടറി എൻ എ കരീമും വ്യക്തമാക്കി. പൊന്നാനിയിലും തർക്കമുയർന്നു.

പീരുമേടിനെച്ചൊല്ലി ഇടുക്കിയിലും രാജിഭീഷണി
പീരുമേട്‌ സീറ്റ്‌ റോയി കെ പൗലോസിന്‌ നൽകിയില്ലെങ്കിൽ അഞ്ച്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരും 15 ഡിസിസി ഭാരവാഹികളും 30 മണ്ഡലം പ്രസിഡന്റുമാരും രാജിവയ്‌ക്കും.

കോഴിക്കോട്‌–- യുഡിഎഫ്‌ തർക്കം
കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ്‌ സാധ്യതാ പട്ടികയിലുള്ള കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെതിരെ യുഡിഎഫ്‌ വ്യാപകമായി പോസ്‌റ്റർ പതിച്ചു.

തൃപ്പൂണിത്തുറയിലും വൈപ്പിനിലും‌ പ്രതിഷേധം
വൈപ്പിൻ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥിയെങ്കിൽ വിമതൻ ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച്‌ ഐഎൻടിയുസി പ്രകടനം നടത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിൽ കെ ബാബുവിനെ അനുകൂലിച്ചും എതിർത്തും വെള്ളിയാഴ്‌ച പ്രകടനവും പോസ്‌റ്റർ പ്രചാരണവും ശക്തമായി.

പാലക്കാട്ടും അമർഷം
പാലക്കാട്‌ ജില്ലയിൽ കോങ്ങാട്‌ സീറ്റ്‌ മുസ്ലിംലീഗിനും നെന്മാറ സിഎംപിക്കും നൽകിയതില്‍ കോണ്‍​ഗ്രസില്‍ കടുത്ത അമര്‍ഷം. എ വി ഗോപിനാഥ്‌ ഉയർത്തിയ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല.

ബേപ്പൂരിൽ കോൺഗ്രസ്‌ ഭാരവാഹികൾ വിട്ടുനിൽക്കും, നിയാസിനെതിരെ പോസ്‌‌റ്ററുകൾ
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെ ബേപ്പൂരിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ. നിയാസിനെ സ്ഥാനാർഥിയാക്കിയാൽ ബേപ്പൂർ മണ്ഡലത്തിലെ വിവിധ ബൂത്ത്–- മണ്ഡലം–-ബ്ലോക്ക്–- ജില്ലാ ഭാരവാഹികളായ ഒമ്പതുപേർ സംഘടനാ ചുമതലകളിൽനിന്ന്‌ വിട്ടുനിൽക്കാനും തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രന് ഒമ്പതുപേരും സംയുക്തമായി കത്തയച്ചു.

ബേപ്പൂർ ലീഗിന്‌ കൊടുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ്‌ പേരാമ്പ്ര ലീഗിന്‌ കൊടുത്ത്‌ കോൺഗ്രസ്‌ തന്നെ മത്സരിക്കാൻ തീരുമാനിച്ചത്‌. മണ്ഡലത്തിൽ താമസക്കാരിയായ എഴുത്തുകാരി എം എ ഷഹനാസടക്കം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞാണ്‌ നിയാസ്‌ പട്ടികയിൽ ഇടം നേടിയത്‌. കെ സി വേണുഗോപാൽ വിഭാഗക്കാരനായ നിയാസിനെ അംഗീകരിക്കില്ലെന്നാണ്‌ പ്രവർത്തകരുടെ നിലപാട്‌.

നിയാസിനെ സ്ഥാനാർഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്‌ കൂട്ടായ്‌മയുടെ പേരിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസ്‌ സ്ഥാനാർഥികൾക്കെതിരെ നിയാസ്‌ പ്രവർത്തിച്ചെന്നാണ്‌ പോസ്‌റ്ററുകളിലുള്ളത്‌.

ചാലക്കുടിയിൽ 33 ബൂത്ത്‌ പ്രസിഡന്റുമാരും 9 മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു
ജില്ലയിലെ കോൺഗ്രസ്‌ സ്ഥാനാർഥി ലിസ്‌റ്റ്‌ മാറി മറിയുന്നു. പുതുക്കാട്‌, മണലൂർ, ചാലക്കുടി, ചേലക്കര നിയോജക മണ്ഡലങ്ങളിൽ പ്രതിഷേധങ്ങളും കൂട്ടരാജിയും. ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി ടി ജെ സനീഷ്‌കുമാറിനെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച്‌ 33 ബൂത്ത്‌ പ്രസിഡന്റുമാരും ഒമ്പതു മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.

ചേലക്കരയിൽ കെ വി ദാസനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ഒമ്പത്‌ ബ്ലോക്ക്‌ കമ്മിറ്റികൾ രാഹുൽ ഗാന്ധിക്ക്‌ കത്തയച്ചു. ‌ മണലൂരിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന്‌ സേവ്‌ കോൺഗ്രസ്‌ ഫോറം പോസ്‌റ്ററുകൾ നിറഞ്ഞു.

പുതുക്കാടും ഇറക്കുമതിക്കാർ വേണ്ടെന്നുപറഞ്ഞ്‌ ബ്ലോക്ക്‌, മണ്ഡലം പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിന്‌ നിവേദനം നൽകി. ഗ്രൂപ്പ്‌ ഉന്നത നേതൃത്വത്തിനിടയിൽ സ്വാധീനമുള്ളതിനനുസരിച്ച്‌ ഓരോദിവസവും പുതിയ പേരുകൾ പരിഗണനയിൽ വരുന്നതോടെ, അവസാന ലിസ്‌റ്റ്‌ പുറത്തിറക്കാനാകാതെ പ്രതിസന്ധിയിൽപ്പെട്ടിരിക്കയാണ്‌ കോൺഗ്രസ്‌. കോൺഗ്രസ്‌ സ്ഥാനാർഥി നിർണയപരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വനിതയ്ക്ക്‌ സ്ഥാനാർഥിത്വം നൽകാത്തതും വിവാദമായി‌.

തർക്കങ്ങൾക്കിടെ, വെള്ളിയാഴ്‌ചയും കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടന്നില്ല. ഗ്രൂപ്പ്‌ ഉന്നതനേതാക്കൾക്കിടയിൽ കൂടുതൽ അടുപ്പവും സ്വാധീനവും ഉള്ളതിനനുസരിച്ച്‌ സീറ്റ്‌‌ പ്രഖ്യാപനം വരുന്നതോടെ വൻ തർക്കത്തിലേക്കും പരസ്യ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കുമാണ്‌ ചെന്നെത്തുക.