മുഖ്യമന്ത്രിയ്ക്ക് എതിരെ മൊഴി കൊടുക്കാൻ ഇഡി നിർബന്ധിച്ചു, ജീവന് ഭീഷണിയുണ്ടെന്ന് പ്രതി സന്ദീപ്‌ നായർ

0
81

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി കൊടുക്കാൻ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്‌ഥർ തന്നെ നിർബന്ധിച്ചുവെന്ന്‌ പ്രതിയായ സന്ദീപ്‌ നായർ. ജയിലിൽ നിന്ന്‌ എറണാകുളം ജില്ലാ സെഷൻസ്‌ ജഡ്‌ജിക്ക്‌ അയച്ച കത്തിലാണ്‌ സന്ദീപ്‌ നായരുടെ വെളിപ്പെടുത്തൽ.

മന്ത്രിമാരുടേയും ഉന്നതരുടേയും പേരുപറഞ്ഞാൽ ജാമ്യം കിട്ടാൻ സഹായിക്കാമെന്ന്‌ ഇഡി ഉറപ്പുനൽകിയെന്നും കത്തിൽ പറയുന്നു. ഉന്നത നേതാവിന്റെ മകനെതിരെ മൊഴി നൽകാനും സമ്മർദ്ദമുണ്ടായതായി പുറത്തുവന്ന കത്തിലുണ്ട്‌. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സന്ദീപ്‌ നായർ കത്തിൽ വ്യക്‌തമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെയാണ്‌ ആരോപണം.

 

കേസിൽ നിരുത്തരവാദപരമായ അന്വേഷണമാണ്‌ നടക്കുന്നത്‌. സ്വർണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ല.ഇല്ലാ കഥകൾ മാധ്യമങ്ങൾക്ക്‌ നൽകി. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. അവര്‍ പറയുന്ന ചില കമ്പനികള്‍ തനിക്ക്‌ അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്ന്‌ നിര്‍ബന്ധിച്ചതായും സ്വന്തം കൈപ്പടയിലെഴുതിയ കത്തില്‍ പറയുന്നു.

സന്ദീപ് നായരുടെ അഭിഭാഷകന്‍ വഴിയാണ് കത്ത് സെഷന്‍സ് ജഡ്ജിക്ക് കൈമാറിയത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷും ഇഡിക്കെതിരെ സമാനമായ ആരോപണമുന്നയിച്ചിരുന്നു. ഇത്‌ വ്യക്‌തമാക്കുന്ന സ്വപ്‌നയുടെ ശബ്‌ദരേഖയും പുറത്ത്‌ വന്നിരുന്നു മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ സ്വപ്‌നയോട്‌ ഇഡി ഉദ്യോഗസ്‌ഥർ പറഞ്ഞതായി പൊലീസ്‌ ഉദ്യോഗസ്‌ഥയുടെ മൊഴിയും പുറത്ത്‌ വന്നിട്ടുണ്ട്‌.

 

കൂടാതെ കേസന്വേഷിക്കുന്ന കസ്റ്റംസ്‌ സംഘത്തിൽ സ്വർണം കടത്തിയതിന്‌ സിബിഐ കേസിൽ പ്രതിയായ വനിതാ ഉദ്യോഗസ്ഥയുമുണ്ട്‌. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം കടത്തിയ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യപ്രതിയായ കസ്റ്റംസ്‌ സൂപ്രണ്ട്‌ ആൻസി ഫിലിപ്പാണ് ഈ ഉദ്യോഗസ്ഥ‌.

അന്വേഷകസംഘത്തിൽ ഔദ്യോഗികമായി ഇല്ലാത്ത ഇവരെ ഒരു ഉയർന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ അനധികൃതമായി ഉൾപ്പെടുത്തിയതാണെന്നും സൂചനയുണ്ട്‌. ഇവർ ജയിലിൽ ചെന്ന്‌ സ്വപ്‌ന സുരേഷിനൊപ്പം അഞ്ചു മണിക്കൂറാണ്‌ ചെലവഴിച്ചത്‌‌. സ്വപ്‌നയെ പലപ്പോഴായി ചോദ്യം ചെയ്‌തപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.ഇതും സംശയത്തിടയാക്കുന്നു.

 

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ തെളിവുകളും വസ്തുതകളും പുറത്തുവരുന്നത്.