റോയ് കെ പൗലോസിന് പീരുമേട് സീറ്റില്ല; അറുപതിലധികം പ്രവർത്തകർ കൂട്ട രാജിയിലേയ്ക്ക്

0
81

സീറ്റ് സംബന്ധിച്ച തര്‍ക്കം മുന്നണികള്‍ക്കിടയില്‍ രൂക്ഷമാവുകയാണ്. ഡിസിസി മുന്‍ പ്രസിഡണ്ട് റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം പുകയുന്നു. ഇടുക്കി കോണ്‍ഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജി ഭീഷണിയുമായി രംഗത്തെത്തി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജി ഭീഷണി ഉയര്‍ത്തിയത്.

റോയ് കെ പൗലോസിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 40 മണ്ഡലം പ്രസിഡണ്ടുമാര്‍, 15 ഡിസിസി ഭാരവാഹികള്‍, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരാണ് രാജിവെക്കുമെന്നറിയിച്ചിരിക്കുന്നത്. സംഘം റോയ് പൗലോസിന്റെ വീട്ടില്‍ യോഗം ചേരുകയാണ്.

പീരുമേട് സീറ്റില്‍ റോയ് കെ പൗലോസിനെ പരിഗണിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ റോയ് കെ പൗലോസ് പട്ടികയിലില്ലെന്ന് വിവരം ലഭിച്ചതോടെ റോയ് കെ പൗലോസ് അനുകൂലികള്‍ യോഗം ചേരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സംഘം റോയിയുടെ വീട്ടില്‍ യോഗം ചേര്‍ന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും അവസാന ഘട്ടം വരെ റോയിയുടെ പേര് പരിഗണിച്ചിരുന്നു. ഇത്തവണയും സമാന അനുഭവം ഉണ്ടായതോടെയാണ് പ്രവര്‍ത്തകര്‍ അസ്വസ്ഥരായത്.