അയ്യോ അച്ഛാ പോവല്ലേ…’ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പ്രതിഷേധത്തെ ട്രോളി എ.എ റഹീം

0
199

പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വീടിന് മുകളില്‍ ഒരു പ്രവര്‍ത്തകന്‍ കയറിയിരുന്നു. ഇതിനെ പരിഹസിച്ചാണ് എഎ റഹീം പോസ്റ്റിട്ടിരിക്കുന്നത്. ജയറാം നായകനായി പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് വീടിന് മുകളിലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് റഹീമിന്‍റെ പോസ്റ്റ്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ വീടിനു മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ. ഒടുവില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നത്.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുൻ മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയെ നേമത്തിൽ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേർത്തു.