ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി(ജെഎൻയു) സ്റ്റുഡൻസ് യൂണിയൻ ചെയർ പേഴ്സൺ ഐഷെ ഘോഷ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
ബർദ്വമാൻ ജില്ലയിലെ ജാമുരിയയിൽ നിന്ന് സിപിഐ എം സ്ഥാനാർത്ഥിയായാണ് ഐഷെ ഘോഷ് ജനവിധി തേടുന്നത്.ജെ.എൻ.യു ഗവേഷക വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ ദിപ്‌സിത ദറും തെരഞ്ഞെടുപ്പിൽ മത്സരിക്കും.
ബംഗാളിലെ ബാലിയിൽ നിന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്‌സിത ജനവിധി തേടുന്നത്. കനത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള നന്ദിഗ്രാമിൽ ബംഗാൾ ഡി.വൈ.എഫ്.ഐ അധ്യക്ഷ മീനാക്ഷി മുഖർജിയാണ് സി.പി.എം സ്ഥാനാർഥി.
ഇടതുമുന്നണി ചെയർമാൻ ബിമൻ ബസുവാണ് മീനാക്ഷിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ സഖ്യകക്ഷിയായ ഐ.എസ്.എഫിന് സീറ്റ് വിട്ടുനൽകാൻ ധാരണയായിരുന്നു. എന്നാൽ മമത നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ മണ്ഡലം സി.പി.ഐ.എം ഏറ്റെടുക്കുകയായിരുന്നു. ഇതിന് മുൻപെല്ലാം കൊൽക്കത്തയിലെ ഭാബനിപൂരിലെ സീറ്റിൽ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്.
294 അംഗ ബംഗാൾ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് ബംഗാൾ തെരഞ്ഞെടുപ്പ്.
എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകളുടെ നിരവധി മുൻ ഭാരവാഹികളും പട്ടികയിൽ ഇടം പിടിച്ചു.സ്ഥാനാർത്ഥികളിൽ നിരവധി പേർ പുതുമുഖങ്ങളാണ് . യുവാക്കൾക്കും വനിതകൾക്കും മികച്ച പ്രാതിനിധ്യമാണുള്ളത്. 38 പേർ 40 വയസ്സിന് താഴെയുള്ളവരാണ്. 28 പേർ വനിത സ്ഥാനാർത്ഥികളാണ്.