തൃത്താല അഴിമതിയുടെ പൂരപ്പറമ്പ്; കുട്ടികളുടെ സുരക്ഷ പോലും പരി​ഗണിക്കാതെ പിഴവുകൾ മറയ്ക്കാൻ വി ടി ബൽറാം

0
94

തൃത്താല നിയോജക മണ്ഡലത്തിലെ പട്ടിത്തറ സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ ചർച്ചയാവുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമ​ഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാ​ഗമായാണ് സ്കൂളിന്റെ നവീകരണം നടക്കുന്നത്. വി ടി ബൽറാം എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോ​ഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണം പൂർത്തിയായി ആറ് വർഷം പിന്നിടുമ്പോഴും ആറ് മാസത്തിൽ കൂടുതൽ സ്കൂൾ പ്രവർത്തിച്ചിട്ടില്ല.

പണി പൂർത്തിയായി ആറ് മാസത്തിനുള്ളിൽ തന്നെ സ്കൂൾ ചോർന്നൊലിക്കാൻ തുടങ്ങുകയായിരുന്നു. 100 വർഷത്തോളം പഴക്കമുള്ള സ്കൂളിന്റെ അടിത്തറയും ചുമരും മാറ്റാതെയാണ് രണ്ടാം നില പണിതുയർത്തിയത്. ചോർച്ച ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്കൂളിന്റെ ചുമരിന് വിള്ളലുണ്ടാവുകയും ചെയതു. ഹാബിറ്റാറ്റ് ടെക്നോളജി ​ഗ്രൂപ്പിനായിരുന്നു നിർമ്മാണ ചുമതല.

2014ലാണ് കെട്ടിട്ടം നവീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. വി ടി ബൽറാം എംഎൽഎയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിർമ്മാണ ഏജൻസിയെ തെരഞ്ഞെടക്കുന്നത്. 2016ൽ നിർമ്മാണം പൂർത്തിയായ കെട്ടിടം പഞ്ചായത്തിന് കൈമാറാതെ ധൃതിയിൽ ഉദ്ഘാടനം നടത്തുകയായിരുന്നു. പഴയ സ്കൂളിന്റെ മുറികളുടെ വലിപ്പം മാറ്റാത്തതും, പഴയ കെട്ടിടത്തിന്റെ അതേ ചുമരിൽ രണ്ടാം നില പണിതുയർത്തിയതും ആദ്യഘട്ടത്തിൽ തന്നെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഉദ്ഘാടനം കഴി‍ഞ്ഞ് ആറ് മാസത്തിനുള്ളിൽ പുതിയ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ചുമരുകളിൽ വിള്ളലുമുണ്ടായി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വിജിലൻസിന് പരാതി നൽകുകയായിരുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം സ്കൂളിൽ പരിശോധന നടത്തിയിരുന്നു. നിർമ്മാണത്തിന് ഉപയോ​ഗിച്ച സാമ​ഗ്രികളുടെ നിലവാരം കണ്ടെത്താനായിരുന്നു പരിശോധന. എന്നാൽ നിർമ്മാണ ഏജൻസി രേഖകൾ കൈമാറാത്തതിനാൽ പരിശോധന പൂർത്തിയായിരുന്നില്ല.

തൃത്താലയിൽ ഇത്തരത്തിൽ നിരവധി നിർമ്മാണങ്ങൾ പണിപൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോ​ഗ ശൂന്യമായ അവസ്ഥയിലുണ്ട്. നിർമ്മാണങ്ങളിൽ കൂടുതലും വി ടി ബൽറാം എംഎൽഎ തന്റെ പ്രത്യേക താൽപര്യത്തിൽ ആരംഭിച്ചവയാണ്. ചാലിശേരിയിലെ ഹൈടെക്ക് ബസ് കാത്തിരിപ്പു കേന്ദ്രം, പിലാക്കാട്ടിരിയിലുള്ള മാതൃകാ അംഗൻവാടി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. പിലാക്കാട്ടിരിയിലുള്ള മാതൃകാ അംഗൻവാടിക്ക് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് അം​ഗൻവാടി അടച്ചിരുന്നു.

പട്ടിത്തറ സ്കൂളിന്റെ ശോചനീയാവസ്ഥ മറയ്ക്കാൻ ചുമരുകളിലെ വിള്ളൽ അടക്കാനുള്ള ശ്രമം നടക്കുന്നത് ജനങ്ങൾ തടഞ്ഞിരുന്നു. ഇത്തരത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ മറ്റൊരു പഞ്ചവടിപാലമായി മാറുകയാണ് പട്ടിത്തറ സ്കൂളും. കുട്ടികളുടെ സുരക്ഷയ്ക്കപ്പുറം അഴിമതി മറയ്ക്കാൻ സ്കൂളിന്റെ അപകടാവസ്ഥയെ മറച്ചു പിടിക്കുകയാണ് കോൺ​ഗ്രസ്. വി ടി ബൽറാം എംഎൽഎയുടെ പിന്തുണയോടെയാണ് ഇവയെല്ലാം നടക്കുന്നത് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.