നന്ദിഗ്രാമിൽ മമതയ്ക്ക് നേരെ ആക്രമണം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

0
81

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമണത്തിനിരയായെന്ന് റിപ്പോര്‍ട്ട്. തന്നെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലില്‍ മുറിവ് പറ്റിയതായാണ് റിപ്പോര്‍ട്ട്.

റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭം നടന്നത്. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.

നിലവില്‍ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ഉള്ളത്. അവരുടെ കാലിന് ചികിത്സ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച നന്ദിഗ്രാമില്‍ തങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി ഇന്നുതന്നെ കൊല്‍ക്കത്തയ്ക്ക് മടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന ബിജെപിയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബംഗാള്‍ പോലീസ് മേധാവിയെ തിരഞ്ഞടുപ്പ് കമ്മീഷന്‍ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കുനേരെ ആക്രമണം ഉണ്ടായതായുള്ള മമതയുടെ ആരോപണം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിക്കപ്പെട്ടതായുള്ള മമതയുടെ ആരോപണം നാടകമാണെന്ന് ബിജെപി ആരോപിച്ചു. മമതയെ ആക്രമിച്ചത് താലിബാന്‍ ആണോ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ് പരിഹസിച്ചു. മമതയ്ക്ക് അകമ്പടിയായി വലിയ പോലീസ് സന്നാഹമുണ്ട്. ആര്‍ക്കാണ് അവരുടെഅടുത്ത് എത്തിച്ചേരാന്‍ കഴിയുക. സഹാനുഭൂതിക്കുവേണ്ടിയുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.