എൽഡിഎഫ്‌ കൂടുതൽ സീറ്റുമായി സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വരും: കാനം രാജേന്ദ്രൻ

0
96

സംസ്ഥാനത്ത്‌ എൽഡിഎഫ്‌ കൂടുതൽ സീറ്റുമായി വീണ്ടും അധികാരത്തിൽ വരുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണ തുടർച്ച ഉറപ്പാക്കുന്നതായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്‌ ഫലം.

അഞ്ച്‌ വർഷത്തെ ഭരണ നേട്ടം എൽഡിഎഫിന്റെ ജന പിന്തുണ വർധിപ്പിച്ചുവെന്നതാണ്‌ അനുഭവം. പ്രതിപക്ഷം സർക്കാരിനും മുന്നണിക്കുമെതിരെ അതിശക്തമായ പ്രചാരണം നടത്തിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻ വിജയം നേടാനായി.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഗവൺമെന്റിനെ ഇരുട്ടിൽ നിർത്തി കടന്നക്രമിക്കുകയെന്ന തന്ത്രമാണ്‌ യുഡിഎഫ്‌ പയറ്റിയത്‌. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ അവർക്ക്‌ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം.

നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റോടെ ജയം ആവർത്തിക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം എൽഡിഎഫിന്‌ ലഭിക്കും. സീറ്റ്‌ കുറഞ്ഞെന്ന പരിഭവം മുന്നണിയിലെ ഒരു ഘടക കക്ഷിക്കുമില്ല. ഉഭയ കക്ഷി സമ്മത പ്രകാരമാണ്‌ സീറ്റ്‌ വിഭജനം നടന്നത്‌. എൽഡിഎഫിൽ എല്ലാ പാർടികൾക്കും ഒരേ പരിഗണനയാണ്‌.

കേരളത്തിൽ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വൈകാരികമായ ചില പ്രകടനങ്ങൾ നടക്കാറുണ്ട്‌. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ എൽഡിഎഫിനും ബന്ധപ്പെട്ട കക്ഷികൾക്കും കഴിയും. സിപിഐയുടെ അവശേഷിക്കുന്ന നാല്‌ സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ട്‌ ദിവസത്തിനകം പ്രഖ്യാപിക്കും.

39 വർഷം യുഡിഎഫിന്റെ ഭാഗമായിരുന്നു കേരള കോൺഗ്രസ്‌ (എം) എൽഡിഎഫിലേക്ക്‌ വന്നത്‌ വലിയ മാറ്റമാണ്‌. യുഡിഎഫും ബിജെപിയും സഖ്യമെന്ന നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌.

കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ നയത്തിന്‌ കോൺഗ്രസ്‌ പിന്തുണ നൽകുകയാണ്‌. കേരളത്തിന്‌ പുറത്ത്‌ കേന്ദ്ര ഏജൻസികളുടെ ഏറ്റവും വലിയ ഇര കോൺഗ്രസാണെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. സ്വർണ കടത്ത്‌ അന്വേഷണത്തിന്‌പകരം വാർത്ത സൃഷ്ടിക്കുന്ന പണി മാത്രമാണ്‌ കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെന്നും കാനം വ്യക്തമാക്കി.