വിശ്വസ്തർക്ക് സീറ്റ് വേണമെന്ന സമ്മർദ്ദവുമായി ഉമ്മൻ ചാണ്ടി

0
58

വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കെ സി ജോസഫിനും കെ ബാബുവിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. കെ സി ജോസഫിന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ഇടപെട്ട് സീറ്റ് നിഷേധിച്ചാലും കെ ബാബുവിന് സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. ഇരിക്കൂറില്‍ നിന്നും എട്ട് തവണ എംഎല്‍എയായ വ്യക്തിയാണ് കെ സി ജോസഫ്. തന്റെ ഈ ആവശ്യം നിരാകരിക്കുകയാണെങ്കില്‍ നേമം ഉള്‍പ്പെടെ ഒരിടത്തും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്.

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ ഏന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി അംഗങ്ങള്‍ ചേര്‍ന്നാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ വ്യക്തിയാണ് കെ ബാബു.