പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി,മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം

0
92

നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥികളുടെ മണ്ഡലം കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും ഉടൻ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണം നടത്തും.മുതിർന്ന നേതാക്കൾ നേതൃത്വം നൽകുന്ന കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ്.

സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കൺവെൻഷനുകൾ പൂർത്തിയാക്കാനാണ് മുന്നണി ആലോചിക്കുന്നത്. തുടർന്ന് പ്രധാനനേതാക്കളുടെ സംസ്ഥാന പര്യടനം ആരംഭിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലകളിലും പ്രചാരണത്തിൽ പങ്കെടുക്കും. കാനം രാജേന്ദ്രൻ, എ. വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, ജോസ് കെ. മാണി എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകും. സീതാറാം യെച്ചൂരി, എച്ച്. രാജ, ശരദ് പവാർ, എച്ച്.ഡി. ദേവഗൌഡ എന്നിവരും വിവിധ സമയങ്ങളിൽ പ്രചരണത്തിന്റെ ഭാഗമാകും.