BREAKING… വിവാദ കസ്റ്റംസ് ഉദ്യോ​ഗസ്ഥ സ്വപ്നയെ ജയിലിൽ സന്ദർശിച്ചതെന്തിന്

0
87

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംവഴി കസ്റ്റംസ്‌ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ സ്വർണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്ന സുരേഷിനെ സന്ദർശിച്ചതിൽ ദുരൂഹത. ഇതു സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്വർണ്ണ കടത്തു കേസിൽ പ്രതിയായ കസ്റ്റംസ് സൂപ്രണ്ടന്റ് ആൻസി ഫിലിപ്പ് രണ്ടു തവണയാണ് സ്വപ്നയെ ജയിലിൽ സന്ദർശിച്ചത്. 2020 ഒക്ടോബർ 15നായിരുന്നു ആദ്യ സന്ദർശനം. അന്ന് അ‍ഞ്ച് മണിക്കൂറാണ് ഇവർ സ്വപ്നയോടൊത്ത് ജയിലിൽ ചെലവഴിച്ചത്. കൊഫേപോസ കേസിൻ്റെ ഉത്തരവ് നൽകാൻ എന്ന പേരിലായിരുന്നു സന്ദർശനം.

ആൻസിയുടെ സന്ദർശനത്തിന് ശേഷമാണ് ഡോളർ കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. നവംബർ 18 നാണ് കസ്റ്റംസ് സ്വപ്നയെ ചോദ്യംചെയ്യുന്നത്. തുടർന്ന് 19 ന് അറസ്റ്റു ചെയ്തു, നവംബർ 19 ന് അറസ്റ്റ് രേഖപ്പെടുത്താനും ആൻസി ഫിലിപ്പ് എത്തിയിരുന്നു. നവംബർ 25 ന് കസ്റ്റഡിയിൽ വാങ്ങി, ഡിസംബർ മൂന്നിന് രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

2018 ൽ തിരുവനന്തപുരം വിമാനതാവളം മുപ്പത്‌ ലക്ഷം രൂപ വിലയുള്ള ഒരു കിലോ സ്വർണ്ണം കടത്തിയ കേസിൽ ആൻസി ഫിലിപ്പ് പ്രതിയായിരുന്നു. കേസ് അന്വേഷിച്ച സിബിഐ ആൻസി ഫിലിപ്പിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡി.ആർ.ഐ. ഉദ്യോഗസ്ഥർ‌ പിടികൂടിയ പ്രതികളെ‌ പിന്നീട്‌ കേസ്‌ സി.ബി.ഐ.ക്ക്‌ കൈമാറുകയായിരുന്നു. മറ്റൊരു കസ്റ്റംസ്‌ സൂപ്രണ്ടായ സജ്ജീവ്‌ കേസിൽ മാപ്പുസാക്ഷിയാകുകയും പ്രതികൾക്കെതിരേ മൊഴി നൽകുകയും ചെയ്തത് അന്ന് കേസിലെ വഴിത്തിരിവായി. വിവാദ കസ്റ്റംസ് ഉദ്യോ​ഗ്യസ്ഥയ്ക്കെതിരെ അന്ന് നടപടി ഇല്ലാതെ സംരക്ഷിച്ചത് കസ്റ്റംസിലെ ഒരു ഉന്നത ഉദ്യോ​ഗസ്ഥാനാണെന്നാണ് സൂചന. ഇതിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ ഇടപെടലുണ്ടായതായും സൂചനയുണ്ട്.

ചെന്നൈയിൽ നിന്നും ഡെപ്യൂട്ടേഷനിലാണ് ആൻസി ഫിലിപ്പ് തിരുവനന്തപുരത്ത് എത്തുന്നത്. ഉദ്യോ​ഗസ്ഥർ കേസിൽ പ്രതിയായാൽ ഡെപ്യൂട്ടേഷൻ അവസാനിക്കണം എന്നാണ് ചട്ടം, എന്നാൽ ആൻസി ഫിലിപ്പിനെ എയർപോർട്ടിൽ നിന്നും കാർഗോയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. കാർഗോയിലേക്ക് മാറ്റിയതും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിൻ്റെ അറിവോടെയാണെന്ന് സൂചനയുണ്ട്. വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ ജയിൽ സന്ദർശനം ദുരൂഹമാകുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നത്.