കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌, ഇരിക്കൂറിൽ ഓഫീസ്‌ പൂട്ടി, ചാലക്കുടിയിൽ പ്രകടനം, രാജി ഭീഷണി

0
104

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാധ്യതാപട്ടിക ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസിൽ സംഘർഷം രൂക്ഷം. ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന്‌ പേർ പ്രകടനം നടത്തി.

തർക്കം രൂക്ഷമായി തുടരുന്ന കണ്ണൂർ ഇരിക്കൂറിൽ രണ്ടിടത്ത്‌ പാർടി ഓഫീസ്‌ എ ഗ്രൂപ്പുകാർ പൂട്ടി കരിങ്കൊടി കെട്ടി. ഉദുമയിലെ സാധ്യതാ സ്ഥാനാർഥിയുടെ പേര്‌ കേട്ടതോടെ‌ കാസർകോട്‌ ഡിസിസി പ്രസിഡന്റും അനുയായികളും രാജി ഭീഷണിമുഴക്കി.

പാലക്കാട്‌ എ വി ഗോപിനാഥും തുറന്ന പോര്‌ പ്രഖ്യാപിച്ചു. പാർടി വിട്ട പി സി ചാക്കോയ്‌ക്ക്‌ പിന്തുണയുമായി പി ജെ കുര്യൻ രംഗത്തെത്തിയതും നേതൃത്വത്തെ ഞെട്ടിച്ചു.

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കിയാൽ എതിർക്കുമെന്ന്‌ പള്ളുരുത്തി മേഖലയിൽ പോസ്‌റ്റർ. കോൺഗ്രസ്‌ വഞ്ചിച്ചെന്ന്‌ ആർഎസ്‌പി സെക്രട്ടറി എ എ അസീസ്‌ തുറന്നടിച്ചതോടെ യുഡിഎഫിലേക്കും കലാപം പടരുകയാണ്‌.

ഡൽഹിയിലെ സ്ഥാനാർഥി ചർച്ചയിലും തർക്കമാണ്‌. ഉമ്മൻചാണ്ടിയും ചെന്നിത്തലയും കെ സി വേണുഗോപാലും മുല്ലപ്പള്ളിയും ഇഷ്‌ടക്കാരെ പട്ടികയിൽ കയറ്റാൻ ആഞ്ഞു ശ്രമിക്കുകയാണ്‌.

കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ പേര്‌ ചാനലുകളിൽ പ്രചരിച്ചതോടെയാണ്‌ പ്രതിഷേധം ഉയർന്നത്‌. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കിയാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ചാലക്കുടിക്കാരനായ സ്ഥാനാർഥിതന്നെ വേണമെന്നും ആവശ്യപ്പെട്ട്‌ പ്രവർത്തകർ പ്രകടനം നടത്തി‌. എം പി ജാക്‌സന്‌ സീറ്റ്‌ നൽകാത്തതിൽ ഇരിങ്ങാലക്കുടയിലും കോൺഗ്രസ്‌ പൊട്ടിത്തെറിയുടെ വക്കിലാണ്‌.

ഇരിക്കൂറിൽ കെ സി വേണുഗോപാലിന്റെ അനുയായി സജീവ്‌ ജോസഫിന്റെ പേര്‌ വന്നതോടെയാണ്‌ എ ഗ്രൂപ്പ്‌ പ്രതിഷേധവുമായി ഇറങ്ങിയത്‌. ശ്രീകണ്‌ഠപുരത്തെ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവനും കരുവഞ്ചാലിലുള്ള ആലക്കോട്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസും പൂട്ടി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്‌റ്റ്യനെ സ്ഥാനാർഥിയാക്കണമെന്നാണ്‌ ആവശ്യം.

കാസർകോട് ഉദുമയിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയയെ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ്‌ ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽതന്നെ രംഗത്തുവന്നത്‌‌.

ബാലകൃഷ്‌ണനെ സ്ഥാനാർഥിയാക്കിയാൽ പാർടി വിടുമെന്ന്‌ ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറി കെ നീലകണ്‌ഠൻ, യുഡിഎഫ്‌ കൺവീനർ എ ഗോവിന്ദൻ നായർ, കെപിസിസി നിർവാഹക സമിതിയംഗം അഡ്വ. എ ഗോവിന്ദൻനായർ, ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ്‌ എന്നിവർ അറിയിച്ചു.

