കോൺഗ്രസ്സിൽ എന്ത് ജനാധിപത്യം ; ആഞ്ഞടിച്ച് പി സി ചാക്കോ

0
55
  • കെ വി

” കോൺഗ്രസ്സിൽ ജനാധിപത്യം നഷ്ടപ്പെട്ടു. ആത്മാഭിമാനമുള്ളവർക്ക് അതിൽ തുടരാനാകില്ല ” – പറയുന്നത് പി സി ചാക്കോയാണ് ; ദേശീയ കോൺഗ്രസ് വക്താവായിരുന്ന മുൻനിരക്കാരനായ മുതിർന്ന നേതാവ്. അഭിപ്രായത്തിന്റെ വിശ്വാസ്യതയ്ക്ക് , വാക്കുകളുടെ പൊരുളറിയാൻ അതിൽപരമെന്ത് വേണം …! കേരളത്തിൽനിന്നുള്ള കോൺഗ്രസ്സിലെ ഉന്നതരിൽ ഏതാണ്ട് എ കെ ആന്റണിയോളംതന്നെ ഡെൽഹിയിൽ തലപ്പൊക്കമുള്ള പ്രമുഖനാണ് ചാക്കോ. “നാഥനില്ലാക്കളരിയായ കോൺഗ്രസ്സിൽ ഗ്രൂപ്പുകളിയിൽ സാമർത്ഥ്യമുളളവർക്കും സ്തുതിപാഠകർക്കുമേ ഇടമുള്ളൂ ” എന്ന അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ എത്ര ശരിയാണ്… ശേഷിയുറ്റ നേതൃത്വമോ രാഷ്ട്രീയ ദിശാബോധമോ ഇല്ലാത്ത കോൺഗ്രസ്സിന്റെ എല്ലാ പോരായ്മകളും ബോധ്യപ്പെട്ട് പ്രതീക്ഷയറ്റാണ് ചാക്കോയുടെ പടിയിറക്കം.

എ ഐ സി സി യുടെ ഔദ്യോഗിക വക്താവായിരുന്നു ദീർഘകാലം ചാക്കോ . നാലുപ്രാവശ്യം ലോക്സഭാംഗമായ അദ്ദേഹം പാർലിമെന്റിലും പുറത്തും പല പ്രതിസന്ധികളിൽനിന്നും പാർട്ടിയെ രക്ഷിച്ചിട്ടുണ്ട് . മൻമോഹൻ സിംഗ് ഭരണത്തിലെ 2 ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിച്ച സംയുക്ത പാർലിമെന്ററി സമിതി അധ്യക്ഷനായിരുന്നു. ജെ പി സി റിപ്പോർട്ടിൽ കോൺഗ്രസ്സിന് രക്ഷാകവചം തീർത്തത് ചാക്കോയുടെ മിടുക്കാണ്. എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുമായും മകൻ രാഹുലുമായും നല്ല അടുപ്പത്തിലായിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനും വളരെ വിശ്വസ്തൻ. എന്നിട്ടും , കോൺഗ്രസ് ദയനീയ പതനത്തിലാണെന്നും അതിൽനിന്ന് കരകയറാൻ വഴിയില്ലെന്നും വ്യക്തമാക്കിയാണ് ചാക്കോ രാജിവെച്ചത്.