‌പുകച്ച്‌ പുറത്തുചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥ്‌ പറഞ്ഞു. പാർടിയിൽ മാറ്റം അനിവാര്യമാണ്‌. പുനഃസംഘടന ഉണ്ടായേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ സ്ഥാനാർഥികളെ തീരുമാനിക്കാൻ ഡൽഹി കേന്ദ്രീകരിച്ചുള്ള ചർച്ചകൾ പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങളിലേക്ക്‌ വഴിമാറി. എ, ഐ ഗ്രൂപ്പ്‌ സീറ്റുകൾ ഏകപക്ഷീയമായി വീതംവയ്‌ക്കുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്‌ചാത്തലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ്‌ പുതിയ കരുനീക്കം. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എംപി തുടങ്ങിയവരും വേണുഗോപാലിനൊപ്പമുണ്ട്‌.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും മുന്നോട്ടുവച്ച പല പേരുകളോടും ഹൈക്കമാൻഡ്‌‌ വിയോജിച്ചതിന് പിന്നിൽ വേണുഗോപാലാണെന്ന് എ, ഐ ഗ്രൂപ്പുകൾ കരുതുന്നു. എഐസിസി സർവേയുടെ പേരിലാണ്‌ ‌‌ പേരുകൾ ഹൈക്കമാൻഡ് വെട്ടുന്നത്.

ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തരായ കെ സി ജോസഫിനും കെ ബാബുവിനും പച്ചക്കൊടി കാട്ടാത്തത്‌ ഈ കുറുമുന്നണിയുടെ സ്വാധീനത്താലാണ്‌. വേണുഗോപാലിനെ മുന്നിൽ നിർത്തിയുള്ള മുല്ലപ്പള്ളിയുടെയും മറ്റുംനീക്കത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ക്ഷുഭിതരാണ്‌.

ഗ്രൂപ്പടിസ്ഥാനത്തിലുള്ള പല പേരുകളോടും ഹൈക്കമാൻഡ്‌‌ ‌ വിയോജിച്ചതിനാൽ ഡൽഹിയിൽ സീറ്റുചർച്ച അനന്തമായി നീളുന്നു‌. ബുധനാഴ്ചയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളിയുൾപ്പെടെ അവകാശപ്പെട്ടത്‌. വെള്ളിയാഴ്‌ച എന്തായാലും പ്രഖ്യാപനമുണ്ടാകുമെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

കെ സി ജോസഫ്‌ ഒഴികെ സിറ്റിങ്‌ എംഎൽഎമാരെല്ലാം സീറ്റുറപ്പിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറയിൽ കെ ബാബുവിനും കാഞ്ഞിരപ്പള്ളിയിൽ കെ സി ജോസഫിനുമായി ഉമ്മൻചാണ്ടി പരമാവധി സമ്മർദം ചെലുത്തിയെങ്കിലും ഹൈക്കമാൻഡ്‌‌ ‌ വഴങ്ങിയില്ല. ജോസഫ്‌ വാഴയ്‌ക്കന്‌ സീറ്റുറപ്പിക്കുന്നതിൽ ചെന്നിത്തല വിജയിച്ചതായാണ്‌ സൂചന.

കാഞ്ഞിരപ്പള്ളിയാകും‌ നൽകുക. തൃശൂരിൽ പത്‌മജ വേണുഗോപാലും ചാലക്കുടിയിൽ മാത്യു കുഴൽനാടനും സ്ഥാനാർഥികളാകും. കണ്ണൂരിൽ സതീശൻ പാച്ചേനിതന്നെ മൽസരിക്കും. ബാലുശ്ശേരിയിൽ നടൻ ധർമജനെ പരീക്ഷിക്കും. പി സി വിഷ്‌ണുനാഥ്‌ കൊട്ടാരക്കരയിലും ബിന്ദു കൃഷ്‌ണ കൊല്ലത്തും സ്ഥാനാർഥികളാകും.