ദേശീയ പ്രവർത്തക സമിതിയിൽ ഉൾപ്പെടെ കോൺഗ്രസ്സിൽ സംഘടനാ തെരഞ്ഞെടുപ്പും ചർച്ചയുമില്ലാതായിട്ട് വർഷങ്ങൾ ഏറെയായി. എല്ലാ സ്ഥാനങ്ങളിലേക്കും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പും അവരോധിക്കലുമാണ്. സങ്കുചിത വ്യക്തിതാല്പര്യങ്ങൾക്കടിപ്പെട്ടുള്ള ഹൈക്കമാൻഡിന്റെ തെറ്റായ പോക്കിനെതിരെ ജി – 23 നേതാക്കൾ നേരത്തേ സംഘടനയ്ക്കുള്ളിൽ ശബ്ദമുയർത്തിയിരുന്നു. ശശി തരൂരും ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 ഉന്നതരുടെ ഗ്രൂപ്പാണത്. ദേശീയ നേതൃതലത്തിൽ ഉടൻ അഴിച്ചുപണി വേണമെന്നു കാണിച്ച് സോണിയാ ഗാന്ധിക്ക് ഈയിടെ ഇവർ കത്തെഴുതിയിരുന്നു. നേതൃരാഹിത്യം ചൂണ്ടിക്കാട്ടിയതിനൊപ്പം ദൗർബല്യങ്ങളും അക്കമിട്ട് നിരത്തിയ രേഖ പിന്നീട് വാർത്താ മാധ്യമങ്ങൾക്ക് നൽകുകയുമുണ്ടായി. ബി ജെ പിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൂട്ടപ്പലായനം തടയാനാവാത്തതും അതിൽ പരാമർശിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് കാശ്മീരിൽ ശ്രീനഗറിൽ യോഗംകൂടിയും വിമതപക്ഷം ആവശ്യം ആവർത്തിച്ചു. അവരോടൊപ്പം ചേർന്നില്ലെങ്കിലും അതേ പ്രശ്നങ്ങളാണ് പി സി ചാക്കോയും ഉന്നയിക്കുന്നത്.


സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം അവതാളത്തിലാക്കിയ ഗ്രൂപ്പുവടംവലിയെയും ചാക്കോ അതിനിശിതമായി വിമർശിക്കുന്നുണ്ട്. അർഹതയോ കഴിവോ നോക്കാതെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പുകൾ പരസ്പരം വിലപേശി സീറ്റുകൾ കൈയടക്കുകയാണ്. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ചുമതലയുളള നാല്പതംഗ കമ്മിറ്റിയുണ്ട്. രണ്ടുതവണ യോഗം ചേർന്നെങ്കിലും ഒരു ചർച്ചയും നടന്നില്ല. ഗ്രൂപ്പുകൾക്കതീതരായി നിൽക്കുന്ന നേതൃഗുണമുള്ളവരെ പിന്തുണയ്ക്കണമെന്ന് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, എ കെ ആന്റണി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അത് ചെവിക്കൊള്ളുന്നില്ല. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നോക്കുകുത്തിയാക്കി ഇരുഗ്രൂപ്പും കുതന്ത്രങ്ങൾ പറയറ്റുകയാണ്. ന്യായമായ വിധത്തിൽ ഇടപെടേണ്ട ഹൈക്കമാൻഡ് തലത്തിലുള്ളവർ നിസ്സംഗരായി നിൽക്കുന്നു – ഇത്രയും മോശമായ ജനാധിപത്യവിരുദ്ധ നടപടി മറ്റൊരു പാർട്ടിയിലുമുണ്ടാകില്ലെന്നാണ് ചാക്കോ തുറന്നുപറയുന്നത്.


കോൺഗ്രസ്സിനെ ഇല്ലാതാക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ നേരിടേണ്ടതുണ്ട്. അത് കഴിയാത്തത് കോൺഗ്രസ്സിനുള്ളിലെ ബലഹീനതകൊണ്ടാണ്. കേരളത്തിൽനിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചപ്പോൾ അത് ശരിയാണോയെന്ന് ചോദിച്ചിരുന്നു. ഇടതുപക്ഷം കോൺഗ്രസിന്റെ സുഹൃത്താണ്. അവർ ബി ജെ പിക്കെതിരായാണ് പൊരുതുന്നത്. അതൊക്കെ വിശദമാക്കിയിട്ടും പ്രതികരണമുണ്ടായില്ല. ഇത്തരം നിലപാടുകളോടുള്ള പ്രതിഷേധമാണ് രാജി എന്നാണ് പി സി ചാക്കോ മാധ്യമപ്രവർത്തകരെ അറിയിച്ചത്. സ്വതവേ മോങ്ങുന്ന കോൺഗ്രസ്സിന് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ വലിയ ക്ഷീണമാണേല്പിക്കുന്നത്. കേരളത്തിലെ സംഘടനാപ്രശ്നങ്ങളിൽ ചാക്കോയെ അനുകൂലിച്ച് മുൻ എം പി യും സീനിയർ കോൺഗ്രസ് നേതാവുമായ പി ജെ കുര്യനും രംഗത്ത് വന്നിട്ടുണ്ട്.